29.5 C
Kottayam
Monday, May 6, 2024

ഗുസ്തിതാരങ്ങൾക്ക് പിന്തുണയുമായി കർഷകർ ജന്തർ മന്തറിലേക്ക്; സുരക്ഷ ശക്തമാക്കി

Must read

ന്യൂഡല്‍ഹി: റെസ്‌ലിങ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ (ഡബ്ല്യൂ.എഫ്.ഐ.)യുടെ പ്രസിഡന്റ് ബ്രിജ് ഭൂഷണ്‍ സിങ്ങിനെതിരേ ഗുസ്തിതാരങ്ങള്‍ നടത്തുന്ന സമരത്തിന് പിന്തുണയുമായി നിരവധി കര്‍ഷകര്‍ എത്തുമെന്ന് സംയുക്ത കിസാന്‍ മോര്‍ച്ച (എസ്.കെ.എം.) അറിയിച്ചതിന് പിന്നാലെ ജന്തര്‍ മന്തറില്‍ സുരക്ഷ ശക്തമാക്കി.

ഞായറാഴ്ച ആയിരക്കണക്കിന് കര്‍ഷകര്‍ ഗുസ്തി താരങ്ങള്‍ക്ക് പിന്തുണയുമായി തലസ്ഥാനത്തേക്ക് എത്തിച്ചേരുമെന്നാണ് കരുതപ്പെടുന്നത്. എസ്.കെ.എം. നേതാക്കളായ രാകേഷ് ടിക്കായത്ത്, ഹന്നന്‍ മൊല്ല തുടങ്ങിയവര്‍ ജന്തര്‍ മന്തറിലെത്തി ഗുസ്തിതാരങ്ങളെ കണ്ടു.

പഞ്ചാബ്, ഹരിയാണ, ഡല്‍ഹി, ഉത്തര്‍ പ്രദേശ് തുടങ്ങിയിടങ്ങളില്‍നിന്ന് എസ്.കെ.എമ്മിന്റെ നിരവധി നേതാക്കള്‍ ജന്തര്‍ മന്തറില്‍ എത്തി ഗുസ്തിതാരങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുമെന്ന് എസ്.കെ.എം. ശനിയാഴ്ച പ്രസ്താവനയില്‍ അറിയിച്ചിരുന്നു.

ഡല്‍ഹിയിലേക്ക് കടക്കാന്‍ ശ്രമിച്ച ഒരു സംഘം കര്‍ഷകരെ പോലീസ് ടിക്രി അതിര്‍ത്തിയില്‍ തടഞ്ഞുവെന്നാണ് വിവരം. ഗുസ്തിതാരങ്ങള്‍ക്ക് പൂര്‍ണ പിന്തുണ നല്‍കുന്നുവെന്നും ഭാവി നടപടികള്‍ ഞായറാഴ്ച തീരുമാനിക്കുമെന്നും എസ്.കെ.എം. നേതാവ് രാകേഷ് ടികായത്ത് നേരത്തെ വ്യക്തമാക്കിയിരുന്നു.

ഗുസ്തി താരങ്ങളുടെ ലൈംഗിക ചൂഷണ പരാതിയുടെ അടിസ്ഥാനത്തില്‍ ബ്രിജ് ഭൂഷണ്‍ സിങ്ങിനെ അറസ്റ്റ് ചെയ്യണമെന്നും സ്ഥാനത്തുനിന്ന് നീക്കണമെന്നും ആവശ്യപ്പെട്ട് ബജ്‌രംഗ് പൂനിയ, വിനേഷ് ഫോഗട്ട്, സാക്ഷി മല്ലിക് ഉള്‍പ്പെടെയുള്ള ഗുസ്തി താരങ്ങള്‍ കഴിഞ്ഞ പത്തുദിവസമായി ജന്തര്‍ മന്തറില്‍ പ്രതിഷേധത്തിലാണ്. ബ്രിജ് ഭൂഷണെ അറസ്റ്റ് ചെയ്യുകയും അഴിയ്ക്കുള്ളില്‍ അടയ്ക്കുകയും ചെയ്യാതെ സമരം അവസാനിപ്പിക്കില്ലെന്ന നിലപാടിലാണ് ഗുസ്തി താരങ്ങള്‍.

അതേസമയം താരങ്ങള്‍ ഉന്നയിച്ച ആരോപണങ്ങള്‍ തെറ്റാണെന്നാണ് ബ്രിജ് ഭൂഷണ്‍ സിങ്ങിന്റെ വാദം. തനിക്കെതിരേയുള്ള ഏതെങ്കിലും ഒരു ആരോപണം തെളിയിച്ചാല്‍ തൂങ്ങിമരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഡല്‍ഹിയുടെ അതിര്‍ത്തി മേഖലയില്‍ സുരക്ഷാ പരിശോധനയും പട്രോളിങ്ങും വര്‍ധിപ്പിച്ചിട്ടുണ്ട്.

ഹരിയാണ, പഞ്ചാബ്, ഹിമാചല്‍ പ്രദേശ്, ജമ്മു കശ്മിര്‍ തുടങ്ങിയിടങ്ങളുമായി ഡല്‍ഹിയെ ബന്ധിപ്പിക്കുന്ന ദേശിയപാത 44-ലും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. 200 ഡല്‍ഹി പോലീസ് ഉദ്യോഗസ്ഥരെയും ഒരു കമ്പനി പാരാമിലിട്ടറി ഉദ്യോഗസ്ഥരെയും ടിക്രി അതിര്‍ത്തി, നാങ്‌ലോയി ചൗക്ക്, പീരാഗഢി ചൗക്ക്, മുന്ദ്ക ചൗക്ക് തുടങ്ങിയിടങ്ങളിലായി വിന്യസിച്ചിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week