News

അധികമായി ഒരു ഗ്രാം പോലും പറ്റില്ല ; ആർത്തവത്തിന്റെ പേരിൽ ഇളവ് നൽകാനാവില്ല; വിനേഷിന്‍റെ അപ്പീലിൽ വിധി പകര്‍പ്പ് പുറത്ത്

പാരീസ്: ഒളിംപിക്‌സ് ഗുസ്തി ഫൈനലില്‍ നിന്ന് 100 ഗ്രാം അധിക ഭാരത്തിന്റെ പേരില്‍ അയോഗ്യയാക്കിയതിനെതിരെ വിനേഷ് ഫോഗട്ട് നല്‍കിയ അപ്പീലിനെതിരായ കായിക കോടതിയുടെ വിശദമായ വിധിയുടെ പകർപ്പ് പുറത്ത്. ഭാരം നിശ്ചിത പരിധിയിൽ നിലനിർത്തേണ്ടത് താരത്തിന്റെ ഉത്തരവാദിത്തമാണെന്ന് കായിക കോടതിയുടെ വിധിയില്‍ പറയുന്നു. 24 പേജുള്ള വിശദമായ ഉത്തരവ് പുറത്തുവന്നു..

ഭാരം സംബന്ധിച്ച നിയമം വിനേഷിനും അറിയാവുന്നതാണെന്നും നിയമം എല്ലാ താരങ്ങൾക്കും ഒരു പോലെ ബാധകമാണെന്നും കായിക കോടതിയുടെ വിധിയില്‍ പറയുന്നു. ആർത്തവ ദിവസങ്ങൾ കണക്കിലെടുത്ത് ഇളവ് അനുവദിക്കണമെന്ന ആവശ്യം അംഗീകരിക്കാനാകില്ലെന്നും കോടതിയുടെ ഉത്തരവില്‍ പറയുന്നുണ്ട്. ഇത്തരം ഇളവ് നൽകാൻ നിലവിലെ നിയമം അനുവദിക്കുന്നില്ലെന്നും 50 കിലോയെക്കാൾ ഒരു ഗ്രാം പോലും കൂടരുതെന്നാണ് ചട്ടമെന്നും കായിക കോടതിയുടെ വിധിയില്‍ വ്യക്തമാക്കുന്നു.

ശ്രദ്ധേയമായ പരാമർശങ്ങളും കായിക കോടതിയുടെ വിധിയിലുണ്ട്. രണ്ടാമത്തെ ഭാരപരിശോധനയുടെ പ്രത്യാഘാതം നിർദയമെന്നാണ് കോടതി ഉത്തരവില്‍ പറയുന്നത്. താരം മനഃപൂർവം വരുത്താത്ത പിഴവിനും കടുത്ത ശിക്ഷയാണ് അനുഭവിക്കുന്നത്. പൂർത്തിയായ മത്സരങ്ങൾക്ക് അനുസരിച്ച് ഫലപ്രഖ്യാപനം നടത്തുകയാണ് അനുയോജ്യം. എന്നാൽ യുണൈറ്റഡ് വേൾഡ് റെസ്‌ലിംഗ് (യുഡബ്ല്യുഡബ്ല്യു) നിയമത്തിന് അപ്പുറത്തേക്ക്‌ പോകുന്നതിന് കോടതിക്ക് പരിധിയുണ്ടെന്നും വിധിയില്‍ കൂട്ടിച്ചേര്‍ക്കുന്നു.

50 കിലോഗ്രാം ഫ്രീസ്റ്റൈൽ ഗുസ്തിയിൽ ഫൈനലിലേക്ക് മുന്നേറിയ വിനേഷിനെ അന്താരാഷ്ട്ര ഒളിംപിക് അസോസിയേഷനാണ് അയോഗ്യയാക്കിയത്. 100 ഗ്രാം ഭാരകൂടുതലുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നായിരുന്നു നടപടി. ഫൈനൽ വരെ മാനദണ്ഡങ്ങൾ പാലിച്ചതിനാൽ വെള്ളി മെഡൽ നൽകണമെന്നായിരുന്നു വിനേഷ് ഫോഗട്ടിന്‍റെ ആവശ്യം. എന്നാൽ നിയമത്തിൽ വിട്ടുവീഴ്ച ചെയ്യാനാകില്ലെന്ന അന്താരാഷ്ട്ര ഗുസ്തി ഫെഡറേഷന്‍റെ വാദം അംഗീകരിച്ചാണ് വിനേഷിന്‍റെ അപ്പീൽ കോടതി തള്ളിയത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker