മുംബൈ: മഹാരാഷ്ട്രയിലെ വ്യാജ വെളുത്തുള്ളിയെന്ന പേരിൽ വീഡിയോ വൈറലാവുന്നു.സിമന്റ് കൊണ്ടുള്ള ഈ വെളുത്തുള്ളി തൂക്കം കൂട്ടാൻ ഉപയോഗിക്കുന്നതായാണ് ആരോപണം. മഹാരാഷ്ട്രയിലെ അകോല ജില്ലയിലാണ് കൗതുകകരമായ സംഭവം നടന്നതെന്നാണ് റിപ്പോര്‍ട്ട്. സിമന്റുകൊണ്ട് നിർമ്മിച്ച വ്യാജ വെളുത്തുള്ളി കാണിക്കുന്ന ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാവുകയും ചെയ്തു. പച്ചക്കറി അടക്കമുള്ള അവശ്യ സാധനങ്ങളുടെ വില കുതിച്ചുയർന്നതോടെ, ചില കച്ചവടക്കാർ സാഹചര്യം മുതലെടുത്ത് കൃത്രിമം കാട്ടുകയാണെന്നാണ് ആരോപണം.
സംശയമൊന്നുമില്ലാതെ സാധനം വാങ്ങി പോകുന്നവര്‍ക്ക് നൽകുന്ന പച്ചക്കറിയിൽ തൂക്കം കൂട്ടാൻ ഇത്തരം സിമന്റ് വെളുത്തുള്ളികളും ചേര്‍ക്കുന്നു എന്നാണ് ആരോപണം. അകോലയിലെ ബജോറിയ നഗറിൽ താമസിക്കുന്ന വിരമിച്ച പൊലീസ് ഉദ്യോഗസ്ഥൻ സുഭാഷ് പാട്ടീലിന്റെ ഭാര്യ വാങ്ങിയ വെളുത്തുള്ളിയിലാണ് കൃത്രിമ വെളുത്തുള്ളി കിട്ടിയതെന്നാണ് റിപ്പോര്‍ട്ടിൽ പറയുന്നത്.
പച്ചക്കറി വിൽക്കുന്ന വഴിയോരക്കച്ചവടക്കാരൻ ഇത്തരത്തിൽ സിമന്റ് വെളുത്തുള്ളി നൽകിയെന്നാണ് ആരോപണം.പാട്ടീലിന്റെ ഭാര്യ 250 ഗ്രാം വെളുത്തുള്ളി വാങ്ങിയിരുന്നു. എന്നിരുന്നാലും, വെളുത്തുള്ളി തൊലി കളയാൻ ശ്രമിക്കുമ്പോൾ, അത് വേർപെടുത്താൻ കഴിയുന്നില്ല. സൂക്ഷ്മാമായി നോക്കിയപ്പോൾ, അത് സിമന്റ് കൊണ്ട് നിര്‍മിച്ചതാണെന്ന് കണ്ടെത്തി എന്നുമാണ് ആരോപണം.
വീഡിയോ അതിവേഗം വൈറലായതോടെ ചില സംശയങ്ങളും കമന്റുകളായി എത്തുന്നുണ്ട്. വെളുത്തുള്ളിക്ക് തൂക്കം കൂട്ടാൻ, നിര്‍മിക്കാൻ ചെലവും ബുദ്ധിമുട്ടും ഉള്ള സിമന്റ് വെളുത്തുള്ളി ഉപയോഗിക്കുമോ എന്നാണ് ചോദ്യം. അതേസമയം, വ്യാജ വെളുത്തുള്ളിയുടെ കാര്യം, നിരവധി ദേശീയമാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. എന്നാൽ ഔദ്യോഗിക വിശദീകരണങ്ങളോ, റിപ്പോര്‍ട്ടുകളോ പുറത്തുവന്നിട്ടില്ല.