KeralaNews

ട്രാക്ടർ റാലിയ്ക്ക് അനുവദിച്ച സമയം കഴിഞ്ഞു, ഡൽഹിയിൽ സംഘർഷം തുടരുന്നു

ദില്ലി: കർഷകസംഘടനകളുടെ ട്രാക്ടർ മാർച്ചിനിടെ രാജ്യതലസ്ഥാനത്തുണ്ടായ സംഘർഷം തുടരുന്നു. പകൽ 12 മണി മുതൽ വൈകിട്ട് അഞ്ച് മണി വരെയാണ് ട്രാക്ടർ മാർച്ചിന് ദില്ലി പൊലീസ് അനുമതി നൽകിയതെന്നിരിക്കെ അഞ്ച് മണി കഴിഞ്ഞും ദില്ലിയിലെ ചെങ്കോട്ടയിലും ഐടിഒ മേഖലയിലും സമരക്കാരും ദില്ലി പൊലീസും തമ്മിൽ ഏറ്റുമുട്ടുകയാണ്.

ചെങ്കോട്ടയിലോ ഐടിഒയിലോ തുടരാൻ സമരക്കാർ തീരുമാനിക്കുകയോ അല്ലെങ്കിൽ ഇന്ത്യാ ഗേറ്റിലേക്കോ രാംലീലാ മൈതാനിയിലേക്കോ നീങ്ങുകയോ ചെയ്താൽ ദില്ലി പൊലീസിന് അതു വലിയ വെല്ലുവിളിയാവും സൃഷ്ടിക്കുക. സമരക്കാരെ കൈകാര്യം ചെയ്യുന്നത് സംബന്ധിച്ച് ആഭ്യന്തരമന്ത്രാലയത്തിൽ ഇപ്പോഴും ചർച്ചകൾ തുടരുകയാണ്. ട്രാക്ടറുകളുമായി റാലിക്ക് എത്തിയ എല്ലാവരും ഉടനെ സ്വന്തം സ്ഥലത്തേക്ക് തിരിച്ചു പോകണമെന്ന് കർഷകസംഘടനകൾ ആവശ്യപ്പെട്ടെങ്കിലും പിന്മമാറാൻ പ്രതിഷേധക്കാർ തയ്യാറായിട്ടില്ല.

റിപ്പബ്ളിക് ദിനത്തിൽ രാജ്യതലസ്ഥാനത്തുണ്ടായ സംഘർഷത്തെ അപലപിച്ച സംയുക്തസമരസമിതി സമരത്തിലേക്ക് സാമൂഹികവിരുദ്ധർ നുഴഞ്ഞു കയറിയതായും ആരോപിച്ചു. ഒരു ലക്ഷത്തോളം ട്രാക്ടറുകൾ വിവിധ സംസ്ഥാനങ്ങളിൽ നിന്നായി ദില്ലിയിൽ എത്തിയെന്നും ഇവയിൽ ഭൂരിപക്ഷവും ഇതിനോടകം ദില്ലി അതിർത്തിയിലേക്ക് മടങ്ങിപ്പോയെന്നും സംഘടനാ നേതാക്കൾ വ്യക്തമാക്കുന്നു.

വൈകിട്ട് അ‍ഞ്ച് മണിവരെയാണ് ട്രാക്ട‍‍ർ പരേഡിനായി ക‍ർഷകർക്ക് ദില്ലി പൊലീസ് അനുമതി നൽകിയത്. എന്നാൽ ഈ മണിക്കൂറുകളിലും ചെങ്കോട്ടയിലും ഐടിഒയിലും കർഷകർ തമ്പടിച്ചിരിക്കുകയാണ്. 5000 ട്രാക്ടറുകൾക്കാണ് ദില്ലി പൊലീസ് അനുമതി നൽകിയെങ്കിലും ലക്ഷത്തിലേറെ ട്രാക്ടറുകൾ ഇതിനോടകം ദില്ലിയിലേക്ക് പ്രവേശിക്കുകയോ നീങ്ങി കൊണ്ടിരിക്കുകയോ ആണെന്നാണ് റിപ്പോർട്ടുകൾ. പൊലീസ് നിർദേശിച്ച റൂട്ടിൽ നിന്നും മാറി സഞ്ചരിച്ചാണ് പ്രക്ഷോഭക‍ർ ചെങ്കോട്ടയിലേക്ക് എത്തിയത്.

ഇന്ന് രാവിലെ 12 മുതൽ അഞ്ച് മണി വരെയാണ് ട്രാക്ട‍ർ പരേഡിന് ദില്ലി പൊലീസ് കർഷകസംഘടനകൾക്ക് സമയം അനുവദിച്ചത്. എന്നാൽ അതിരാവിലെ മുതൽ നൂറുകണക്കിന് ക‍ർഷകരുടെ ട്രാക്കുകളാണ് ദില്ലിയുടെ അതി‍ർത്തി മേഖലകളിൽ എത്തിയത്. എന്നാൽ ഈ അതിർത്തി റോഡുകളെല്ലാം ദില്ലി പൊലീസ് ബാരിക്കേ‍ഡ് വച്ചു അ‌ടച്ചതിനാൽ ക‍ർഷകർ അതിർത്തിയിൽ കുടുങ്ങി.

