വേളാങ്കണ്ണി തീര്‍ത്ഥാടനം ; പിന്നാലെ തല മൊട്ടയടിച്ച് ‘വി.ഡി.എസ്’ എന്നെഴുതി; മുഖ്യമന്ത്രിക്ക് വ്യത്യസ്തനായ ആരാധകൻ

വേളാങ്കണ്ണി തീര്‍ത്ഥാടനം നടത്തി; പിന്നാലെ തല മൊട്ടയടിച്ച് 'വി.ഡി.എസ്' എന്നെഴുതി; മുഖ്യമന്ത്രിക്ക് ജന്മനാട്ടിലെ വരവേല്‍പ്പില്‍ വ്യത്യസ്തമായ ആദരവ് നല്‍കാന്‍ ഷിജുമോന്‍ തോട്ടപ്പിള്ളി

നെടുമ്പാശ്ശേരി: സംസ്ഥാന മുഖ്യമന്ത്രിയായി ചുമതലയേറ്റ വി.ഡി. സതീശനോടുള്ള കടുത്ത ആരാധന മൂത്ത് തല മൊട്ടയടിച്ച് 'വി.ഡി.എസ്' (VDS) എന്നെഴുതി യുവാവിന്റെ വേറിട്ട സ്നേഹപ്രകടനം. ചെങ്ങമനാട് ഗ്രാമപഞ്ചായത്തിലെ നെടുവന്നൂര്‍ ഒമ്പതാം വാര്‍ഡ് കോണ്‍ഗ്രസ് കമ്മിറ്റി സെക്രട്ടറി ഷിജുമോന്‍ തോട്ടപ്പിള്ളിയാണ് മുഖ്യമന്ത്രിയോടുള്ള തന്റെ ആദരവ് വ്യത്യസ്തമായ രീതിയില്‍ പ്രകടിപ്പിച്ച് ശ്രദ്ധേയനായത്. വി.ഡി. സതീശന്‍ മുഖ്യമന്ത്രിയായതിന്റെ നന്ദിസൂചകമായി ഷിജുമോന്‍ നേരത്തെ വേളാങ്കണ്ണി തീര്‍ത്ഥാടനവും നടത്തിയിരുന്നു. ജന്മനാടിന്റെയും സ്വന്തം നിയോജകമണ്ഡലത്തിന്റെയും സ്നേഹാദരങ്ങള്‍ ഏറ്റുവാങ്ങാന്‍ മുഖ്യമന്ത്രി എറണാകുളം ജില്ലയിലെത്തുന്നതിന് തൊട്ടുമുമ്പാണ് ഈ ആരാധകന്റെ വേറിട്ട സ്‌നേഹപ്രകടനം.

മുഖ്യമന്ത്രിയായ ശേഷം ആദ്യമായി എറണാകുളം ജില്ലയിലെത്തിയ വി.ഡി. സതീശന് വിവിധയിടങ്ങളില്‍ വിപുലമായ പൗരസ്വീകരണ പരിപാടികളാണ് ഒരുക്കിയിട്ടുള്ളത്. കൊച്ചി പൗരാവലി കടവന്ത്ര ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ വെച്ച് നല്‍കിയ സ്വീകരണത്തില്‍ മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടി മുഖ്യാതിഥിയായി പങ്കെടുക്കുകയും മുഖ്യമന്ത്രിയെ പൊന്നാട അണിയിച്ച് ആദരിക്കുകയും ചെയ്തിരുന്നു. നടന്‍ കുഞ്ചാക്കോ ബോബനും ഈ ചടങ്ങില്‍ സന്നിഹിതനായിരുന്നു.

അതേസമയം, മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തശേഷം ആദ്യമായി തന്റെ സ്വന്തം നിയോജകമണ്ഡലമായ പറവൂരിലേക്ക് എത്തുന്ന വി.ഡി. സതീശന് ഇന്ന് വൈകീട്ട് അഞ്ചിന് പറവൂര്‍ പൗരാവലിയുടെ ആഭിമുഖ്യത്തില്‍ ചരിത്രപ്രസിദ്ധമായ വരവേല്‍പ്പ് നല്‍കും. പറവൂര്‍ സമൂഹം ഹൈസ്‌കൂള്‍ ഗ്രൗണ്ടില്‍ പ്രത്യേകം തയ്യാറാക്കിയ വേദിയിലാണ് പൗരസ്വീകരണ സമ്മേളനം നടക്കുക. പ്രശസ്ത ഗാനരചയിതാവും സംവിധായകനുമായ ശ്രീകുമാരന്‍ തമ്പി സമ്മേളനം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യും. മലയാളത്തിന്റെ സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാല്‍ ആണ് ചടങ്ങിലെ മുഖ്യ ആകര്‍ഷണവും വിശിഷ്ടാതിഥിയും. പറവൂര്‍ പൗരാവലിയുടെ ആദരവ് നടന്‍ മോഹന്‍ലാല്‍ മുഖ്യമന്ത്രിക്ക് സമര്‍പ്പിക്കും. ജില്ലയില്‍ നിന്നുള്ള പുതിയ മന്ത്രിമാരും പ്രശസ്ത നടന്‍ സലിംകുമാറും സമൂഹത്തിന്റെ വിവിധ തുറകളിലുള്ള പ്രമുഖരും ഈ മംഗളകരമായ ചടങ്ങില്‍ പങ്കാളികളാകും.

പറവൂരിലെ സ്വീകരണ പരിപാടിക്കായി 2,000 പേരെ ഒരേസമയം ഉള്‍ക്കൊള്ളാന്‍ സാധിക്കുന്ന കൂറ്റന്‍ പന്തലാണ് ഗ്രൗണ്ടില്‍ നിര്‍മിച്ചിട്ടുള്ളത്. 60 അടി നീളവും 40 അടി വീതിയുമുള്ള വിപുലമായ വേദിയും ഇതിനായി ഒരുക്കിയിട്ടുണ്ട്. പൊതുജനങ്ങളില്‍ നിന്നും മുന്‍കൂട്ടി പേര് രജിസ്റ്റര്‍ ചെയ്തിട്ടുള്ള 300 പേര്‍ക്ക് വേദിയില്‍ വെച്ച് മുഖ്യമന്ത്രിയെ നേരിട്ട് ആദരിക്കാനുള്ള സവിശേഷമായ അവസരവും പൗരാവലി ഒരുക്കിയിട്ടുണ്ട്. ചടങ്ങിനെത്തുന്ന വിശിഷ്ടാതിഥികളായ നടന്‍ മോഹന്‍ലാലിനും ഗാനരചയിതാവ് ശ്രീകുമാരന്‍ തമ്പിക്കും പ്രശസ്ത ചുമര്‍ച്ചിത്ര കലാകാരന്‍ ഡോ. സാജു തുരുത്തില്‍ വരച്ച മനോഹരമായ ചുമര്‍ച്ചിത്രങ്ങള്‍ ഉപഹാരമായി നല്‍കി ആദരിക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News