പഞ്ചാബില്‍ വ്യാജമദ്യം കഴിച്ച് 21 പേര്‍ മരിച്ചു. ഗുരുദാസ്പൂര്‍, തരണ്‍ തരണ്‍ ജില്ലകളിലായാണ് നാടിനെ നടുക്കിയ വിഷമദ്യദുരന്തം ഉണ്ടായത്. ദുരന്തത്തെ തുടര്‍ന്ന് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ് ജുഡീഷ്യല്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. കുറ്റക്കാര്‍ ആരായാലും അവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചു.മുച്ചല്‍ ഗ്രാമവാസിയായ ബല്‍വീന്ദര്‍ കൗറിനെ കൊലക്കുറ്റം ചുമത്തി പൊലീസ് അറസ്റ്റ് ചെയ്തതായി എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു.
ജൂലായ് 29ന് അമൃത്സര്‍ തര്‍സിക്കയുടെ ഭാഗമായ മുച്ചല്‍, താംഗ്ര ഗ്രാമങ്ങളിലാണ് ആദ്യ അഞ്ച് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. മുച്ചലില്‍ നാല് പേര്‍ മരിച്ചിട്ടുണ്ട്. പല ഗ്രാമവാസികളും വീടുകളില്‍ നിയമവിരുദ്ധമായി വ്യാജമദ്യം ഉണ്ടാക്കുന്നുണ്ടെന്നും എന്നാല്‍ പൊലീസ് യാതൊരു നടപടിയും ഇതില്‍ സ്വീകരിക്കുന്നില്ലെന്നും പ്രദേശവാസികള്‍ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് പറഞ്ഞു. മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി മൊഴികളെടുത്തിട്ടുണ്ട്.
2017ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ അകാലിദള്‍ – ബിജെപി സര്‍ക്കാരിനെതിരായ ശക്തമായ ജനവികാരമുണ്ടാക്കിയ വിഷയങ്ങളിലൊന്ന് സംസ്ഥാനത്ത് പിടിമുറുക്കിയ മയക്കു മരുന്ന് മാഫിയ ഉണ്ടാക്കിയ പ്രശ്നങ്ങളായിരുന്നു. പ്രകാശ് സിംഗ് ബാദലിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരിനെതിരെ കോണ്‍ഗ്രസ്സും അമരീന്ദര്‍ സിംഗും ഇത് ശക്തമായ പ്രചാരണ വിഷയങ്ങളാക്കിയിരുന്നു.