പുനലൂര്‍: നാടന് കോഴിമുട്ടയുടെ ഡിമാന്ഡ് വര്ദ്ധിച്ചതോടെ വിപണിയില് തമിഴ്നാട്ടില് നിന്നുള്ള വ്യാജമുട്ടകള് നിറയുന്നു.തമിഴ്നാട് നാമക്കലില് നിന്നാണ് കേരളത്തിലേക്ക് കൂടുതലായും മുട്ട എത്തുന്നത്.
വെള്ളനിറമുള്ള ലഗോണ് കോഴിമുട്ടയ്ക്ക് ഇപ്പോള് ചില്ലറ വില്പന വില 7.50 രൂപയാണ്. എന്നാല് തവിട്ട് നിറമുള്ള നാടന് കോഴിമുട്ടയ്ക്ക് ഡിമാന്ഡ് കൂടുതലാണ്. ലഭ്യത കുറവായതിനാല് 10 രൂപയോളം നല്കണം.
എന്നാല് നാടന് കോഴിമുട്ടയുടെ നിറത്തിലും വലിപ്പത്തിലുമുള്ള വ്യാജമുട്ടകളും വിപണിയില് ലഭ്യമാണ്. ഹോര്മോണും മറ്റും കുത്തിവച്ച് വളര്ത്തുന്ന കോഴികളില് നിന്നാണ് ഇത്തരം മുട്ടകള് ശേഖരിക്കുന്നത്. ചെറുകിട വ്യാപാരികള് വ്യാജമുട്ട വില്പനയ്ക്കാണ് താത്പര്യം കാട്ടുന്നത്. നാടന് കോഴിമുട്ട ലഭിക്കുന്നതിനേക്കാള് വിലകുറച്ച് ലഭിക്കുകയും നാടന്റെ അതേ വിലയ്ക്ക് വില്ക്കുകയും ചെയ്യാമെന്നതിനാല് ഒരു മുട്ടയ്ക്ക് രണ്ടര രൂപയിലധികം ലാഭം ലഭിക്കും. വ്യാജമുട്ടകള് വിപണി നിറഞ്ഞതോടെ നാടന് കോഴിവളര്ത്തല് കര്ഷകരും പ്രതിസന്ധിയിലായി.
കോഴികളില് ഹോര്മോണ് കുത്തിവച്ചാണ് ഇത്തരം മുട്ടകള് ഉത്പാദിപ്പിക്കുന്നത്. കയറ്റുമതി ചെയ്യുന്ന മുട്ടകള്ക്ക് നിശ്ചിത തൂക്കം വേണ്ടതിനാല് തരംതിരിച്ച് മാറ്റുന്ന മുട്ടകളാണ് കേരളത്തിലേക്ക് കയറ്റിയയ്ക്കുന്നത്. നാടന് മുട്ടയ്ക്ക് ശരാശരി 45 ഗ്രാമാണ് തൂക്കം. തൂക്കം കുറവുള്ള മുട്ടകളില് രാസവസ്തുക്കള്, ചായപ്പൊടിയുടെ കറ എന്നിവയുപയോഗിച്ച് നിറം നല്കും. തവിട്ട് നിറം ലഭിക്കാന് പോര്ഫിറിന് എന്ന പിഗ്മന്റും നിക്ഷേപിക്കാറുണ്ട്
വില വര്ദ്ധിച്ചിട്ടും നാടന് മുട്ടയ്ക്ക് ഡിമാന്ഡ് കൂടുതല്. കുറഞ്ഞ മുതല്മുടക്കില് ഇപ്പോള്‍ നാടന് കോഴിവളര്ത്തല് വ്യാപകമാവുകയാണ്. കോഴിത്തീറ്റ വില വര്ദ്ധനവും വ്യാജമുട്ടയും കര്ഷകര്ക്ക് തിരിച്ചടിയായി. 50 കിലോ കോഴിത്തീറ്റയ്ക്ക് ഇപ്പോള് 1430 – 1560 രൂപയാണ് വില. ഇത്തരം കാരണങ്ങളാല്‍ കര്ഷകര് കോഴി വളര്ത്തലില് നിന്ന് പിന്വാങ്ങാതെ വെറെ വഴിയില്ലാത്ത അവസ്ഥയിലാണ്.
വെള്ള ലഗോണ് മുട്ട
മൊത്തവില- ₹ 4.19
ചില്ലറ വില – ₹ 7 – 8
രണ്ടാഴ്ച മുമ്ബ്- ₹ 6.50
നാടന് മുട്ട
പ്രാദേശിക വിപണി ₹ 6.50 – 8
ചെറുകിട കച്ചവടക്കാര് ₹ 8 – 10
തമിഴ്നാട് മുട്ട
വ്യാപാരികള്ക്ക് ലഭിക്കുന്നത് ₹ 4 – 5
മൊത്ത വില ₹ 5 – 6
ചില്ലറ വില ₹ 8 – 9.50
നാടന് കോഴിമുട്ട ലഭ്യത കുറഞ്ഞത് വ്യാജമുട്ടകളുടെ സ്വാധീനം വര്ദ്ധിപ്പിച്ചു. വിപണിയില് ഇടപെടാന് അധികൃതര് തയ്യാറാകുന്നില്ല.