24.7 C
Kottayam
Sunday, May 19, 2024

സ്വന്തം കഴുത്തിൽ ഷാൾചുറ്റി പ്രണയരംഗം അഭിനയിച്ചു; ഉച്ചയ്ക്ക് കൊല,മൂന്നുമണിക്ക് പുതിയ റീലും,അഖില്‍ കൊടുംകുറ്റവാളികള്‍

Must read

തൃശൂര്‍: സൂപ്പര്‍മാര്‍ക്കറ്റിലെ സഹജീവനക്കാരി, ചെങ്ങല്‍ സ്വദേശി ആതിരയെ സുഹൃത്ത് അഖില്‍ കൊലപ്പെടുത്തിയത് വളരെ ആസൂത്രിതമായി. തെളിവുകള്‍ ഒന്നും ബാക്കിവെയ്ക്കാതെ കൃത്യം നിര്‍വഹിക്കാനായിരുന്നു ശ്രമം. കൊലയ്ക്കുശേഷം പോലീസിനു മുന്നില്‍ പ്രതി പതറാതെ പിടിച്ചുനിന്നു. എന്നാല്‍, പോലീസ് അതിവിദഗ്ദ്ധമായി നീങ്ങി തെളിവുകള്‍ കണ്ടെത്തിയതോടെയാണ് കുറ്റം ഏറ്റുപറയേണ്ടിവന്നത്.

29-ന് അതിരപ്പിള്ളിയിലേക്ക് പോകാന്‍ വല്ലം കവലയില്‍ കാത്തുനിന്ന ആതിരയെക്കൂട്ടി അഖില്‍ അങ്കമാലിയിലെ സൂപ്പര്‍മാര്‍ക്കറ്റിലെത്തി. ആതിരയെ കാറില്‍ തന്നെ ഇരുത്തി, സൂപ്പര്‍മാര്‍ക്കറ്റിലെത്തി താന്‍ ഇവിടെതന്നെ ഉണ്ടെന്ന് സ്ഥാപിച്ചു. തുടര്‍ന്ന് കാറില്‍ അതിരപ്പിള്ളിക്കു പോയി.

ഉച്ചയോടെ കൊലപാതകം നടന്നതായാണ് പോലീസ് പറഞ്ഞത്. തന്ത്രപരമായാണ് കൊലപ്പെടുത്തിയതെന്ന് അഖിലിന്റെ മൊഴികളില്‍നിന്ന് വ്യക്തം. ആദ്യം സ്വന്തം കഴുത്തില്‍ ഷാള്‍ ചുറ്റി പ്രണയരംഗം അഭിനയിച്ചു. തുടര്‍ന്ന്, സ്‌നേഹഭാവത്തില്‍ ഷാള്‍ ആതിരയുടെ കഴുത്തില്‍ ചുറ്റി പൊടുന്നനെ ശക്തമായി വരിഞ്ഞുമുറുക്കുകയായിരുന്നു. കഴുത്തില്‍ അമര്‍ത്തി ചവിട്ടി മരണം ഉറപ്പാക്കി. പാറയിടുക്കില്‍ മൃതദേഹം ഒളിപ്പിച്ചു.

ആതിരയുടെ കഴുത്തില്‍ കിടന്ന സ്വര്‍ണമാലയും കൈക്കലാക്കി. ഇത് അങ്കമാലിയില്‍ പണയപ്പെടുത്തി. കൊലപാതക സമയത്ത് ധരിച്ചിരുന്ന വസ്ത്രങ്ങള്‍ പുഴയില്‍ ഒഴുക്കിക്കളഞ്ഞു. പിന്നെ ഒരു കൂസലുമില്ലാതെ പതിവുജീവിതത്തിലേക്ക് കടന്നു. മൂന്നു മണിയോടെ ഇന്‍സ്റ്റഗ്രാമില്‍ പുതിയ റീല്‍ പോസ്റ്റ് ചെയ്യുകയും ചെയ്തു.

