കൊച്ചി: കഴിഞ്ഞ ഞായറാഴ്ച കേരളത്തില്‍ ഒരു പവന്‍ സ്വര്‍ണത്തിന് രേഖപ്പെടുത്തിയ വില 54120 രൂപയായിരുന്നു. പിന്നീട് നേരിയ ചാഞ്ചാട്ടം തുടര്‍ന്ന് ശനിയാഴ്ചയായപ്പോള്‍ 54080 രൂപയായി. അവധി കഴിഞ്ഞ് വിപണി വീണ്ടും സജീവമായ ഇന്ന് സ്വര്‍ണവില കുറയുകയാണ് ചെയ്തിരിക്കുന്നത്. ഈ ആഴ്ച സ്വര്‍ണവില താഴുമോ അതോ കയറുമോ എന്ന് പ്രവചിക്കാന്‍ പറ്റാത്ത സാഹചര്യമാണ്.
വലിയ ഇടിവോ ഉയര്‍ച്ചയോ സ്വര്‍ണത്തില്‍ പ്രതീക്ഷിക്കേണ്ട എന്നാണ് കഴിഞ്ഞാഴ്ചയിലെ വിലമാറ്റം ബോധ്യപ്പെടുത്തുന്നത്. ഏറിയും കുറഞ്ഞും മുന്നോട്ട് പോകാന്‍ തന്നെയാണ് സാധ്യത. ചൈനയിലേയോ അമേരിക്കയിലേയോ വിപണിയില്‍ വലിയ മാറ്റങ്ങള്‍ സംഭവിച്ചാല്‍ ലോകത്തെ സ്വര്‍ണവിലയിലും പ്രതിഫലനമുണ്ടാകും. അറിയാം ഇന്നത്തെ സ്വര്‍ണവില സംബന്ധിച്ച്…
കേരളത്തില്‍ ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് നല്‍കേണ്ട വില 54000 രൂപയാണ്. 80 രൂപയുടെ മാത്രം കുറവാണ് സംഭവിച്ചിരിക്കുന്നത്. ഗ്രാമിന് 10 രൂപ കുറഞ്ഞ് 6750 ആയി. ഒരു പവന്‍ സ്വര്‍ണാഭരണം വാങ്ങാന്‍ 59000 രൂപ ഇന്ന് ചെലവ് വന്നേക്കാം. പഴയ സ്വര്‍ണം വില്‍ക്കുന്നവര്‍ക്ക് പവന് 52200 രൂപ കിട്ടിയേക്കും. തങ്കത്തിന്റെ വില അടിസ്ഥാനമാക്കിയാണ് പഴയ സ്വര്‍ണങ്ങള്‍ക്ക് വിലയീടാക്കുക.
ആഭരണം വാങ്ങുമ്പോള്‍ സ്വര്‍ണവില, പണിക്കൂലി, ജിഎസ്ടി, ഹാള്‍മാര്‍ക്കിങ് ചാര്‍ജ് എന്നിവ ഉപഭോക്താവ് നല്‍കേണ്ടി വരും. പണിക്കൂലി ഉയരാന്‍ സാധ്യത രണ്ട് തരത്തിലുള്ള ആഭരണങ്ങള്‍ക്കാണ്. ഡിസൈന്‍ കൂടുതലുള്ള ആഭരണങ്ങളാണ് ഒന്ന്. കുറഞ്ഞ സ്വര്‍ണത്തിലുള്ള ആഭരണങ്ങളാണ് മറ്റൊന്ന്. ഇവ രണ്ടും തയ്യാറാക്കുന്നതില്‍ അല്‍പ്പം പ്രയാസമുള്ളതിനാലാണ് പണിക്കൂലി കൂടുന്നത്.
അതേസമയം, ഇന്ന് ഡോളര്‍ സൂചികയില്‍ അല്‍പ്പം മുന്നേറ്റം കാണിക്കുന്നത് സ്വര്‍ണവില കുറയുമെന്ന സൂചനയാണ്. എന്നാല്‍ വ്യാപാര തുടര്‍ച്ചയില്‍ ഡോളറിന്റെ മൂല്യത്തില്‍ എന്ത് മാറ്റം സംഭവിക്കുമെന്നത് അടിസ്ഥാനപ്പെടുത്തിയാകും സ്വര്‍ണവിപണിയെ എങ്ങനെ സ്വാധീനിക്കുമെന്ന് വ്യക്തമായി പറയാന്‍ സാധിക്കുക. 104.22 എന്ന നിരക്കിലാണ് സൂചിക. ഡോളറുമായി താരതമ്യം ചെയ്യുമ്പോള്‍ ഇന്ത്യന്‍ രൂപ 83.54 എന്ന നിരക്കിലാണ്.
അസംസ്‌കൃത എണ്ണ വിലയിലും നേരിയ മുന്നേറ്റം കാണുന്നു. ബ്രെന്റ് ക്രൂഡ് ബാരലിന് 85.20 ഡോളര്‍ ആണ് വില. യുഎഇയുടെ മര്‍ബണ്‍ ക്രൂഡ് ബാരലിന് 84.77 ഡോളറും ഡബ്ല്യുടിഐ ക്രൂഡ് ബാരലിന് 82.44 ഡോളറുമാണ് വില. ചൈന, ഇന്ത്യ എന്നീ പ്രധാന ഇറക്കുമതി രാജ്യങ്ങളില്‍ നിന്നുള്ള ആവശ്യത്തിന്റെ തോത്, അമേരിക്ക-പശ്ചിമേഷ്യ എന്നിവിടങ്ങളിലെ രാഷ്ട്രീയം തുടങ്ങിയ ഘടകങ്ങളെല്ലാം എണ്ണവിലയെ സ്വാധീനിക്കും.
ഇന്ത്യയില്‍ എണ്ണയുടെയും സ്വര്‍ണത്തിന്റെയും വില വൈകാതെ കുറയുമോ എന്ന ചോദ്യം ഉയര്‍ന്നിട്ടുണ്ട്. ജുലൈ 23ന് കേന്ദ്ര ബജറ്റില്‍ ഇതുമായി ബന്ധപ്പെട്ട നിര്‍ദേശമുണ്ടാകുമോ എന്നാണ് ചോദ്യം. സ്വര്‍ണത്തിന് ജിഎസ്ടി നിശ്ചയിച്ച പോലെ എണ്ണയ്ക്കും പ്രത്യേക ജിഎസ്ടി ഏര്‍പ്പെടുത്തിയാല്‍ വില കുറയാന്‍ വഴിയൊരുങ്ങും. കാരണം നിലവില്‍ പെട്രോള്‍, ഡീസല്‍ വിലയില്‍ പകുതിയോളം നികുതിയാണ്. ജിഎസ്ടി ഏര്‍പ്പെടുത്തിയാല്‍ നിരക്ക് കുറയ്‌ക്കേണ്ടി വരും.