23.4 C
Kottayam
Sunday, November 24, 2024

എഴുത്തച്ഛന്‍ പുരസ്‍കാരം സേതുവിന്

Must read

കോട്ടയം: മലയാളസാഹിത്യത്തിന്നു നല്‍കിയ സമഗ്രസംഭാവന പരിഗണിച്ചു കേരള സര്‍ക്കാരിന്റെ ഏറ്റവും വലിയ സാഹിത്യബഹുമതിയായ എഴുത്തച്ഛന്‍ പുരസ്കാരം ( 2022) സേതുവിന്. സാംസ്കാരികവകുപ്പ് മന്ത്രി വി.എൻ വാസവൻ കോട്ടയത്ത് വെച്ചാണ് പുരസ്കാരപ്രഖ്യാപനം നടത്തിയത്. മലയാളസാഹിത്യത്തിന് നല്‍കുന്ന സമഗ്രസംഭാവനകളെ മാനിച്ചുകൊണ്ട് വര്‍ഷം തോറും നല്‍കുന്ന പുരസ്‌കാരം അഞ്ച് ലക്ഷം രൂപയും പ്രശസ്തിപത്രവുംശില്പവുമടങ്ങുന്നതാണ്.

കേരളസാഹിത്യഅക്കാദമി പ്രസിഡന്റ് കെ സച്ചിദാനന്ദന്‍ ചെയര്‍മാനും പ്രൊഫസര്‍ എം കെ സാനു, വൈശാഖന്‍, കാലടി ശ്രീശങ്കരാചാര്യസര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ ഡോ എം വി നാരായണന്‍, സാംസ്‌കാരികവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി റാണി ജോര്‍ജ്ജ് ഐ എ എസ് എന്നിവരംഗങ്ങളുമായ വിധിനിര്‍ണ്ണയസമിതി 2022 ലെ എഴുത്തച്ഛന്‍പുരസ്‌കാരം നോവലിസ്റ്റും കഥാകൃത്തുമായ സേതുവിന് സമര്‍പ്പിക്കാന്‍ ഏകകണ്ഠമായി ശുപാര്‍ശ ചെയ്തത്.

മലയാളകഥയിലും നോവലിലും സ്വന്തമായ ഒരിടം കണ്ടെത്തിയ മുതിര്‍ന്ന എഴുത്തുകാരനാണ് സേതു. സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ ചെയര്‍മാന്‍, സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍ ബാങ്കിന്റെ ഡയറക്ടര്‍, നാഷണല്‍ ബുക്ക് ട്രസ്റ്റ് ഓഫ് ഇന്ത്യയുടെ ചെയര്‍മാന്‍ തുടങ്ങിയ വലിയ പദവികളില്‍ മഹത്തായ സംഭാവനകള്‍ നല്‍കിയ ശ്രേഷ്ഠവ്യക്തിത്വമാണ് അദ്ദേഹം.

ആലുവയില്‍ കടുങ്ങല്ലൂരിലെ പ്രശാന്തസുന്ദരമായ അന്തരീക്ഷമുള്ള വീട്ടില്‍ സേതു അക്ഷരത്തെ ഉപാസിച്ചുകൊണ്ട് എണ്‍പത് വയസ്സ് പിന്നീടുകയാണ്. അദ്ദേഹത്തെ മലയാളത്തിലെ മിക്കവാറും പ്രധാനപ്പെട്ട എല്ലാ അവാര്‍ഡുകളും തേടിവന്നിട്ടുണ്ട്. പാണ്ഡവപുരം, കൈമുദ്രകള്‍, അടയാളങ്ങള്‍, കിരാതം, ആറാമത്തെ പെണ്‍കുട്ടി, കിളിമൊഴികള്‍ക്കപ്പുറം തുടങ്ങിയ നോവലുകള്‍ മലയാളത്തില്‍ ബെസ്റ്റ് സെല്ലറുകളാണ്. നോവലിനും കഥയ്ക്കുമിടയില്‍ വിവിധ ഇന്ത്യന്‍ ഭാഷകളിലും വിദേശഭാഷകളിലും അദ്ദേഹത്തിന്റെ കഥകളും നോവലുകളും പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. ഒട്ടേറെ സിനിമകള്‍ക്കും അദ്ദേഹത്തിന്റെ കഥകള്‍ അടിസ്ഥാനമായി.

