ന്യൂഡല്‍ഹി: ബിജെപി നേതാക്കള്‍ക്കുവേണ്ടി മാനദണ്ഡങ്ങള്‍ ഫെയ്‌സ്ബുക്ക് മാറ്റിയതായി റിപ്പോര്‍ട്ട്. വിദ്വേഷം പ്രചരിപ്പിക്കുന്ന പോസ്റ്റുകള്‍ ചെയ്യുന്നവര്‍ക്കെതിരേ നടപടിയെടുക്കാനുള്ള മാനദണ്ഡങ്ങള്‍ ബിജെപി നേതാക്കള്‍ക്കു വേണ്ടി ഫേസ്ബുക്ക് തിരുത്തിയെന്നാണു വാള്‍സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ബിജെപി നേതാവ് ടി.രാജാസിംഗിന്റെ വിദ്വേഷ പോസ്റ്റിനെതിരായ നടപടിയെ കുറിച്ചുള്ള അന്വേഷണത്തിലാണു ബിജെപിക്കു വേണ്ടി ഫെയ്‌സ്ബുക്ക് മാനദണ്ഡങ്ങള്‍ തിരുത്തുന്നതായി കണ്ടെത്തിയത്. മുസ്ലിംകള്‍ രാജ്യദ്രോഹികളാണെന്നും പള്ളികള്‍ തകര്‍ക്കണമെന്നും റോഹിങ്ക്യ മുസ്ലിംകളെ വെടിവച്ചു കൊല്ലണമെന്നുമായിരുന്നു തെലങ്കാനയില്‍നിന്നുള്ള ബിജെപി നേതാവായ രാജാസിംഗിന്റെ പോസ്റ്റ്.
കഴിഞ്ഞ മാര്‍ച്ചില്‍ നടത്തിയ അന്വേഷണത്തില്‍ ഫെയ്‌സ്ബുക്ക് മാനദണ്ഡങ്ങള്‍ രാജാസിംഗ് ലംഘിച്ചതായി കണ്ടെത്തി. അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഫേസ്ബുക്കിന്റെ എല്ലാ പ്ലാറ്റ്‌ഫോമുകളില്‍നിന്നും രാജസിംഗിനെ നിരോധിക്കാന്‍ തീരുമാനിച്ചെങ്കിലും തുടര്‍ നടപടിയുണ്ടായില്ല. ഇതു സംബന്ധിച്ച അന്വേഷണത്തിലാണു ഫേസ്ബുക്ക് മാനദണ്ഡങ്ങള്‍ മാറ്റിയതായി വെളിപ്പെട്ടത്.