27.8 C
Kottayam
Tuesday, May 28, 2024

‘ലഹരി ആരും വായിൽ കുത്തിക്കേറ്റി തരില്ല, മകന് ബോധമുണ്ടെങ്കിൽ ഉപയോ​ഗിക്കില്ല’; ടിനി ടോമിനെ തള്ളി ധ്യാൻ

Must read

കൊച്ചി:സിനിമാ മേഖലയിലെ ലഹരി ഉപയോ​ഗത്തെക്കുറിച്ചുള്ള ടിനി ടോമിന്റെ പ്രസ്താവന തള്ളി ധ്യാൻ ശ്രീനിവാസൻ. ലഹരി ആരും കുത്തിക്കയറ്റിത്തരില്ലെന്നും മകന് ബോധമുണ്ടെങ്കിൽ ഇതൊന്നും ഉപയോ​ഗിക്കില്ലെന്നും ധ്യാൻ പറഞ്ഞു.

‘ഒരുത്തൻ നശിക്കണമെന്ന് തീരുമാനിച്ചാൽ അവൻ നശിക്കും. ലഹരി ഉപയോ​ഗിക്കേണ്ട, അതൊരു മോശം കാര്യമാണെന്ന് മകന് ബോധമുണ്ടെങ്കിൽ അവൻ ഉപയോ​ഗിക്കില്ലല്ലോ. അല്ലാതെ ഈ പറഞ്ഞ സാധനങ്ങളൊന്നും ആരും വായ്ക്കകത്ത് കുത്തിക്കേറ്റി തരില്ല. ബോധം ഉള്ള ഒരുത്തനാണെങ്കിൽ അവൻ ഉപയോ​ഗിക്കില്ല, അത്രേ ഉള്ളൂ’, ധ്യാൻ പറഞ്ഞു.

ഒരു പ്രമുഖ നടന്റെ മകനായി അഭിനയിക്കാന്‍ അവസരം ലഭിച്ചിട്ടും തന്റെ മകനെ സിനിമയില്‍ അഭിനയിക്കാന്‍ വിട്ടില്ലെന്നായിരുന്നു ടിനി ടോം കഴിഞ്ഞ ദിവസം പറഞ്ഞത്. സിനിമ ലൊക്കേഷനുകളിലെ ലഹരി ഉപയോഗത്തെക്കുറിച്ചുള്ള ഭയം കാരണമാണ് ഭാര്യ മകനെ അഭിനയിക്കാന്‍ വിടാത്തതെന്ന് ടിനി പറഞ്ഞു. ലഹരിക്കെതിരായ പോലീസിന്റെ ‘യോദ്ധാവ്’ ബോധവത്കരണ പരിപാടിയുടെ അംബാസഡര്‍ കൂടിയാണ് ടിനി ടോം.

‘സിനിമയില്‍ ഒരു വലിയ നടന്റെ മകന്റെ വേഷത്തില്‍ അഭിനയിക്കാന്‍ എന്റെ മകന് അവസരം ലഭിച്ചു. പക്ഷേ, മകനെ സിനിമയില്‍ അഭിനയിക്കാന്‍ വിടാന്‍ പറ്റില്ലെന്ന് എന്റെ ഭാര്യ പറഞ്ഞു. മയക്കുമരുന്നിനെക്കുറിച്ചായിരുന്നു ഭയം. 17-18 വയസ്സിലാണ് കുട്ടികള്‍ വഴി തെറ്റുന്നത്. എനിക്ക് ഒരു മകനേയുള്ളു. യുവാക്കളെ നശിപ്പിക്കുന്ന മഹാമാരിയാണ് ലഹരി. ഇതിനെതിരേ യുവാക്കളാണ് മുന്നില്‍ നില്‍ക്കേണ്ടത്. കല നമ്മുടെ ലഹരിയായി മാറട്ടെ, എന്നായിരുന്നു ടിനി ടോം പറഞ്ഞത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week