KeralaNews

ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്ററുടെ ഫേസ്ബുക്ക് പേജില്‍ പ്രതിഷേധപ്പൊങ്കാല; ലക്ഷത്തിനുമേല്‍ കമന്റുകള്‍

കൊച്ചി:ലക്ഷദ്വീപിലെ അഡ്മിനിസ്ട്രേറ്റർ നടപ്പാക്കുന്ന പുതിയ നയങ്ങൾക്കെതിരേ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്. കേരളത്തോട് ഏറ്റവും കൂടുതൽ ബന്ധം പുലർത്തുന്ന ലക്ഷദ്വീപിനും അവിടുത്തെ നിവസികൾക്കും കേരളത്തിൽനിന്ന് ശക്തമായ പിന്തുണ ലഭിക്കുന്നുണ്ട്. ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ പ്രഫുൽ പട്ടേലിനെതിര രൂക്ഷവിമർശനവുമായി അദ്ദേഹത്തിന്റെ ഫെയ്സ്ബുക്ക് പേജിൽ മലയാളികളുടെ കടുത്ത പ്രതിഷേധമാണ് ഇപ്പോൾ ഉയരുന്നത്. ലക്ഷത്തിന് മേൽ കമന്റുകളാണ് ഒരു പോസ്റ്റിനു കീഴിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

ലക്ഷദ്വീപ് നിവാസികളുടെ സ്വര്യജീവിതം തകർക്കാനുള്ള നീക്കത്തിൽനിന്ന് അഡ്മിനിസ്ട്രേറ്റർ പിൻമാറണമെന്നാവശ്യപ്പെട്ടാണ് മലയാളികൾ കമന്റുകളുമായി രംഗത്തെത്തിയിരിക്കുന്നത്. പ്രഫുൽ പട്ടേൽ അടുത്തിടെ ചെയ്ത ഏതാനും പോസ്റ്റുകൾക്ക് കീഴിലാണ് കമന്റുകൾ. അഡ്മിനിസ്ട്രേറ്റർ നടപ്പിലാക്കുന്ന പുതിയ നയങ്ങൾ ലക്ഷദ്വീപിന്റെ സംസ്കാരത്തെയും സാമൂഹ്യജീവിതത്തെയും തകർക്കുമെന്നും നടപടികളിൽ നിന്ന് പിൻമാറണമെന്നും കമന്റുകളിൽ ആവശ്യപ്പെടുന്നു. ഗോബാക്ക് പട്ടേൽ, സ്റ്റാൻഡ് വിത്ത് ലക്ഷദ്വീപ്, സേവ് ലക്ഷദ്വീപ് തുടങ്ങിയ ഹാഷ് ടാഗുകളുമായാണ് പ്രതിഷേധക്കമന്റുകൾ.

അഡ്മിനിസ്ട്രേറ്റർ നടത്തുന്നത് തികച്ചും ജനാധിപത്യവിരുദ്ധമായ നടപടികളാണെന്നും സമാധാനപരമായി ജീവിക്കുന്ന ജനതയെ ക്രൂരമായി ദ്രോഹിക്കുകയാണെന്നും കമന്റുകളിൽ ആരോപിക്കുന്നു. തികച്ചും ജനാധിപത്യവിരുദ്ധവും ഒരുവിധത്തിലും ന്യായീകരിക്കാനാകാത്തതുമായ നീക്കങ്ങളിൽനിന്ന് പിൻതിരിയണമെന്നാവശ്യപ്പെട്ടുകൊണ്ടാണ് മലയാളികളുടെ കമന്റ് ആക്രമണം. ഗുജറാത്ത് സ്വദേശിയായ പ്രഫുൽ പട്ടേലിന് മലയാളം മനസ്സിലാകില്ലെന്നതിനാൽ ഗുജറാത്തി ഭാഷയിലും നിരവധി കമന്റുകൾ മലയാളികളുടെ വകയായി പോസ്റ്റ് ചെയ്യപ്പെടുന്നുണ്ട്.

ഇതിനിടയിൽ അഡ്മിനിസ്ട്രേറ്ററുടെ നടപടികളെ ന്യായീകരിച്ചുകൊണ്ടും ഒരുവിഭാഗം രംഗത്തെത്തിയിട്ടുണ്ട്. ഇവരുമായി കടുത്ത ഏറ്റുമുട്ടലും കമന്റുകളുടെ രൂപത്തിൽ അഡ്മിനിസ്ട്രേറ്ററുടെ പേജിൽ നടക്കുന്നുണ്ട്.

സ്കൂളുകളിലെ മാംസാഹാരം നിരോധിക്കുക, താത്കാലിക ജീവനക്കാരെ പിരിച്ചുവിടുക, സർക്കാർ ഉടമസ്ഥതയിലുള്ള പശു ഫാമുകൾ അടച്ചുപൂട്ടുക തുടങ്ങിയ തീരുമാനങ്ങൾക്കൊപ്പം ദ്വീപിൽ ഗുണ്ടാ ആക്ടും നടപ്പാക്കുകയാണ് അഡ്മിനിസ്ട്രേറ്റർ പ്രഫുൽ പട്ടേൽ. കൂടാതെ ബീഫ് നിരോധിക്കുക, മദ്യശാലകൾ തുറക്കുക തുടങ്ങിയ നടപടികളും അഡ്മിനിസ്ട്രേറ്റർ സ്വീകരിക്കുന്നുണ്ട്. ഒരു പ്രത്യേക മതവിഭാഗത്തെ ലക്ഷ്യംവെച്ചുകൊണ്ടുള്ള നീക്കമാണ് ഇതെന്നും ബിജെപിയുടെ അജണ്ട നടപ്പാക്കുകയാണ് അഡ്മിനിസ്ട്രേറ്റർ ചെയ്യുന്നതെന്നുമാണ് ഉയരുന്ന ആരോപണം

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker