ഒരു വോട്ടിന് പരാജയപ്പെട്ടു; സ്ഥാനാര്‍ത്ഥിയും ഭര്‍ത്താവും സി.പി.എമ്മില്‍ നിന്ന് രാജിവച്ചു

കൊല്ലം: ഗ്രാമപഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ഒരു വോട്ടിന് പരാജയപ്പെട്ട പാര്‍ട്ടി അംഗവും ഭര്‍ത്താവും സിപിഎമ്മില്‍ നിന്ന് രാജിവച്ചു. എഴുകോണ്‍ ഗ്രാമപഞ്ചായത്തിലെ ചീരന്‍കാവ് 15-ാം വാര്‍ഡില്‍ മത്സരിച്ച ലതാ പ്രബലനും ഭര്‍ത്താവ് ആര്‍. പ്രബലനുമാണ് പാര്‍ട്ടിയില്‍ നിന്ന് രാജിവച്ചത്. തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി അംഗങ്ങള്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയെ സഹായിക്കുന്ന സമീപനം കൈക്കൊണ്ടെന്ന് ആരോപിച്ചാണ് രാജി.

ബ്രാഞ്ച് സെക്രട്ടറി അടക്കമുള്ള ചില അംഗങ്ങള്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി മഞ്ജു രാജിന് വേണ്ടി പ്രവര്‍ത്തിച്ചതിന്റെ ഫലമായാണ് ലത പ്രബലന്‍ തോറ്റതിന് പിന്നിലെന്നും അതുകൊണ്ടാണ് രാജിയെന്നും പ്രബലന്‍ പറഞ്ഞു. യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയ്ക്ക് 439 വോട്ടും ലതാ പ്രബലന് 438 വോട്ടുമാണ് ലഭിച്ചത്.

ജില്ലാ പഞ്ചായത്ത് സ്ഥാനാര്‍ത്ഥിയ്ക്ക് 65 വോട്ടിന്റെ ലീഡ് ഉള്ള ബൂത്തില്‍ പഞ്ചായത്ത് സ്ഥാനാര്‍ത്ഥിയ്ക്ക് വോട്ട് കുറഞ്ഞത് അട്ടിമറിയിലൂടെയാണെന്ന് പ്രബലന്‍ ആരോപിച്ചു. ലതാ പ്രബലന്‍ രണ്ട് തവണ പഞ്ചായത്ത് അംഗം ആയിട്ടുണ്ട്. നിലവില്‍ മഹിളാ അസോസിയേഷന്‍ വെസ്റ്റ് വില്ലേജ് കമ്മിറ്റി അംഗമാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News