കോഴിക്കോട്: കോഴിക്കോട് പോലൂരിനടുത്ത് കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ പുത്തന്‍ അന്വേഷണ രീതികളുമായി ക്രൈംബ്രാഞ്ച്. കൊല്ലപ്പെട്ടയാളുടെ മുഖം പുനസൃഷ്ടിച്ച് വിവരങ്ങള്‍ ശേഖരിക്കാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം. ഇതിനായി വെസ്റ്റ്ഹില്‍ ശ്മശാനത്തില്‍ നിന്നു മൃതദേഹം പുറത്തെടുക്കാനുള്ള നടപടികള്‍ ക്രൈംബ്രാഞ്ച് ആരംഭിച്ചു.
2017 സെപ്റ്റംബറിലാണ് പോലൂരിലെ ആളൊഴിഞ്ഞ പറമ്പില്‍ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ മൃതദേഹം പുരുഷന്റേതാണെന്നും ഏകദേശം നാല്‍പ്പത് വയസോളം പ്രായം ഉണ്ടാകുമെന്നും കണ്ടെത്തി. മുഖം കത്തിക്കരിഞ്ഞിരുന്നതിനാല്‍ ആളെ തിരിച്ചറിയാന്‍ സാധിച്ചിരുന്നില്ല. പോസ്റ്റ്മോട്ടത്തില്‍ കഴുത്തില്‍ കയര്‍ കുടുങ്ങിയാണ് ഇയാള്‍ മരിച്ചതെന്നും വ്യക്തമായി. തുടര്‍ന്ന് മരണം കൊലപാതകമാണെന്ന നിഗമനത്തില്‍ പോലീസ് എത്തിച്ചേരുകയായിരിന്നു.
എന്നാല്‍ ഒരു വര്‍ഷത്തിന് ശേഷം അന്വേഷണം എങ്ങുമെത്താതായതോടെ കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുത്തു. അന്വേഷണത്തിന്റെ ഭാഗമായി സംഘം മൃതദേഹം കണ്ട പ്രദേശത്ത് പരിശോധന നടത്തുകയും സാക്ഷി മൊഴികള്‍ രേഖപ്പെടുത്തുകയും ചെയ്തിരുന്നു. ഇതിന് ശേഷമാണ് മുഖം പുന:സൃഷ്ടിക്കാന്‍ തീരുമാനിച്ചത്.
തലയോട്ടി ഉപയോഗിച്ച് ഫേഷ്യല്‍ റീ കണ്‍സ്ട്രക്ഷന്‍ സോഫ്റ്റുവെയറിന്റെ സഹായത്തോടെ മുഖം പുന:സൃഷ്ടിക്കുകയാണ് ലക്ഷ്യം. ഇത് ഉപയോഗിച്ച് രേഖാചിത്രം തയ്യാറാക്കും. ഇത് സാമൂഹ്യമാദ്ധ്യമങ്ങളിലടക്കം പ്രചരിപ്പിച്ച് കൊല്ലപ്പെട്ടയാളെക്കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കാനാണ് അന്വേഷണ സംഘത്തിന്റെ ശ്രമം.
കേരളത്തില്‍ ആദ്യമായാണ് ഫേഷ്യല്‍ റീ കണ്‍സ്ട്രക്ഷന്‍ സോഫ്റ്റുവെയറിന്റെ സഹായത്തോടെ കേസ് അന്വേഷണം നടത്തുന്നത്. ക്രൈംബ്രാഞ്ച് ഡിവൈഎസ്പി എം ബിനോയുടെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.