കണ്ണൂര്‍: കേന്ദ്രം ഭരിക്കുന്ന സര്‍ക്കാരിന് കേരളത്തില്‍ സ്വാധീനം ലഭിച്ചാല്‍ ആദ്യം ഇല്ലാതാക്കുന്നത് എരുമേലി വാവര് പള്ളിയെന്ന് കഥാകൃത്ത് ടി പത്മനാഭന്‍. ശബരിമലയിലെ ഏറ്റവും സുന്ദരമായ സങ്കല്‍പ്പങ്ങളിലൊന്നാണ് വാവര് പള്ളിയിലെ വിശ്വാസം. കേന്ദ്രം ഭരിക്കുന്ന സര്‍ക്കാര്‍ പല സ്ഥലനാമങ്ങളും സ്ഥലങ്ങളും മായ്ച്ചു കളയുകയാണെന്നും ടി പത്മനാഭന്‍ പറഞ്ഞു.
ഞാന്‍ ഇത് ആരുടേയും കൈയ്യടി കിട്ടാനോ ആരുടെയും എതിര്‍പ്പ് ക്ഷണിച്ച് വരുത്താനോ പറയുന്നതല്ല. ഹിന്ദുമഹാസഭയുടെ പ്രസിഡൻ്റ്, ചാന്ദ്രദൗത്യം വിജയകരമായപ്പോള്‍, വിക്രം ലാന്‍ഡര്‍ ഇറങ്ങിയ ചന്ദ്രോപരിതലം ഹിന്ദുക്കളുടെ സ്വത്തായി പ്രഖ്യാപനം ചെയ്യണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നു. ഇങ്ങനെ ഈ നൂറ്റാണ്ടില്‍ പറയാനും അത് വിശ്വസിക്കാനും ആള്‍ക്കാരുണ്ടാകുക എന്നത് ഖേദകരമാണെന്ന് ടി പത്മനാഭന്‍ പറഞ്ഞു.
വല്ലാത്തൊരു കാലഘട്ടത്തിലൂടെയാണ് നമ്മള്‍ കടന്നുപോകുന്നത്. എല്ലാ മതങ്ങളിലും ഭ്രാന്തന്മാര്‍ വളര്‍ന്നുകൊണ്ടിരിക്കുന്നു. ജീവിച്ചു പോകണമെങ്കില്‍ എതെങ്കിലും ഭാഗത്ത് ചേരണമെന്ന് അവസ്ഥയാണ്. ഗാന്ധിജിയെ കൊന്നത് ആരെന്ന് പറഞ്ഞാല്‍ കേസെടുക്കുന്ന കാലമാണെന്നും ടി പത്മനാഭന്‍ പറഞ്ഞു. കണ്ണൂരില്‍ എംഇഎസ് ഒരുക്കിയ ഓണ സൗഹൃദ സദസില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.