KeralaNews

‘കൊള്ളലാഭം കൊയ്യുന്ന ഗ്രൂപ്പ് ടിക്കറ്റെന്ന ബ്ലാക്ക് ടിക്കറ്റ്; ഒരു പ്രവാസിയും ഗ്രൂപ്പ് ടിക്കറ്റ് വാങ്ങരുതേ’; അഭ്യര്‍ത്ഥനയുമായി പ്രവാസി യുവാവ്

കോഴിക്കോട്: വിമാനടിക്കറ്റ് ലഭിക്കാതിരിക്കുന്ന അവസരത്തില്‍ അവസാന അത്താണിയായി മുന്നില്‍ പ്രത്യക്ഷപ്പെടുന്ന ഗ്രൂപ്പ് ടിക്കറ്റ് എന്ന വിപത്തിനെ കുറിച്ച് തുറന്നെഴുതി പ്രവാസിയായ ഫൈസല്‍ അക്സ. വിമാനക്കമ്പനികളുടെയും ടിക്കറ്റ് ബുക്ക് ചെയ്യുന്ന ട്രാവല്‍സിന്റേയും ഔദാര്യമെന്ന നിലയില്‍ നിലവിലെ ടിക്കറ്റ് വിലയേക്കാള്‍ ആയിരമോ രണ്ടായിരമോ വിലക്കുറവില്‍ ലഭിക്കുന്ന ഗ്രൂപ്പ് ടിക്കറ്റ് യഥാര്‍ത്ഥത്തില്‍ കൊള്ളലാഭം കൊയ്യാനുള്ള വന്‍കിട കമ്പനികളുടെ തുറുപ്പുചീട്ടാണെന്ന് ഫൈസല്‍ അക്സ വ്യക്തമാക്കുന്നു.

ആദ്യത്തെ അമ്പത് നൂറ് ടിക്കറ്റുകള്‍ ബേസിക്ക് ഫെയറിനാണ് വിമാന കമ്പനികള്‍ ഓണ്‍ലൈനില്‍ ഇടുക. വന്‍കിട ട്രാവല്‍സുകള്‍ വിമാനക്കമ്പനിയുടെ അറിവോടെ തന്നെ ഈ ടിക്കറ്റുകള്‍ ഏഴായിരത്തിനും എട്ടായിരത്തിനും എടുത്തു വെക്കും. ആദ്യത്തെ 100 ടിക്കറ്റുകള്‍ ചൂടപ്പം പോലെ വിറ്റ് പോയത് കൊണ്ട് ബാക്കിയുള്ള ടിക്കറ്റുകള്‍ ഫെയര്‍ സ്റ്റേജ് മാറി ഉയര്‍ന്ന റേറ്റ് ആയിരിക്കും വിമാന കമ്പനികള്‍ ഓണ്‍ലൈനില്‍ ഇടുക. പിന്നീട് ടിക്കറ്റ് എടുക്കാന്‍ വരുന്നവര്‍ ഉയര്‍ന്ന തുക കണ്ട് അമ്പരക്കും.

പക്ഷെ, ഈ സമയത്താണ് ഗ്രൂപ്പ് ടിക്കറ്റ് മുതലാളിമാരുടെ രംഗ പ്രവേശനം ഉണ്ടാവുക. ബേസിക്ക് ഫെയറില്‍ ഇവര്‍ സ്വന്തമാക്കിയ ടിക്കറ്റ് ഇരട്ടിയിലധികം വിലയ്ക്കും, എന്നാല്‍ വിമാന കമ്പനികള്‍ അവസാനം ഓണ്‍ലൈനില്‍ കൊടുക്കുന്നതിനെക്കാള്‍ ആയിരവും രണ്ടായിരവും കുറച്ചുള്ള തുകയിലും ഇവര്‍ ടിക്കറ്റ് വില്‍ക്കും. നാട്ടിന്‍ പുറങ്ങളിലെ ചോട്ടാ ട്രാവല്‍സുകള്‍ക്ക് ഒക്കെ കൂടുതല്‍ കമ്മീഷന്‍ ഓഫര്‍ ചെയ്ത് കൊണ്ടാണ് ഈ ടിക്കറ്റ് വില്‍പ്പന.

ഇവര്‍ ഏഴായിരത്തിനും എട്ടായിരത്തിനും വാങ്ങിച്ചുവെച്ച ടിക്കറ്റുകള്‍ ആണ് പ്രവാസികള്‍ പതിനെട്ടായിരവും ഇരുപതിനായിരവും കൊടുത്ത് ഇവന്മാരുടെ എല്ലാ നിയമങ്ങളും അംഗീകരിച്ചു സ്വന്തമാക്കുന്നത് എന്ന് ഫൈസല്‍ ഫേസ്ബുക്കില്‍ കുറിക്കുന്നു. ദുബായിയിലേക്കുള്ള മടക്കയാത്രയ്ക്ക് ടിക്കറ്റെടുത്ത തനിക്ക് ഉണ്ടായ ദുരനുഭവമാണ് ഫൈസല്‍ അക്സ ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കുന്നത്.

