ഉക്രൈനെ രക്ഷിക്കുകയല്ല, റഷ്യയെ നശിപ്പിക്കുകയാണ് അമേരിക്കയുടെ ലക്ഷ്യം: അഡ്വ. ശ്രീജിത്ത് പെരുമന

തിരുവനന്തപുരം: ഉക്രൈന്‍- റഷ്യ വിഷയത്തില്‍ പ്രതികരിച്ച് അഡ്വക്കേറ്റ് ശ്രീജിത്ത് പെരുമന. ഉക്രൈനെ രക്ഷിക്കുകയല്ല, റഷ്യയെ നശിപ്പിക്കുകയാണ് അമേരിക്കയുടെ ലക്ഷ്യമോ എന്ന ചോദ്യം ഉന്നയിച്ചാണ് ശ്രീജിത്ത് പെരുമന രംഗത്തെത്തിയത്. ഉക്രൈനെ റഷ്യക്കെതിരെയുള്ള രാഷ്ട്രീയ ആയുധമാക്കുകയാണ് അമേരിക്കയെന്നും നാറ്റോയുടെ സൈനിക വിന്യാസം വേണ്ടെന്ന കരാര്‍ യുക്രൈന്‍ ലംഘിക്കുന്നുവെന്നും ശ്രീജിത്ത് തന്റെ ഫേസ്ബുക്ക് കുറിപ്പില്‍ കുറിച്ചു. അമേരിക്ക യുക്രൈന് ആയുധങ്ങള്‍ വിതരണം ചെയ്യുന്നുണ്ടെന്നും സൈനിക പ്രവര്‍ത്തനങ്ങള്‍ വര്‍ധിപ്പിക്കാനുള്ള എല്ലാ സൗകര്യങ്ങളും നല്‍കിയെന്നും ശ്രീജിത്ത് കൂട്ടിച്ചേര്‍ത്തു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:

ഉക്രൈനെ രക്ഷിക്കുകയല്ല, റഷ്യയെ നശിപ്പിക്കുകയാണ് അമേരിക്കയുടെ ലക്ഷ്യം ?
ഉക്രൈനെ റഷ്യക്കെതിരെയുള്ള രാഷ്ട്രീയ ആയുധമാക്കുകയാണ് അമേരിക്ക. നാറ്റോയുടെ സൈനിക വിന്യാസം വേണ്ടെന്ന കരാര്‍ യുക്രൈന്‍ ലംഘിക്കുന്നു. അമേരിക്ക യുക്രൈന് ആയുധങ്ങള്‍ വിതരണം ചെയ്യുന്നുണ്ട്. സൈനിക പ്രവര്‍ത്തനങ്ങള്‍ വര്‍ധിപ്പിക്കാനുള്ള എല്ലാ സൗകര്യങ്ങളും നല്‍കി. നാറ്റോ അതിര്‍ത്തികള്‍ വ്യാപിപ്പിച്ച് യുക്രൈനെ അതിന്റെ ഭാഗമാക്കിയെന്നതും യാഥാര്‍ഥ്യം.

യുക്രൈനില്‍ ഭരണമാറ്റം കൊണ്ടുവരാനാണ് യുഎസ്സിന്റെ ശ്രമം. ഇതിനായി അഞ്ച് ബില്യണാണ് യുഎസ് ചെലവിട്ടത്. റഷ്യ വിരുദ്ധ ദേശീയവാദികളെ യുക്രൈനില്‍ കൊണ്ടുവരാനായിരുന്നു അമേരിക്ക ശ്രമിച്ചത്. അതിനായി പണമൊഴുക്കി. റഷ്യന്‍ വിരുദ്ധ ദേശീയവാദികളാണ് വംശീയ ഉന്മൂലനം തുടങ്ങിയത്..

