തിരുവനന്തപുരം: സംസ്ഥാനത്ത് വെള്ളിയാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്നും നാളെയും 11 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചു. ആലപ്പുഴ, കണ്ണൂര്‍, കാസര്‍കോട് എന്നിവ ഒഴികെയുള്ള ജില്ലകളിലാണ് അതിശക്തമായ മഴ മുന്നറിയിപ്പുള്ളത്.
മധ്യ കിഴക്കന്‍ അറബിക്കടലിലെ തീവ്ര ന്യുനമര്‍ദ്ദം മുബൈ തീരത്ത് നിന്ന് 840 സാ പടിഞ്ഞാറ് തെക്ക് പടിഞ്ഞാറായും ഗോവ തീരത്ത് നിന്ന് 800 സാ പടിഞ്ഞാറ്, തെക്ക് – പടിഞ്ഞാറ് അകലെ സ്ഥിതി ചെയ്യുന്നു. തീവ്ര ന്യുനമര്‍ദ്ദം അടുത്ത 36 മണിക്കൂര്‍ കൂടി പടിഞ്ഞാറ്, വടക്ക്- പടിഞ്ഞാറു ദിശയില്‍ സഞ്ചരിച്ചു നാളെ രാവിലെയോടെ ശക്തി കുറഞ്ഞ് ന്യുനമര്‍ദ്ദമായി മാറും.
ഇന്ത്യന്‍ തീരത്ത് നിന്ന് അകന്നു പോകാന്‍ സാധ്യതയുള്ളതിനാല്‍ ഇന്ത്യന്‍ തീരത്തെ ബാധിക്കാന്‍ സാധ്യതയില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മധ്യ പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ആന്ധ്രാപ്രദേശ്-തമിഴ്നാട് തീരത്ത് ചക്രവാതചുഴി നിലനില്‍ക്കുന്നു. അടുത്ത 24 മണിക്കൂറില്‍ ഇത് തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ന്യുനമര്‍ദ്ദമായി ശക്തി പ്രാപിക്കാന്‍ സാധ്യത. തുടര്‍ന്നു കൂടുതല്‍ ശക്തി പ്രാപിച്ച് തീവ്ര ന്യുനമര്‍ദ്ദമായി പടിഞ്ഞാറ്, വടക്ക്- പടിഞ്ഞാറു ദിശയില്‍ സഞ്ചരിച്ച് നവംബര്‍ 11 ന് അതിരാവിലെ തമിഴ്നാടിന്റെ വടക്കന്‍ തീരത്ത് പ്രവേശിച്ചേക്കും.
ബംഗാള്‍ ഉള്‍ക്കടല്‍ ന്യുന മര്‍ദ്ദ സ്വാധീനഫലമായി കേരളത്തില്‍ നവംബര്‍ 10, 11 തീയതികളില്‍ ഒറ്റപ്പെട്ട അതിശക്തമായ മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മധ്യ കിഴക്കന്‍ അറബിക്കടലില്‍ തീവ്ര ന്യുനമര്‍ദ്ദം നിലനില്‍ക്കുന്നതിനാല്‍ മധ്യ കിഴക്കന്‍ അറബിക്കടലിലും അതിനോട് ചേര്‍ന്നുള്ള മധ്യ പടിഞ്ഞാറന്‍ അറബിക്കടലിലും നവംബര്‍ 9 വരെ മത്സ്യത്തൊഴിലാളികള്‍ മത്സ്യബന്ധനത്തിന് പോകാന്‍ പാടുള്ളതല്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
കൂടാതെ തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ചക്രവാത ചുഴി നിലനില്‍ക്കുന്നതിന്നാല്‍ നിലവില്‍ ആഴക്കടലില്‍ മത്സ്യബന്ധത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന മത്സ്യത്തൊഴിലാളികള്‍ നവംബര്‍ 09 നുള്ളില്‍ തീരത്തേക്ക് മടങ്ങി വരേണ്ടതാണ്. മാത്രമല്ല നവംബര്‍ 9,10 ദിവസങ്ങളില്‍ തെക്കു കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിലും നവംബര്‍ 10, 11 ദിവസങ്ങളില്‍ തെക്കു പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിലും വടക്കു തമിഴ്നാട്ആന്ധ്രാ തീരങ്ങളിലും മത്സ്യബന്ധനത്തിന് പോകാന്‍ പാടുള്ളതല്ല എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.