അമൃത്സര്‍: പഞ്ചാബില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സുരക്ഷയില്‍ വന്‍ വീഴ്ചയെന്ന് കേന്ദ്ര അഭ്യന്തരമന്ത്രാലയം. പഞ്ചാബില്‍ തെരഞ്ഞെടുപ്പ് പ്രചാരണ റാലിയില്‍ പങ്കെടുക്കാനെത്തിയ പ്രധാനമന്ത്രിയെ കര്‍ഷക സംഘടനകള്‍ വഴിയില്‍ തടഞ്ഞു. ഇതേ തുടര്‍ന്ന് ബട്ടിന്‍ഡയിലെ മേല്‍പ്പാലത്തില്‍ പ്രധാനമന്ത്രി 20 മിനിറ്റോളമാണ് കുടുങ്ങിയത്.
ഹുസൈനിവാലയിലെ ദേശീയ രക്തസാക്ഷി സ്മാരകം സന്ദര്‍ശിക്കുന്നതിനാണ് പ്രധാനമന്ത്രി രാവിലെ ബതിന്ദ വിമാനത്താവളത്തില്‍ എത്തിയത്. ഹെലികോപ്റ്ററിലാണ് അദ്ദേഹത്തെ വേദിയിലേക്ക് കൊണ്ടുപോകേണ്ടിയിരുന്നത്. എന്നാല്‍ കാലാവസ്ഥ മോശമായതിനാല്‍ പിന്നീട് റോഡ് മാര്‍ഗം രക്തസാക്ഷി സ്മാരകം സന്ദര്‍ശിക്കാന്‍ തീരുമാനിച്ചു.
പഞ്ചാബ് പോലീസിന്റെ ആവശ്യമായ സുരക്ഷാ ക്രമീകരണങ്ങള്‍ സ്ഥിരീകരിച്ചതിന് ശേഷമാണ് പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം റോഡ് മാര്‍ഗം യാത്ര തിരിച്ചത്. എന്നാല്‍ സ്മാരകത്തിന് 30 കിലോമീറ്റര്‍ അകലെ പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം ഒരു മേല്‍പ്പാലത്തില്‍ എത്തിയപ്പോള്‍ പ്രതിഷേധക്കാര്‍ റോഡ് തടയുകയായിരുന്നു.
പഞ്ചാബ് സര്‍ക്കാര്‍ പ്രധാനമന്ത്രിക്ക് സുരക്ഷ ഒരുക്കിയില്ലെന്നും കേന്ദ്ര ആഭ്യന്തരമന്ത്രാലയം ആരോപിച്ചു. അതേസമയം, സുരക്ഷാ വീഴ്ചയുണ്ടായിട്ടില്ലെന്ന് പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ജിത് സിംഗ് ചന്നി വിശദീകരിച്ചു. പ്രധാനമന്ത്രിയുടെ ഇന്നത്തെ പഞ്ചാബിലെ റാലികള്‍ റദ്ദാക്കുകയും ചെയ്തിട്ടുണ്ട്. മഴ മൂലം റദ്ദാക്കുന്നതായാണ് വിശദീകരണം. പ്രധാനമന്ത്രി ഉത്തര്‍പ്രദേശിലെ ലക്‌നോവില്‍ നടത്താനിരുന്ന റാലിയും റദ്ദാക്കിയിട്ടുണ്ട്.