ഫൈസല്‍ അക്സയുടെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം.

വിമാന കമ്പനികളുടെ കൊള്ളയും അതിന് കൂട്ടു നില്‍ക്കുന്ന നാട്ടിലെ കുത്തക ട്രാവല്‍ ഏജന്‍സികളുടെ ഗ്രൂപ്പ് ടിക്കറ്റ് എന്ന ബ്ലാക്ക് ടിക്കറ്റ് വില്‍പ്പനയും. പത്ത് ദിവസങ്ങള്‍ക്ക് മുമ്പാണ് വളരെ അത്യാവശ്യമുള്ളത് കൊണ്ട് നാട്ടിലേക്ക് പോയത്
പോകുമ്പോള്‍ റിട്ടേണ് ടിക്കറ്റ് റേറ്റ് പരിശോധിച്ചപ്പോള്‍ 20000 രൂപ . പക്ഷേ തിരിച്ചു വരുന്ന ഡേറ്റ് മുന്‍കൂട്ടി തീരുമാനിക്കാന്‍ സാധിക്കാത്തത് കൊണ്ട് oneway ടിക്കറ്റ് മാത്രം എടുത്ത് നാട്ടിലേക്ക് പോയി .30 ന് തിരിച്ചു വരാന്‍ ടിക്കറ്റ് നോക്കുമ്പോഴാണ് രസം ടിക്കറ്റ് റേറ്റ് 25000. ട്രാവല്‍ ഏജന്‍സിയിലെ പയ്യന്‍ പറഞ്ഞു രണ്ട് സീറ്റ് മാത്രമാണ് കാണിക്കുന്നത് അത് ഫില്‍ ആയാല്‍ 28000 രൂപയുടെ ടിക്കറ്റ് എടുക്കേണ്ടി വരും എന്ന്. പിന്നെ ഒന്നും നോക്കിയില്ല 25000 കൊടുത്തു എടുത്തു ടിക്കറ്റ്
അങ്ങിനെ ആ വിമാനത്തില്‍ അവസാനം ബാക്കിയുണ്ടായിരുന്ന ടിക്കറ്റ് സ്വന്തമാക്കി എന്ന ചാരിതര്‍ഥ്യത്തില്‍ സുഖമായി കിടന്നുറങ്ങി…വരുന്നതിന്റെ തലേ ദിവസം നാദാപുരത്ത് പോയപ്പോള്‍ വെറുതെ ഒരു ട്രാവല്‍സില്‍ കയറി ടിക്കറ്റ് റേറ്റ് അന്വേഷിച്ചു 26500 എന്ന് പറഞ്ഞു. തിരിച്ചു പോരുമ്പോള്‍ പറഞ്ഞു ഗ്രൂപ്പ് ടിക്കറ്റ് ഉണ്ട് 24000 രൂപക്ക് കിട്ടും എന്ന്
ഞാന്‍ വേണ്ട എന്നും പറഞ്ഞു തിരിച്ചു പോന്നു… അങ്ങിനെ ദുബായിലേക്ക് വരാന്‍ രണ്ട് പ്രാവശ്യം മൂക്കില്‍ കുഴല്‍ കയറ്റി മൂക്ക് വീതിയാക്കി കൊറോണ ഇല്ല എന്നും ഉറപ്പ് വരുത്തി വിമാനത്തില്‍ കയറിയിരുന്നു
വിമാനം നീങ്ങാന്‍ തുടങ്ങിയപ്പോഴാണ് ഞാന്‍ ആ ഞെട്ടിക്കുന്ന സത്യം മനസ്സിലാക്കിയത് എന്റെ അടുത്തിരിക്കേണ്ട ആളുകള്‍ ഒന്നും വിമാനത്തില്‍ കയറിയിട്ടില്ല… ഞാന്‍ ചാടിയെഴുന്നേറ്റു എയര്‍ ഹോസ്റ്റസ് അമ്മായിയോട് പറഞ്ഞു ആള്‍ കയാറാനുണ്ട് എന്റെ അടുത്തിരിക്കുന്നവരൊന്നും കയറിയിട്ടില്ല എന്ന്. അപ്പോഴാണ് ആ അമ്പരപ്പിക്കുന്ന സത്യം എയര്‍ ഹോസ്റ്റസ് അമ്മായി എന്നോട് പറയുന്നത്.

