KeralaNews

ആർ ശ്രീലേഖ ദിലീപിനെ വെള്ളപൂശുന്നതെന്തിന്? വസ്തുതകളുമായി ശ്രീലേഖയുടെ വാദങ്ങൾക്ക് ബന്ധമില്ല

കൊച്ചി : നടിയെ ആക്രമിച്ച കേസിൽ ആർ ശ്രീലേഖയുടെ അവകാശവാദങ്ങൾ പലതും പ്രോസിക്യൂഷൻ കേസുമായി ഒത്തുപോകുന്നതല്ല. അ‍ർധ സത്യങ്ങളോ അസത്യങ്ങളോ ആണ് ഇവയെന്നാണ് നിരീക്ഷണം. കോടതി അന്തിമവിധി പറയും മുമ്പ് വിചാരണയിലിരിക്കുന്ന കേസിൽ ശ്രീലേഖ നിഗമനത്തിലെത്തിയതാണ് ചോദ്യം ചെയ്യപ്പെടുന്നതും.

നടിയെ ആക്രമിച്ച കേസിലെ എട്ടാം പ്രതിയായ ദിലീപിനെ നിരപരാധിയെന്ന് മുദ്രകുത്തി ആർ ശ്രീലേഖ നടത്തിയ പരാമർശങ്ങളുടെ യുക്തി കൂടിയാണ് ഈ ഘട്ടത്തിൽ ചോദ്യം ചെയ്യപ്പെടുന്നത്. ജയിലിൽ നിന്ന് പൾസർ സുനി പറഞ്ഞിട്ടാണ് വിപിൻ ലാൽ  കത്തെഴുതിയതെന്ന് സഹതടവുകാരടക്കം മൊഴി നൽകിയിരുന്നു.

എന്നാൽ മറ്റാരുടെയോ നിർദേശപ്രകാരം ജയിലിന് പുറത്ത് വച്ച് വിപിൻ ലാൽ കത്തെഴുതിയെന്നാണ് ശ്രീലേഖ തന്റെ യൂട്യൂബ് വീഡിയോയിലൂടെ വാദിക്കുന്നത്. എന്നാൽ ജയിലിലെ സെല്ലിൽ കിടന്ന് വിപിൻ ലാലിനെക്കൊണ്ട് പൾസർ സുനി കത്തെഴുതിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കിയിരുന്നു. ഈ കത്തിലെ കൈയ്യക്ഷരം തന്‍റേതാണെന്ന് വിപിൻ ലാലും സമ്മതിച്ചിട്ടുണ്ട്. 

2022 ൽ പൾസർ സുനിയുടെ അമ്മയുടെ പക്കൽ നിന്ന് കിട്ടിയത് മറ്റൊരു കത്താണെന്നും ഇതിന് വിപിൻ ലാൽ എഴുതിയതുമായി ബന്ധമില്ലെന്നുമാണ് പ്രോസിക്യൂഷൻ പറയുന്നത്. പൊലീസുകാരാണ് ജയിലിനുളളിലേക്ക് ഫോൺ കടത്തിയതെന്ന ശ്രീലേഖയുടെ വാദത്തെയും പ്രോസിക്യൂഷൻ നിരാകരിക്കുന്നു.

ഫോൺ ഒളിപ്പിച്ച് കടത്തിയ ചെരുപ്പ് പിന്നീട് ജയിൽ വളപ്പിനുളളിൽ അവശിഷ്ടങ്ങൾ കത്തിച്ചുകളയുന്ന കൂട്ടത്തിൽ നശിപ്പിച്ചുവെന്നാണ്  പൾസർ സുനി തന്നെ നൽകിയ മൊഴി. ദിലീപും സുനിൽകുമാറും ഒരു ടവ‍ർ ലൊക്കേഷനിൽ വന്നത് ഗൂഡാലോചനയ്ക്ക് തെളിവല്ലെന്ന ശ്രീലേഖയുടെ വാദത്തെയും അന്വേഷണസംഘം  നിരാകരിക്കുന്നു. 

കൊച്ചിയിൽ ‘മഴവില്ലഴകിൽ അമ്മ’ എന്ന പരിപാടിയ്ക്കിടെയാണ് ദിലീപും ആക്രമക്കപ്പെട്ട നടിയും തമ്മിൽ വഴക്കുണ്ടാകുന്നത്. അതിന് താരങ്ങളും സാക്ഷികളാണ്. പൾസർ സുനിയുടെ പശ്ചാത്തലമറിയാവുന്ന ദിലീപ് അവിടെ വെച്ചാണ് ക്വട്ടേഷൻ നൽകിയത്. പൾസർ സുനിയെ പിടികൂടി ചോദ്യം ചെയ്ത ആദ്യ അന്വേഷണസംഘത്തോട് ദിലീപിന്‍റെ പങ്കാളിത്തത്തെപ്പറ്റി എന്തുകൊണ്ട് മിണ്ടിയില്ല എന്ന ശ്രീലേഖയുടെ ചോദ്യത്തെയും പ്രോസിക്യൂഷൻ നിരാകരിക്കുന്നു.

ഉന്നതർ ഉൾപ്പെട്ട ഗൂഡാലോചന നടന്നുവെന്ന് ബോധ്യപ്പെട്ട സാഹചര്യത്തിലാണ് ആദ്യ കുറ്റപത്രത്തിനുശേഷം അന്വേഷണസംഘം വിപുലീകരിച്ച് വിശദമായി അന്വേഷിച്ച് ദിലീപിലേക്കെത്തിയത്.  നടിയെ ആക്രമിച്ച കേസിൽ ഒരുഘട്ടത്തിൽപ്പോലും ഭാഗമായിട്ടില്ലാത്ത ശ്രീലേഖ ജോലിയിൽ നിന്ന് വിരമിച്ച ശേഷം നടത്തുന്ന പരാർമർശങ്ങൾരക്കെതിരെ അന്വേഷണസംഘം നിയമപരമായി നീങ്ങുന്നതും ഇതുകൊണ്ടുതന്നെയാണ്. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button