‘സേതു എന്ന എഴുത്തുകാരന്റെ ജീവിതാനുഭവങ്ങള്‍ പുതുതലമുറയെ പ്രചോദിപ്പിക്കുന്ന ഒരു പാഠപുസ്തകമാണ്. ജീവിതാനുഭവങ്ങളുടെ ഒരു വലിയ ബാങ്ക് നിക്ഷേപമുള്ള വലിയ എഴുത്തുകാരനാണ് അദ്ദേഹം. പ്രസ്ഥാനങ്ങളുടെയും പ്രവണതകളുടെയും നിര്‍വ്വചനങ്ങള്‍ക്ക് അപ്പുറം നിന്നുകൊണ്ട് എഴുത്തിനെ നവീകരിക്കാനും സമകാലികമാക്കാനും ശ്രദ്ധവെയ്ക്കുന്ന എഴുത്തുകാരനാണ് സേതു. പ്രമേയത്തിലും രചനാശൈലിയിലും പുതുമ കൊണ്ടുവരാന്‍ കാണിച്ച സൂക്ഷ്മജാഗ്രത സേതുവിനെ വ്യത്യസ്തനാക്കുന്നു. അതോടൊപ്പം തന്റെ രചനകളും ജീവിതവും വഴി ജനാധിപത്യ, മതനിരപേക്ഷ മൂല്യങ്ങള്‍ ഉയര്‍പ്പിപ്പിടിക്കുന്ന എഴുത്തുകാരനാണ് സേതു.

മലയാളസാഹിത്യത്തിലെ കുലപതിമാരില്‍ ഒരാളായ എം.ടി.വാസുദേവന്‍നായരാണ് സേതുവിന്റെ ആദ്യരചനകളെ മാതൃഭൂമി ആഴ്ചപ്പതിപ്പിലൂടെ പ്രകാശിപ്പിച്ചത്. സേതുവിന്റെ സര്‍ഗാത്മകജീവിതം ഒരു തീര്‍ത്ഥാടനം പോലയാണെന്ന് എം.ടി. അടയാളപ്പെടുത്തിയിട്ടുണ്ട്. എല്ലാവരും പോയ വഴിയിലൂടെയല്ലാതെ തന്റേതായ ഒരു രീതി കണ്ടെത്തിയ സേതുവിനെ എം.ടി. ശ്ലാഘിക്കുന്നു.

ഏറ്റവും ആധുനികമായ കാലത്തെ അഭിസംബോധന ചെയ്യുമ്പോഴും ഒരു ഗ്രാമീണനായ നാട്ടിന്‍പുറത്തുകാരന്റെ മനസ്സ് സേതു നിലനിര്‍ത്തുന്നു. കഥകളിലും നോവലിലും പുതിയ അഭിരുചിയും സംവേദനവും കൊണ്ടുവന്ന സേതു എല്ലാ തലമുറയിലുംപെട്ട വായനക്കാരുടെ പ്രിയപ്പെട്ട എഴുത്തുകാരനാണ്. പാരമ്പര്യത്തെയും ആധുനികതയെയും സമന്വയിപ്പിക്കാന്‍ ശ്രമിച്ച സേതുവിന്റെ ആഖ്യാനഭാഷ ഹൃദ്യവും ലളിതവുമാണ്. നാട്ടുഭാഷണത്തിന്റെ മൊഴിവഴക്കങ്ങള്‍ അദ്ദേഹം അതിമനോഹരമായി പ്രയോജനപ്പെടുത്തുന്നു. തികച്ചും നൈസര്‍ഗ്ഗികമായ ഒരു ഭാഷാന്തരീക്ഷമാണ് സേതുവിന്റെ ആഖ്യാനകലയില്‍ നിറഞ്ഞുനില്‍ക്കുന്നത്.