തന്റെ അടുത്തിരിക്കുന്നവര്‍ മാത്രമല്ല പിന്നാമ്പുറത്ത് ഇരിക്കേണ്ട പലരും കയറിയിട്ടില്ല ടിക്കറ്റ് എടുക്കാതെ അവര്‍ക്കൊന്നും ഇതില്‍ കയറാന്‍ പറ്റില്ല എന്ന്. ഞാന്‍ അമ്മായിയോട് പറഞ്ഞു അങ്ങിനെ പറയരുത് ഈ വിമാനത്തിലെ അവസാനത്തെ ടിക്കറ്റ് ഞാനാണ് എടുത്തത് എന്ന്…തനിക്ക് കിട്ടിയ മൂന്ന് സീറ്റില്‍ കിടന്നുറങ്ങിക്കോ മനുഷ്യാ എനിക്ക് വേറെ പണിയുണ്ട് എന്നും പറഞ്ഞു എയര്‍ ഹോസ്റ്റസ് അമ്മായി അവളുടെ പാട്ടിന് പോയി….ബിസിനസ്സ് ക്ലാസില്‍ കിടന്നുറങ്ങുന്ന അത്ര സുഖം കിട്ടിയില്ല എങ്കിലും (അതേതാ സുഖം എന്നനിക്കറിയില്ല കാരണം ഞാന്‍ ബിസ്സിനസ് ക്ലാസ്സില്‍ ഇറങ്ങിയിട്ടില്ല)
നന്നായിട്ടൊന്നുറങ്ങി. ഉറങ്ങുന്നതിനിടക്ക് ദാഹിച്ചു മരിക്കാന്‍ കിടന്നാല്‍ പോലും പച്ച വെള്ളം തരാത്ത ആ വിമാനത്തിലെ എയര്‍ ഹോസ്റ്റസ് അമ്മായി ഇന്‍സ്റ്റന്റ് ചിക്കന്‍ കറി വിത്ത് റൈസ് കൂടെ ഒരു pomogranate ജ്യൂസും ഒരു കുപ്പി വെള്ളവും….

എനിക്ക് വയ്യ എന്റെ അത്തിപ്പാറ അമ്മച്ചി ഞാണിതെന്തൊക്കെയാണ് കാണുന്നത് . ഈ തൂക്കി കൊല്ലാന്‍ പോകുന്നവര്‍ക്ക് അവസാനം വെള്ളം കൊടുക്കുന്നത് പോലെ. വാങ്ങിയ പൈസക്ക് വിമാന കമ്പനിക്ക് ഖേദം തോന്നിയത് കൊണ്ട് തന്നതാകാം
ദുബായില്‍ എത്തിയപ്പോഴും 30%ത്തോളം വരുന്ന ആ സീറ്റ് ബാക്കി വന്നതിന്റെ രഹസ്യം മനസ്സിലായില്ല. അന്വേഷിച്ചിറങ്ങിയപ്പോള്‍ ആ ഞെട്ടിക്കുന്ന സത്യം എനിക്ക് മനസ്സിലായി. എന്താ സംഭവം എന്ന് വെച്ചാല്‍ നമ്മള്‍ പണ്ട് തിരക്കുള്ള സിനിമക്ക് പോകുമ്പോള്‍ കയ്യൂക്കുള്ളവര്‍ മുമ്പില്‍ ഇടിച്ചു കയറി നല്ലൊരു ശതമാനം ടിക്കറ്റ് തിയേറ്ററുകരുടെ അറിവോടെ ഇവര്‍ കയ്യിലാക്കും കൗണ്ടറിലെ ടിക്കറ്റ് വിറ്റ് കഴിഞ്ഞാല്‍ ഇവര്‍ പറയുന്നതാണ് ടിക്കറ്റ് വില അതായത് പച്ച മലയാളത്തില്‍ പറഞ്ഞാല്‍ സോറി ഇംഗ്ളീഷില്‍ പറഞ്ഞാല്‍ ബ്ലാക്ക് ടിക്കറ്റ് എന്ന് പറയും നല്ല ഡിമാന്റ് ഇല്ലെങ്കില്‍ കുറച്ചു ടിക്കറ്റ് അവരുടെ കയ്യില്‍ ബാക്കിയാവും അത് പോലെ ബാക്കിയായതാണ് ആ 30% സീറ്റുകള്‍. ഇതേ മെത്തേഡ് തന്നെയാണ് വിമാന കമ്പനികളും ചില കുത്തക ട്രാവല്‍ ഏജന്‍സികളും കൂടി നാട്ടില്‍ നടപ്പിലാക്കുന്നത്
എന്താണ് എന്ന് വെച്ചാല്‍ ആദ്യത്തെ അമ്പത് നൂറ് ടിക്കറ്റുകള്‍ ബേസിക്ക് ഫെയറിനാണ് വിമാന കമ്പനികള്‍ ഓണ്ലൈനില്‍ ഇടുക ആ ടിക്കറ്റുകള്‍ വിമാന കമ്പനിയുടെ അറിവോട് കൂടി ഗ്രൂപ്പ് ടിക്കറ്റ് എന്ന ഓമന പേരും ഇട്ട് ഈ കുത്തക ട്രാവല്‍സ് കമ്പനികള്‍ വാങ്ങി കൂട്ടും

