ആഡംബര വില്ലയ്ക്കുള്ളിൽ വ്യാജ നാവിക സാമ്രാജ്യം; ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയ വ്യാജ നേവി കമാൻഡർ വിമലാസ് നമ്പൂതിരി അറസ്റ്റിൽ

കൊച്ചി: നാവികസേനാ ഉദ്യോഗസ്ഥനായി ചമഞ്ഞ് ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയ അടൂര്‍ സ്വദേശി പിടിയിലായതിന് പിന്നാലെ, ഇയാളുടെ ആഡംബര വില്ലയില്‍ പോലീസ് നടത്തിയ പരിശോധനയില്‍ കണ്ടെത്തിയ വ്യാജ സാധനശേഖരം കണ്ട് പൊലീസ് ഞെട്ടി.

കാംകോയില്‍ ജോലി വാഗ്ദാനം ചെയ്ത് പന്തളം സ്വദേശിയായ യുവാവില്‍ നിന്ന് 15 ലക്ഷം രൂപ തട്ടിയെടുത്ത കേസിലാണ് അടൂര്‍ സ്വദേശിയായ വിമലസ് നമ്പൂതിരി (ബിമല്‍ എസ്. നമ്പൂതിരി) എന്നയാളെ പാലാരിവട്ടം പോലീസ് അറസ്റ്റ് ചെയ്തത്. നേവി ഇന്റലിജന്‍സിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ സ്റ്റേറ്റ് സ്‌പെഷ്യല്‍ ബ്രാഞ്ചും പാലാരിവട്ടം പോലീസും നാവികസേനയും സംയുക്തമായി നടത്തിയ നീക്കത്തിനൊടുവില്‍ ജൂണ്‍ 25-നാണ് പ്രതി വലയിലായത്. ഇന്റലിജന്‍സ് ഏജന്‍സികള്‍ ഏറെ നാളായി ഇയാളെ നിരീക്ഷിച്ചു വരികയായിരുന്നു.

പ്രതി താമസിച്ചിരുന്ന പാലാരിവട്ടം സ്‌കൈലൈന്‍ സ്പ്രിങ് വില്ലയിലായിരുന്നു പോലീസ് റെയ്ഡ് നടത്തിയത്. പരിശോധനയ്ക്ക് എത്തിയ അന്വേഷണ ഉദ്യോഗസ്ഥര്‍ വില്ലയ്ക്കുള്ളിലെ കാഴ്ച കണ്ട് അക്ഷരാര്‍ത്ഥത്തില്‍ അമ്പരന്നുപോയി. നാവികസേനാ ഉദ്യോഗസ്ഥര്‍ ഔദ്യോഗികമായി ഉപയോഗിക്കുന്ന സാധനങ്ങളാണ് ഇവിടെ വ്യാജമായി നിര്‍മ്മിച്ച് സൂക്ഷിച്ചിരുന്നത്.

നേവി ഓഫീസര്‍മാരുടെ രണ്ട് ഔദ്യോഗിക തൊപ്പികള്‍ (ക്യാപ്പ്), ഔദ്യോഗിക വസ്ത്രങ്ങള്‍ (യൂണിഫോം), മെഡലുകള്‍, സെറിമോണിയല്‍ ചടങ്ങുകളില്‍ മാത്രം ഉപയോഗിക്കുന്ന ഔദ്യോഗിക വാള്‍ എന്നിവയാണ് വീട്ടില്‍ നിന്ന് കണ്ടെടുത്തത്. ഇതിനുപുറമേ വിവിധ റാങ്കുകള്‍ സൂചിപ്പിക്കുന്ന ഷോള്‍ഡര്‍ ബാഡ്ജുകള്‍, വ്യാജ തിരിച്ചറിയല്‍ കാര്‍ഡുകള്‍, വാഹനങ്ങള്‍ക്ക് മുന്നില്‍ സ്ഥാപിക്കുന്ന ഔദ്യോഗിക കൊടി, പ്രത്യേക നമ്പറുകള്‍ രേഖപ്പെടുത്തിയ 6 വയര്‍ലെസ്സ് സെറ്റുകള്‍ (വാക്കിടോക്കികള്‍) എന്നിവയും പോലീസ് പിടിച്ചെടുത്തു. കൊച്ചിയിലെ ഈ വ്യാജന്റെ തട്ടിപ്പ് കണ്ട് നാവികസേനാ അധികൃതര്‍ പോലും ഞെട്ടിയിരിക്കുകയാണ്.