കുടുംബബന്ധങ്ങളെക്കുറിച്ച് എഴുതുമ്പോഴാണ് സേതുവിലെ എഴുത്തുകാരന്റെ പ്രതിഭ നിറഞ്ഞുകത്തുന്നത്. ആധുനികകാലഘട്ടത്തിലെ ജീവിക്കാനുള്ള നെട്ടോട്ടത്തില്‍ മനുഷ്യര്‍ക്ക് നഷ്ടപ്പെടുന്ന പാരസ്പര്യവും നൈര്‍മ്മല്യവും സേതു ഒപ്പുകടലാസിലെന്നതുപോലെ ഒപ്പിയെടുക്കുന്നു. ഹൃദയബന്ധങ്ങള്‍ക്ക് തകര്‍ച്ച സംഭവിക്കുമ്പോഴും കുടുംബം നിലനിര്‍ത്താന്‍ എല്ലാം സഹിക്കുന്ന സ്ത്രീകള്‍ സേതുവിന്റെ മികച്ച കഥാപാത്രങ്ങളാണ്. ആഗോളവല്‍ക്കരണകാലത്തെ സാമ്പത്തികപ്രക്രിയകളും മനുഷ്യജീവിതവും തമ്മിലുള്ള ഇഴപിരിയാത്ത ബന്ധങ്ങളുടെ ആര്‍ദ്രമോഹനമായ ആവിഷ്‌കാരമാണ് അടയാളങ്ങള്‍. പാണ്ഡവപുരം എന്ന സേതുവിന്റെ മാസ്റ്റര്‍പീസായ നോവല്‍ മലയാളനോവല്‍ചരിത്രത്തില്‍ ഒരു വിച്ഛേദംതന്നെ കൊണ്ടുവന്നു. ഇതിവൃത്തത്തിന്റെയും ഭാവഭദ്രതയുടെയും സമന്വയമായി വാര്‍ന്നുവീണ അതുല്യമായ നോവലാണ് പാണ്ഡവപുരം. മലയാളികളുടെ സദാചാരസങ്കല്പങ്ങളെയും മൂല്യവിചാരങ്ങളെയും നിര്‍ഭയം അഭിമുഖീകരിക്കാനും ആഴത്തില്‍ പുതുക്കിപ്പണിയാനും ആര്‍ജ്ജവം കാണിച്ച പാണ്ഡവപുരം എന്ന ഒരൊറ്റ നോവല്‍ മതി സേതുവിന് മലയാളസാഹിത്യത്തില്‍ അനശ്വരത നേടാന്‍.

കേരളീയമായ സാമൂഹ്യപരിസരങ്ങളെ ആവിഷ്‌കരിക്കുമ്പോള്‍ ഭ്രമാത്മകതയുടെയും പേടിസ്വപ്നങ്ങളുടെയും അനുഭവലോകത്തെ കൂടി സേതു സൃഷ്ടിക്കുന്നു. അബോധമനസ്സിന്റെ ആഴങ്ങളില്‍ മറഞ്ഞുകിടക്കുന്ന ആദിമചോദനകളെ സേതു സാക്ഷ്യപ്പെടുത്തുന്നു. ഫാന്റസി മലയാളത്തില്‍ ഏറ്റവും ഉചിതവും അര്‍ത്ഥപൂര്‍ണ്ണവുമായി പ്രയോഗിച്ചത് സേതുവാണ്. മലയാളികള്‍ അവയില്‍ സ്വന്തം മുഖവും മനസ്സുമാണ് കണ്ടുനിന്നത്.

ഏതെങ്കിലും സിദ്ധാന്തത്തെ സാക്ഷാത്കരിക്കാനുള്ള ശ്രമമില്ല സേതുവിന്. അദ്ദേഹത്തിന്റെ വിഷയം മനുഷ്യജീവിതമാണ്. അതിലെ ആന്തരികവൈരുദ്ധ്യങ്ങളാണ്. വൈകാരികബന്ധങ്ങളിലെ ലയഭംഗങ്ങളാണ്. വരികള്‍ക്കിടയിലൂടെ വായിച്ചെടുക്കാവുന്ന കഥകളാണ് സേതു പറഞ്ഞുകൊണ്ടിരിക്കുന്നത്. അവയില്‍ നന്മ നിറഞ്ഞ മനസ്സിന് ഉടമകളായ സാധാരണമനുഷ്യരെയാണ് നമ്മള്‍ കണ്ടെത്തുന്നത്.

സേതുവിന്റെ ഔദ്യോഗികജീവിതം അക്കങ്ങളുടെ നടുവിലായിരുന്നു. എന്നാല്‍, അക്ഷരത്തിന്റെ വിശാലലോകത്തേയ്ക്കാണ് അദ്ദേഹം തന്റെ മഹാപ്രതിഭയെ വ്യാപരിപ്പിച്ചത്. മലയാളികളുടെ ആത്മാവിന്റെ മുറിച്ചുമാറ്റാനാവാത്ത ഭാഗമാണ് സേതു സൃഷ്ടിച്ച കഥാപ്രപഞ്ചം. അവയെപ്പറ്റി അക്കാദമിക്കായ പുതിയ പഠനങ്ങള്‍ കാലം ആവശ്യപ്പെടുന്നുണ്ട്’- പുരസ്കാര സമിതി പറഞ്ഞു