ആതിരയോട് ഫോണ്‍ എടുക്കണ്ട എന്നു പറഞ്ഞതും സ്വന്തം ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തതും കരുതിക്കൂട്ടിയാണ്. അതിരപ്പിള്ളിക്കു പോകാന്‍ വാടകയ്ക്ക് എടുത്ത കാറിന്റെ ഉടമയില്‍നിന്ന്, കാറെടുത്തത് അഖിലാണെന്ന് വ്യക്തമായി. വഴിയിലെ സി.സി.ടി.വി. ക്യാമറകള്‍ പരിശോധിച്ചപ്പോള്‍ വ്യക്തമായ തെളിവുകള്‍ ലഭിച്ചു.ആതിരയുടെ ഫോണില്‍ അഖിലുമായി നടത്തിയ ചാറ്റുകള്‍ ഇരുവരും തമ്മിലുള്ള അടുപ്പം വ്യക്തമാക്കുന്നവയായിരുന്നു.

ആദ്യം ചോദ്യം ചെയ്യാന്‍ പോലീസ് വിളിപ്പിച്ചപ്പോള്‍ ഒരു ഭാവവ്യത്യാസവുമില്ലാതെയാണ് പെരുമാറിയത്. ആതിര ഫെയ്സ് ബുക്ക് ഫ്രണ്ട് മാത്രം എന്നാണ് പറഞ്ഞത്. രണ്ടാമത് വിളിപ്പിച്ച് പോലീസ് കാര്‍ യാത്രയുടെ വിവരങ്ങള്‍ തിരക്കി. ബന്ധുവീട്ടില്‍ പോകണമെന്ന് പറഞ്ഞപ്പോള്‍ കൊണ്ടുപോയതാണെന്നും ചൊക്ളി എന്ന സ്ഥലത്ത് ഇറക്കിവിട്ടെന്നുമാണ് പറഞ്ഞത്. മൂന്നാംവട്ടം പോലീസ് കൂടുതല്‍ തെളിവുകള്‍ നിരത്തിയതോടെ പിടിച്ചുനില്‍ക്കാനാകാതെ കുറ്റസമ്മതം നടത്തുകയായിരുന്നു. തുടര്‍ന്ന് കാലടി എസ്.എച്ച്. ഒ., എന്‍.എ. അനൂപിന്റെ നേതൃത്വത്തിലുള്ള സംഘം ഫോറസ്റ്റ് ഉദ്യോഗസ്ഥരെ കൂട്ടി അര്‍ധരാത്രി തന്നെ വനത്തില്‍ തിരച്ചില്‍ നടത്തി. പുലര്‍ച്ചെ ഒരുമണിയോടെ മൃതദേഹം കണ്ടെത്തി.

കോടതി റിമാന്‍ഡ് ചെയ്ത പ്രതിയെ തിങ്കളാഴ്ച കസ്റ്റഡിയില്‍ വാങ്ങും. ആനത്താരയുള്ള ഉള്‍ക്കാട്ടില്‍ ആദ്യമായാണ് വന്നിട്ടുള്ളത് എന്നാണ് പ്രതി പറയുന്നത്. എന്നാല്‍, പരിചയമില്ലാത്തവര്‍ക്ക് എത്തിപ്പെടാനാകാത്ത സ്ഥലമാണിതെന്ന് ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇന്‍സ്റ്റഗ്രാമില്‍ പതിനായിരത്തിലേറെ ഫോളോവേഴ്സ് ഇയാള്‍ക്കുണ്ട്. അധികവും പെണ്‍കുട്ടികളാണ്. സൗഹൃദങ്ങള്‍ മുതലെടുത്ത് ഇയാള്‍ കൂടുതല്‍ ആളുകളില്‍നിന്ന് പണം തട്ടിയിട്ടുണ്ടെന്ന സംശയവും ബലപ്പെട്ടിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week