രാവിലെ എട്ടര മുതലാണ് സംഘ‍ർഷം ആരംഭിച്ചത്. ദില്ലി അതിർത്തിയായ സി​ഗുവിലാണ് ആദ്യം സംഘർഷമുണ്ടായത്. ആയിരക്കണക്കിന് ട്രാക്ടറുകൾ ഇതിനോടകം എത്തിയ സ്ഥിതിക്ക് നേരത്തെ മുതൽ മാർച്ചിന് അനുമതി നൽകണം എന്ന് കർഷകർ ആവശ്യപ്പെട്ടു. ഇതു പൊലീസ് നിരസിച്ചതോടെ സിം​ഗ്ലുവിൽ കർഷകർ സ്വന്തം നിലയിൽ ബാരിക്കേഡുകൾ മാറ്റി ദില്ലിയിലേക്ക് യാത്ര തുടങ്ങി.

അതിനു ശേഷം ഒൻപത് മണിയോടെ സിക്രി അതി‍ർത്തിയിലും സംഘ‍ർഷമുണ്ടായി. ബാരിക്കേഡ് നീക്കിയ കർഷകരെ പൊലീസ് ലാത്തിചാർജ് ചെയ്ത് വിരട്ടിയോടിക്കാൻ നോക്കിയെങ്കിലും അതിനെ മറികടന്ന് കർഷകർ മുന്നോട്ട് നീങ്ങി. സി​ഗുവിലും സിക്രിയിലും ക‍ർഷകർ ബാരിക്കേ‍ഡ് മറികടന്ന് ദില്ലിയിലേക്ക് പുറപ്പെട്ട വിവരം അറിഞ്ഞതോടെ ​ഗാസിപ്പൂർ അതിർത്തിയിലും കർഷകർ ദില്ലിക്ക് കയറാൻ ശ്രമം തുടങ്ങി. ഇതിനെ പൊലീസ് തടയാൻ ശ്രമിച്ചെങ്കിലും നീക്കം ചെറുത്ത് പത്തരയോടെ ​ഗാസിപ്പൂരിൽ നിന്നുള്ള കർഷകരും ദില്ലിക്ക് പുറപ്പെട്ടു.

​ദില്ലിയിലെത്തിയ കർഷകരിൽ ​ഗാസിപ്പൂരിൽ നിന്നും വന്ന ഒരു വിഭാ​​ഗം ഐടിഒയിലേക്ക് മാർച്ച്ചെയ്തു മറ്റൊരു വിഭാ​ഗം ചെങ്കോട്ടയിലേക്കും പോയി. സിക്രിയിൽ നിന്നും സി​ഗ്ലുവിൽ നിന്നും വന്നവരിൽ ഒരു വിഭാ​ഗം നേരെ ചെങ്കോട്ടയിലേക്കാണ് പോയത്. ബാക്കിയുള്ള കർഷകരെല്ലാം ​പൊലീസ് നിർദേശിച്ച റൂട്ടിലൂടെ മാർച്ച നടത്തിയ ശേഷം അതിർത്തികളിലേക്ക് തന്നെ തിരിച്ചു പോയി.

ഐടിഒയിലും ചെങ്കോട്ടയിലും കർഷകർ എത്തിയതിന് പിന്നാലെ രണ്ടിടത്തും സംഘർഷമുണ്ടായി. ചെങ്കോട്ടയിൽ അതിക്രമിച്ചു കയറിയ കർഷകർ അവിടെ ദേശീയപതാകയോടൊപ്പം കർഷകസംഘടനകളുടെ പതാകയും ഉയർത്തി. ഐടിഒയിലുണ്ടായ സംഘർഷത്തിൽ ഒരു കർഷകൻ കൊല്ലപ്പെട്ടു. ഐടിഒയിലും ചെങ്കോട്ടയിലും വൈകുന്നേരം അ‍ഞ്ച് മണിക്കും സംഘ‍ർഷം തുടരുകയാണ്.

ഇതോടൊപ്പം ദില്ലി അതിർത്തിയായ നാ​ഗ്ലോയിലും നജഫ്​ഗഢിലും ഹരിയാനയിലെ ഫരീദാബാദിലും നോയിഡ അതിർത്തിയിലും സംഘർഷവും ലാത്തിചാർജും ഉണ്ടായി. നിലവിൽ ഐടിഒയിലും ചെങ്കോട്ടയിലും ഫരീദാബാദിലും ന​ഗ്ലോയിലുമാണ് സംഘർഷസാധ്യത നിലനിൽക്കുന്നത്. നാലിടത്തും അർധസൈന്യത്തേയും പൊലീസിനേയും വിന്യസിച്ചിട്ടുണ്ട്. സമരക്കാരെ ഒഴിപ്പിക്കാൻ ഇനിയെന്ത് വേണം എന്ന കാര്യത്തിലാണ് നിലവിൽ ആഭ്യന്തര മന്ത്രാലയത്തിൽ ചർച്ചകൾ തുടരുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button