സാഹിത്യ അക്കാദമി പ്രസിഡൻറ് കെ. സച്ചിദാനന്ദൻ, സെക്രട്ടറി സി.പി. അബുബക്കർ, സംഗീത നാടക അക്കാദമി സെക്രട്ടറി ജനാർദ്ദനൻ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

g

More articles

യുട്യൂബ് ചാനലുകള്‍ക്കെതിരെ നിയമ നടപടിയുമായി എആര്‍ റഹ്മാൻ; 24 മണിക്കൂറിനകം വീഡിയോകൾ  നീക്കണമെന്ന് ആവശ്യം

ചെന്നൈ: യുട്യൂബ് ചാനലുകള്‍ക്കെതിരെ നിയമ നടപടിയുമായി പ്രശസ്ത സംഗീതജ്ഞൻ എആര്‍ റഹ്മാൻ. തന്റെ വിവാഹമോചനത്തിന് പിന്നിലെ കാരണങ്ങൾ എന്ന് പറഞ്ഞു വീഡിയോകൾ അപ്ലോഡ് ചെയ്ത യൂട്യൂബ് ചാനലുകൾക്ക് എതിരെയാണ് എആര്‍ റഹ്മാൻ നിയമ...

ഒരു ചായയ്ക്ക് 2,124 രൂപ; മുംബൈ താജ് ഹോട്ടലില്‍ നിന്നും ചായ കുടിച്ച അനുഭവം പങ്കുവെച്ച് യുവാവ്

മുംബൈ: ഇന്ത്യയിലെ ആദ്യ പഞ്ചനക്ഷത്ര ഹോട്ടലായ മുംബൈയിലെ താജ്മഹല്‍ പാലസില്‍ നിന്ന് ചായകുടിച്ച അനുഭവം പങ്കുവെക്കുന്ന വീഡിയോ വൈറലാകുന്നു. ഇത്രയും വലിയ ആഡംബര ഹോട്ടലില്‍ നിന്ന് ഒരു കപ്പ് ചായ കുടിക്കാനുള്ള തന്റെ...

സഞ്ജുവിന്റെ വെടിക്കെട്ട്; സയ്യീദ് മുഷ്താഖ് അലി ട്രോഫിയിൽ കേരളത്തിന് വിജയത്തുടക്കം

ഹൈദരാബാദ്: സയ്യീദ് മുഷ്താഖ് അലി ട്രോഫി ട്വന്റി 20 ടൂർണമെന്റിൽ കേരളത്തിന് വിജയത്തുടക്കം. സർവീസസിനെതിരെ മൂന്ന് വിക്കറ്റിന്റെ വിജയമാണ് കേരളം നേടിയത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത സർവീസസ് 20 ഓവറിൽ ഒമ്പത്...

കോഴിക്കോട് ടെമ്പോ ട്രക്ക് നിയന്ത്രണം വിട്ട് മറിഞ്ഞു, പതിനഞ്ചിലേറെ പേർക്ക് പരിക്ക്

കോഴിക്കോട്: കോഴിക്കോട് കൂടരഞ്ഞിയിലെ മേലെ കൂമ്പാറയില്‍ ടെമ്പോ ട്രക്ക് താഴ്ചയിലേക്ക് മറിഞ്ഞ് പതിനഞ്ചിലധികം തൊഴിലാളികള്‍ക്ക് പരിക്കേറ്റു. ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന ഇതര സംസ്ഥാന തൊഴിലാളികളാണ് അപകടത്തില്‍പ്പെട്ടത്.വാഹനം നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. അപകടത്തില്‍പെട്ടവരില്‍ രണ്ട്...

മുനമ്പത്ത് നിന്ന് ആരെയും കുടിയിറക്കില്ല, എന്ത് വിലകൊടുത്തും താമസക്കാരുടെ അവകാശം സംരക്ഷിക്കും: മുഖ്യമന്ത്രി

തിരുവനന്തപുരം: മുനമ്പം വിഷയത്തിൽ താമസക്കാർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കാതെ പ്രശ്നം പരിഹരിക്കാനാണ് സർക്കാർ ഉദ്ദേശിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മുനമ്പം സമരസമിതിയുമായി ഓൺലൈനായി നടത്തിയ ചർച്ചയിലാണ് മുഖ്യമന്ത്രി ഇക്കാര്യം ഉറപ്പ് നൽകിയത്. ഭൂപ്രശ്നത്തിന് ശാശ്വതമായി പരിഹാരം...

Popular this week

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.