ആദ്യത്തെ 100 ടിക്കറ്റുകള്‍ ചൂടപ്പം പോലെ വിറ്റ് പോയത് കൊണ്ട് ബാക്കിയുള്ള ടിക്കറ്റുകള്‍ ഫെയര്‍ സ്റ്റേജ് മാറി ഉയര്‍ന്ന റേറ്റ് ആയിരിക്കും വിമാന കമ്പനികള്‍ ഓണ്ലൈനില്‍ ഇടുക. ഈ ടിക്കറ്റുകള്‍ വിറ്റ് കഴിഞ്ഞാലാണ് നമ്മുടെ ഗ്രൂപ്പ് ടിക്കറ്റ് മുതലാളിമാരുടെ രംഗ പ്രവേശനം ഉണ്ടാകുക നാട്ടിന്‍ പുറങ്ങളിലെ ചോട്ടാ ട്രാവല്‍സുകള്‍ക്ക് ഒക്കെ ഇവന്മാര്‍ കൂടുതല്‍ കമ്മീഷന്‍ ഓഫര്‍ ചെയ്ത് കൊണ്ട് ബേസിക്ക് ഫെയറില്‍ ഇവര്‍ സ്വന്തമാക്കിയ ടിക്കറ്റ് ഇരട്ടിയിലധികം വിലക്ക് അതായത് വിമാന കമ്പനികള്‍ അവസാനം ഓണ്ലൈനില്‍ കൊടുക്കുന്നതിനെക്കാള്‍ ആയിരവും രണ്ടായിരവും കുറച്ചു കൊടുക്കും. അതിന് ചില നിബന്ധനകളും ഗ്രൂപ്പ് ടിക്കറ്റുകള്‍ക്ക് ഉണ്ടാവും. കെന്‍സല്‍ ചെയ്താല്‍ ഒരു രൂപ റീഫണ്ട് കിട്ടില്ല
ഡേറ്റ് മാറ്റാന്‍ പറ്റില്ല തുടങ്ങി പല നിയമങ്ങളും ഈ ഗ്രൂപ്പ് ടിക്കറ്റിന് ഉണ്ടാവും.

ഏഴായിരത്തിനും എട്ടായിരത്തിനും ഇവന്മാര്‍ എടുത്തു വെച്ച ടിക്കറ്റുകള്‍ ആണ് നമ്മള്‍ പതിനെട്ടായിരവും ഇരുപതിനായിരവും കൊടുത്ത് ഇവന്മാരുടെ എല്ലാ നിയമങ്ങളും അംഗീകരിച്ചു സ്വന്തമാക്കുന്നത്…. പ്രിയപ്പെട്ട പ്രവാസികളോട് എനിക്ക് പറയാനുള്ളത് എത്ര ലാഭം കിട്ടിയാലും വെറുതെ കിട്ടിയാലും നിങ്ങള്‍ ഗ്രൂപ്പ് ടിക്കറ്റ് എടുക്കരുത്‌ന മ്മുടെ കയ്യിലിരിക്കുന്ന കോടാലി കൊണ്ട് നമ്മുടെ കാലിന് വെട്ടുന്നതിന് തുല്യമാണത്ടിക്കറ്റ് ട്രാവല്‍സില്‍ നിന്ന് എടുക്കുകയാണെങ്കിലും കഴിയുന്നതും വിമാന കമ്പനികളുടെ സൈറ്റില്‍ നിന്ന് തന്നെ ടിക്കറ്റ് സ്വന്തമാക്കുകഗ്രൂപ്പ് ടിക്കറ്റ് ഒഴിവാക്കുകയാത്ര മുന്‍കൂട്ടി പ്ലാന്‍ ചെയ്യുക ഒരിക്കല്‍ കൂടി പറയുന്നു ഒരു പ്രവാസിയും ഗ്രൂപ്പ് ടിക്കറ്റ് എന്ന ഓമനപ്പേരിട്ട് വിളിക്കുന്ന കരിചന്തയില്‍ കിട്ടുന്ന ബ്ലാക്ക് ടിക്കറ്റ് മേടിക്കരുത്ഇത് ഒരു പ്രവാസിയുടെ അഭ്യര്‍ഥനയാണ്എന്ന് നിങ്ങളുടെ സ്വന്തം ഫൈസല്‍ അക്സ

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button