മഞ്ചേശ്വരം: കാസർകോട് മഞ്ചേശ്വരത്തിന് സമീപം ബായാറിൽ പശുക്കടത്ത് ആരോപിച്ച് പിക്ക്അപ് വാൻ തടഞ്ഞുനിർത്തി ഡ്രൈവറെ ഭീഷണിപ്പെടുത്തിയതായി പരാതി. സംഭവത്തിൽ പൈവളിഗെ ആവള സ്വദേശിയായ ഡ്രൈവർ ഇബ്രാഹിം ഖലീൽ നൽകിയ പരാതിയിൽ രണ്ടുപേർക്കെതിരെ മഞ്ചേശ്വരം പൊലീസ് കേസെടുത്തു. പുനീത്, കണ്ടാലറിയാവുന്ന മറ്റൊരാൾ എന്നിവർക്കെതിരെയാണ് കേസ്.
ശനിയാഴ്ച രാത്രി ഒൻപത് മണിയോടെയാണ് സംഭവം. മഞ്ചേശ്വരത്തേക്ക് നാല് കാളകളുമായി വരികയായിരുന്ന പിക്ക്അപ് വാനിനെ രണ്ട് ബൈക്കുകളിലായെത്തിയ നാലംഗ സംഘം പിന്തുടരുകയായിരുന്നു. തുടർന്ന് ബായാറിൽ വെച്ച് ഇതിലൊരു ബൈക്ക് വാനിന് കുറുകെയിട്ട് തടഞ്ഞുനിർത്തി. രണ്ടാമത്തെ ബൈക്ക് നിർത്താതെ പോയി.
വണ്ടി തടഞ്ഞവർ വടികൾ വീശി തന്നെ അസഭ്യം പറയുകയും വധഭീഷണി മുഴക്കുകയും ചെയ്തതായി ഇബ്രാഹിം ഖലീൽ പരാതിയിൽ പറയുന്നു. കാസർകോട് മുൻപും സമാനമായ രീതിയിൽ വാഹനങ്ങൾ തടഞ്ഞ് അതിക്രമം കാട്ടിയ സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഡ്രൈവറുടെ പരാതിയിൽ പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി.


