കോട്ടയം: യാത്രക്കാരിയായ യുവതി തീവണ്ടിയില്‍ കഞ്ചാവ് കടത്തുന്നെന്ന് യുവാവിന്റെ വ്യാജ സന്ദേശം. റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സിനെ കബളിപ്പിച്ച യുവാവിനെ അറസ്റ്റ് ചെയ്തു.
പത്തനംതിട്ട നഗരത്തില്‍ റസിയ മന്‍സില്‍ ജെനീഷ് (41)നെയാണ് കോട്ടയം ആര്‍പിഎഫ് അറസ്റ്റ് ചെയ്തത്. ഐലന്‍ഡ് എക്‌സ്പ്രസില്‍ സഞ്ചരിക്കുന്ന യുവതിയുടെ ബാഗില്‍ കഞ്ചാവുണ്ടെന്നും ബംഗളൂരുവില്‍ നിന്ന് കടത്തിക്കൊണ്ടുവരുന്നതാണെന്നുമായിരുന്നു പ്രതി ആര്‍പിഎഫിന് ഫോണില്‍ വ്യാജ വിവരം നല്‍കിയത്.
സന്ദേശത്തിന്റെ അടിസ്ഥാനത്തില്‍ തീവണ്ടി കോട്ടയത്തെത്തിയപ്പോള്‍ ആര്‍.പി.എഫ്. ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയെങ്കിലും പ്രതി പറഞ്ഞ യുവതിയുടെ ബാഗില്‍ നിന്ന് കഞ്ചാവ് കണ്ടെത്താനായില്ല. പരിശോധന തുടങ്ങിയപ്പോള്‍ തന്നെ യുവാവ് തീവണ്ടിയില്‍ നിന്ന് രക്ഷപ്പെടുകയും ചെയ്തു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് യുവാവ് പിടിയിലായത്.