അമേരിക്കയ്ക്ക് ഉക്രൈനെ നാറ്റോയില്‍ ചേര്‍ത്തെ പറ്റൂ. റഷ്യ അതിനു സമ്മതിക്കില്ല. ഇപ്പോള്‍ തന്നെ നാറ്റോ റഷ്യയുടെ ചുറ്റും എല്ലാ രാജ്യത്തുമുണ്ട്. തൊട്ടടുത്തുള്ള ഉക്രൈന്‍ അതില്‍ ചേരുന്നത് അവരുടെ താല്പര്യങ്ങള്‍ക്ക് എതിരാകും. അതിനു തടയിടാന്‍ റഷ്യ ഏതറ്റം വരെയും പോകും. ഈ യുദ്ധത്തില്‍ നാറ്റോ/അമേരിക്ക/ബ്രിട്ടന്‍ പരസ്യമായി യുക്രൈനോട് കക്ഷി ചേര്‍ന്നാല്‍ അപ്പുറത്തു ചൈന റഷ്യയോട് ചേരും. വെരി ഡെയ്ഞ്ചറസ് സിറ്റുവേഷന്‍. ഇന്ത്യയേ സംബന്ധിച്ചു അമേരികയും വേണം റഷ്യയും വേണം. എവിടെ കക്ഷി ചേരണം എന്ന ആശയ കുഴപ്പത്തില്‍ ആണെങ്കിലും അമേരിക്കന്‍ സഖ്യത്തോട് ചേരാന്‍ തന്നെയാണ് സാധ്യത.

അധികാരം വിട്ടൊരു കളിയില്ലെന്നുള്ള പുട്ടിന്റെ പ്രാന്തും വെറും യുദ്ധവെറിയന്‍മാരായ അമേരിക്കയിലെ ഡെമോക്രാറ്റുകളും അവരുടെ പ്രസിഡന്റും കൂടി ലോകത്തെ തള്ളിവിടാന്‍ പോകുന്നത് സമീപകാലത്തു ഉണ്ടായിട്ടുള്ള ഏറ്റവും വലിയ പ്രതിസന്ധിയിലേക്കാണ്. അനുഭവിക്കാന്‍ പോകുന്നത് യുക്രൈന്‍ ജനതയും അള്‍ട്ടിമേറ്റ് ലാഭം കൊയ്യാന്‍ പോകുന്നത് യുദ്ധോപകരണങ്ങള്‍ വില്‍ക്കുന്ന അമേരിക്കന്‍ കമ്പനികളും ആവും ഇതിന്റെ അന്ത്യഫലം.

അമേരിക്കയിലെ ഡെമോക്രാറ്റുകള്‍ അവിടുത്തെ സംഘികളായ റിപ്പബ്ലിക്കിക്കരെ മലര്‍ത്തിയടിച്ചു അധികാരത്തില്‍ കയറിയര്‍ ആണെങ്കിലും റിപ്പബ്ലിക്കരെക്കാളും വലിയ യുദ്ധവെറിയന്‍മാരാണ് ലവര്‍

ഇതൊക്കെ എങ്ങനെ നമ്മളെ ബാധിക്കുമെന്ന് ചോദിച്ചാല്‍ സ്റ്റോക്ക്ഹോം ഇന്റര്‍നാഷണല്‍ പീസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ റിപ്പോര്‍ട്ട് പ്രകാരം, ലോകത്തിലെ ഏറ്റവും കൂടുതല്‍ ആയുധങ്ങളും സൈനിക ഉപകരണങ്ങളും കയറ്റുമതി ചെയ്യുന്ന രാജ്യമാണ് റഷ്യ. അവരുടെ കയറ്റുമതിയുടെ ഏറ്റവും വലിയ അനുപാതം ഇന്ത്യയിലേക്കാണ് ചെയ്യപ്പെടുന്നത്.

റഷ്യയ്ക്കെതിരെയും അവരെ പിന്തുണക്കുന്നവര്‍ക്കെതിരെയും യുഎസിന് ഉപരോധം ഏര്‍പ്പെടുത്താം. അങ്ങനെയെങ്കില്‍ റഷ്യയുമായുള്ള വ്യാപാരം, സൈനിക, നയതന്ത്രബന്ധം എന്നിവ കുറയ്ക്കുന്നതിന് അത് ഇന്ത്യയുടെ മേല്‍ സമ്മര്‍ദ്ദം ചെലുത്തിയേക്കാം. ഇതില്‍ ഒരുപക്ഷത്തിനൊപ്പം ചേരുക എന്നത് ഇന്ത്യ സംബന്ധിച്ചിടത്തോളം ഏറെ കഠിനകരമാകും.

യുദ്ധമല്ല സമാധാനമാകണം ലക്ഷ്യം

അഡ്വ ശ്രീജിത്ത് പെരുമന

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News