മുമ്പ് ബാബ അറ്റോമിക് റിസര്‍ച്ച് സെന്ററിലെ (BARC) ഒരു ക്ഷേത്രത്തില്‍ പൂജാരിയായി ജോലി നോക്കിയിരുന്ന സമയത്താണ് വിമലസ് നമ്പൂതിരിക്ക് സൈനിക-നാവിക ഉദ്യോഗസ്ഥരുമായി പരിചയമുണ്ടാകുന്നത്. അവരുടെ പെരുമാറ്റ രീതികളും റാങ്കുകളും സൂക്ഷ്മമായി നിരീക്ഷിച്ച ശേഷമാണ് ഇയാള്‍ തട്ടിപ്പിനായി നേവി കമാന്‍ഡര്‍ വേഷം കെട്ടിയത്. കൊച്ചി നേവല്‍ ബേസിന് അടുത്തുള്ള കടാരി ബാഗിലെയും തേവരയിലെയും കടകളില്‍ നിന്നാണ് ഇയാള്‍ ഈ യൂണിഫോമും ബാഡ്ജുകളും സംഘടിപ്പിച്ചത്. നേവി കമാന്‍ഡര്‍ ചമഞ്ഞ് ഇയാള്‍ പല പൊതുപരിപാടികളിലും രാഷ്ട്രീയ ചടങ്ങുകളിലും മുഖ്യാതിഥിയായി വരെ പങ്കെടുത്ത് ആളുകളെ വിശ്വസിപ്പിച്ചിരുന്നു.

പോലീസ് റെയ്ഡിനായി വില്ലയിലെത്തിയപ്പോള്‍ ഭാര്യ വിവരമറിയിച്ചതിനെ തുടര്‍ന്ന് വിമലസ് ബൈക്കില്‍ കടന്നുകളയാന്‍ ശ്രമിച്ചിരുന്നു. തുടര്‍ന്ന് പോലീസ് സംഘം പിന്തുടര്‍ന്ന് മാഞ്ഞാലിയില്‍ വെച്ചാണ് ഇയാളെ സാഹസികമായി പിടികൂടിയത്. ചോദ്യം ചെയ്യലില്‍, ‘ഭാര്യയെ സന്തോഷിപ്പിക്കാന്‍ വേണ്ടി’ വാങ്ങി സൂക്ഷിച്ചതാണ് ഈ വസ്ത്രങ്ങളും സാധനങ്ങളുമെന്നാണ് ഇയാള്‍ പോലീസിന് നല്‍കിയ വിചിത്രമായ മൊഴി. ഇയാളുടെ ഭാര്യ മില്‍മയിലാണ് ജോലി ചെയ്യുന്നതെന്ന വാദവും വ്യാജമാണെന്ന് അന്വേഷണത്തില്‍ തെളിഞ്ഞിട്ടുണ്ട്. പ്രതിയെ നിലവില്‍ റിമാന്‍ഡ് ചെയ്തിരിക്കുകയാണ്. ഇയാള്‍ കൂടുതല്‍ ആളുകളില്‍ നിന്ന് നേവിയിലും മറ്റും ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയിട്ടുണ്ടോ എന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്. ഇയാളുടെ തട്ടിപ്പിനിരയായവര്‍ പാലാരിവട്ടം പോലീസുമായി ബന്ധപ്പെടണമെന്ന് അധികൃതര്‍ അറിയിച്ചു.

ഇന്ത്യന്‍ നേവിയിലേക്കുള്ള എല്ലാ റിക്രൂട്ട്മെന്റുകളും ഇടനിലക്കാരുടെയും ഏജന്റുമാരുടെയും ഇടപെടലുകളില്ലാതെ പൂര്‍ണ്ണമായും സുതാര്യവും യോഗ്യതയുടേയും അടിസ്ഥാനത്തില്‍ മാത്രമാണ് നടക്കുന്നതെന്ന് അധികൃതര്‍ ആവര്‍ത്തിച്ചു വ്യക്തമാക്കിയിട്ടുണ്ട്.

റിക്രൂട്ട്മെന്റ് അറിയിപ്പുകള്‍ ഔദ്യോഗിക ഇന്ത്യന്‍ നേവി റിക്രൂട്ട്മെന്റ് പോര്‍ട്ടലിലൂടെയും മറ്റ് അംഗീകൃത സര്‍ക്കാര്‍ ചാനലുകളിലൂടെയും മാത്രമേ പ്രസിദ്ധീകരിക്കുകയുള്ളൂ. ഇത്തരം വ്യാജ തട്ടിപ്പ് സംഘങ്ങള്‍ക്കെതിരെ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും റിക്രൂട്ട്മെന്റുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും www.joinindiannavy.gov.in എന്ന ഔദ്യോഗിക വെബ്സൈറ്റിലൂടെ മാത്രം പരിശോധിച്ച് ഉറപ്പുവരുത്തണമെന്നും അധികൃതര്‍ അറിയിച്ചു. പണം വാങ്ങി ജോലി നല്‍കാമെന്ന വാഗ്ദാനവുമായി ആരെങ്കിലും സമീപിച്ചാല്‍ ഉടന്‍ തന്നെ അടുത്തുള്ള പോലീസ് സ്റ്റേഷനിലോ ഇന്ത്യന്‍ നേവി അധികൃതരെയോ വിവരം അറിയിക്കേണ്ടതാണ്.

English SummaryThe Kerala Police have arrested Vimalas Namboothiri, a former priest who posed as a fake Indian Navy Commander and conned victims out of lakhs of rupees. A raid at his luxury villa uncovered a trove of fake naval items including official swords, wireless sets, flags, and uniforms used for his impersonation. While the accused gave a bizarre statement claiming he did it to please his wife, authorities have launched a multi-agency probe into his financial frauds and illegal possession of naval insignia.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News