ബെംഗളൂരു: ലോകകപ്പ് ക്രിക്കറ്റിന്റെ ഭാഗമായി കൊച്ചിയിലെ ലുലുമാളില്‍ തൂക്കിയ പതാകകളുമായി ബന്ധപ്പെട്ട് വ്യാജപ്രചാരണം നടത്തിയ ബി.ജെ.പി. മഹിളാമോര്‍ച്ച നേതാവിന്റെപേരില്‍ കര്‍ണാടക പോലീസ് കേസെടുത്തു.
തുമകൂരുവിലെ പ്രാദേശികനേതാവ് ശകുന്തള നടരാജിന്റെപേരിലാണ് ജയനഗര പോലീസ് കേസെടുത്തത്. സമൂഹത്തിലെ വിവിധവിഭാഗങ്ങള്‍ക്കിടയില്‍ വിദ്വേഷം വളര്‍ത്താനുള്ള ശ്രമം ഉള്‍പ്പെടെയുള്ള കുറ്റങ്ങളാണ് ഇവരുടെപേരില്‍ ചുമത്തിയത്.
കൊച്ചി ലുലുമാളില്‍ ഇന്ത്യന്‍പതാകയ്ക്ക് മുകളില്‍ പാകിസ്താന്‍പതാക സ്ഥാപിച്ചെന്നായിരുന്നു ശകുന്തള നടരാജിന്റെ പ്രചാരണം. ഇതിനൊപ്പം തെറ്റിദ്ധരിപ്പിക്കുന്ന ഫോട്ടോയും പ്രചരിപ്പിച്ചു. ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിനെ ടാഗ് ചെയ്ത് താങ്കള്‍ ബെംഗളൂരുവിലെ ലുലുമാള്‍ ബഹിഷ്‌കരിക്കാന്‍ തയ്യാറുണ്ടോയെന്നും ഇവര്‍ എക്‌സില്‍ കുറിച്ചു.
ശകുന്തള നടരാജിന്റേത് വ്യാജപ്രചാരണമാണെന്നും വിദ്വേഷമുണ്ടാക്കുന്നതാണെന്നും കണ്ടെത്തിയതോടെയാണ് സ്വമേധയാ കേസെടുത്തതെന്ന് പോലീസ് അറിയിച്ചു. നേരത്തേ മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ കുടുംബത്തിനെതിരേ അപകീര്‍ത്തികരമായ പോസ്റ്റിട്ടതിന് ശകുന്തള നടരാജ് അറസ്റ്റിലായിരുന്നു.