സ്നേഹത്തോടെ ജീവിച്ചവർ,ഓസ്‌ട്രേലിയക്ക് പോകാനിരുന്നതിനിടെ ദുരന്തം; കുവൈത്തിലെ മലയാളി ദമ്പതികളുടെ മരണത്തിൽ വ്യക്തയില്ലാതെ ബന്ധുക്കൾ

പെരുമ്പാവൂര്‍: കുവൈത്തില്‍ കുത്തേറ്റ് മരിച്ച നഴ്‌സുമാരായ മലയാളി ദമ്പതിമാര്‍ നാട്ടില്‍ വന്ന് പോയിട്ട് ദിവസങ്ങള്‍ മാത്രം. കുവൈത്തിലെ അബ്ബാസിയയില്‍ താമസിക്കുന്ന കണ്ണൂര്‍ സ്വദേശി സൂരജ്, പെരുമ്പാവൂര്‍ സ്വദേശിയായ ഭാര്യ ബിന്‍സി എന്നിവരാണ് മരിച്ചത്. ഇരുവരും പരസ്പരം കുത്തി മരിക്കുകയായിരുന്നുവെന്നാണ് പുറത്തുവരുന്ന വിവരം.

വ്യാഴാഴ്ച രാവിലെ അബ്ബാസിയയിലെ താമസസ്ഥലത്താണ് ഇരുവരെയും കുത്തേറ്റ് മരിച്ചനിലയില്‍ കണ്ടെത്തിയത്. 12 വര്‍ഷത്തോളമായി ഇവര്‍ കുവൈത്തിലാണ്. ഓസ്‌ട്രേലിയയിലേക്ക് മാറാനുള്ള തയ്യാറെടുപ്പിനിടെയാണ് ഈ സംഭവമുണ്ടാകുന്നതെന്ന് ഇവരുടെ ബന്ധുക്കള്‍ പറഞ്ഞു.

’12 വര്‍ഷത്തോളമായി കുവൈത്തിലാണ്. ഈസ്റ്ററിന് തൊട്ടുമുമ്പാണ് ബിന്‍സി അവധിയില്ലാത്തത് കാരണം കുവൈത്തിലേക്ക് പോയത്. ഈസ്റ്റര്‍ കഴിഞ്ഞ ശേഷമാണ് സൂരജ് മടങ്ങിയത്. പരസ്പരം നല്ല സ്‌നേഹത്തിലായിരുന്നു അവരിരുവരും. ഓസ്‌ട്രേലിയയിലേക്ക് പോകാന്‍ തീരുമാനിച്ചതായിരുന്നു. ബെംഗളൂരുവില്‍പോയി മെഡിക്കല്‍ നടപടിക്രമങ്ങളെല്ലാം നടത്തിയതാണ്. സംഭവ ദിവസം അമ്മയെ വിളിച്ചിരുന്നു. ആ സമയത്ത് പ്രശ്‌നങ്ങളൊന്നും ഉണ്ടായിരുന്നില്ല’ സൂരജിന്റെ ബന്ധു പ്രതികരിച്ചു.

ദമ്പതിമാര്‍ക്ക് മൂന്നാം ക്ലാസിലും യുകെജിയിലും പഠിക്കുന്ന കുട്ടികളുണ്ട്. ഇവര്‍ ബിന്‍സിയുടെ വീട്ടിലാണുള്ളത്. വഴക്കിനിടെ ദമ്പതിമാര്‍ പരസ്പരം കുത്തി മരിക്കുകയായിരുന്നുവെന്നാണ് പ്രാഥമികവിവരം. മരണം സംബന്ധിച്ച് കുവൈത്ത് പോലീസിന്റെ ഔദ്യോഗിക വിവരങ്ങളൊന്നും ലഭിച്ചിട്ടില്ലെന്നും അവര്‍ അന്വേഷിച്ച് വരികയാണെന്നും ബന്ധുക്കള്‍ വ്യക്തമാക്കി.

ഇവര്‍ തമ്മില്‍ തര്‍ക്കിക്കുന്നത് കേട്ടതായി അയല്‍ക്കാര്‍ പറയുന്നുണ്ട്. രാവിലെ കെട്ടിടത്തിലെ കാവല്‍ക്കാരന്‍ വന്നുനോക്കിയപ്പോഴാണ് രണ്ടുപേരെയും മരിച്ചനിലയില്‍ കണ്ടത്. ഇരുവരുടെയും കൈയില്‍ കത്തിയുണ്ടായിരുന്നതായും വിവരമുണ്ട്.

സൂരജ് കുവൈത്തിലെ ആരോഗ്യമന്ത്രാലയത്തിലാണ് നഴ്‌സായി ജോലിചെയ്തിരുന്നത്. ബിന്‍സി കുവൈത്തിലെ പ്രതിരോധ മന്ത്രാലയത്തിലെ സ്റ്റാഫ് നഴ്‌സാണ്. ഇരുവരും രാത്രി ഷിഫ്റ്റ് കഴിഞ്ഞ് വ്യാഴാഴ്ച രാവിലെയാണ് ഫ്ളാറ്റിലെത്തിയതെന്ന് സുഹൃത്തുക്കള്‍ പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News