FeaturedNews

ഇന്ത്യയിൽ തുടരുമോ? നിലപാട് വ്യക്തമാക്കി ഫേസ്ബുക്ക്

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ പുതിയ ഐ.ടി നിയമം അനുസരിച്ച് മാറ്റങ്ങള്‍ വരുത്താന്‍ തയ്യാറാകുമെന്ന് ഫേസ്ബുക്ക്. മെയ് 26ന് ഇന്ത്യയില്‍ പുതിയ ഐടി നിയമം നടപ്പാകാനിരിക്കെയാണ് ഫേസ്ബുക്കിന്റെ തീരുമാനം. എന്നാല്‍ ചില കാര്യങ്ങളില്‍ സര്‍ക്കാരുമായി ആലോചിച്ച് കൂടുതല്‍ വ്യക്തത വരുത്താനുണ്ടെന്നും ഫേസ്ബുക്ക് അറിയിച്ചു.

2021 ഫെബ്രുവരിയിലാണ് കേന്ദ്ര ഐ.ടി മന്ത്രാലയം പുതിയ ഐടി നിയമം നടപ്പിലാക്കാന്‍ വാട്ട്‌സ് ആപ്പ്, ഫേസ്ബുക്ക്, ട്വിറ്റര്‍ അടക്കമുള്ള സമൂഹമാധ്യമങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയത്.

ഇതിനായി മൂന്ന് മാസം അനുവദിക്കുകയും ചെയ്തിരുന്നു. ഈ കാലാവധിയാണ് ഇന്ന് അവസാനിക്കുന്നത്. ട്വിറ്ററിന്റെ ഇന്ത്യന്‍ പതിപ്പായ കൂ മാത്രമാണ് കേന്ദ്രസര്‍ക്കാരിന്റെ പുതിയ സമൂഹമാധ്യമ മാര്‍ഗനിര്‍ദേശങ്ങള്‍ നടപ്പിലാക്കിയിരിക്കുന്നത്.

കേന്ദ്രസര്‍ക്കാരിന്റെ പുതിയ നിര്‍ദേശം പ്രകാരം ഇന്ത്യയില്‍ നിന്നുള്ള ഒരു ഉദ്യോഗസ്ഥനെ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമില്‍ നിയമിക്കണം. സമൂഹമാധ്യമങ്ങളിലെ പോസ്റ്റുകളുമായി ബന്ധപ്പെട്ട പരാതികള്‍ പരിഹരിക്കുക, കണ്ടന്റുകള്‍ പരിശോധിക്കുക, വേണ്ടിവന്നാല്‍ പോസ്റ്റ് നീക്കം ചെയ്യുക എന്നിവയെല്ലാം ഈ വ്യക്തിയുടെ ചുമതലയായിരിക്കും. സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ മാത്രമല്ല, ഒടിടികള്‍ക്കും ഇത് ബാധകമാണ്.

കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം അനുസരിച്ചില്ലെങ്കില്‍ പ്രവര്‍ത്തനത്തെ ബാധിക്കുമോ ഇല്ലയോ എന്ന കാര്യത്തില്‍ ഇതുവരെ വ്യക്തത വന്നിട്ടില്ല. നാളെയോടെ ഇക്കാര്യത്തില്‍ വ്യക്തത വരുമെന്ന് സൂചന.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button