‘വ്യത്യസ്തനാവാന്‍’ വീട് വിട്ടിറങ്ങി; ചാറ്റ് ആപ്പിന് അടിമയായ 13കാരനെ കണ്ടെത്തിയത് ഗോവയില്‍ നിന്ന്
മുംബൈ: മഹാരാഷ്ട്രയില്‍ മൊബൈല്‍ ചാറ്റ് ആപ്പിന് അടിമയായ 13കാരന്‍ വീട് വിട്ടിറങ്ങി. മൂന്ന് ദിവസത്തിന് ശേഷം ഗോവയില്‍ നിന്ന് പോലീസ് കണ്ടെത്തിയ കുട്ടി വീട്ടുകാരുമായി ഒന്നിച്ചു. ഒക്ടോബര്‍ 31നാണ് താനെ ജില്ലയിലെ ബദ്ലാപൂരിലെ വീട്ടില്‍ നിന്ന് കുട്ടിയെ കാണാതായത്.
ഒരു വര്‍ഷം കഴിഞ്ഞെ വീട്ടിലേക്ക് മടങ്ങിവരികയുള്ളൂവെന്ന് കുട്ടി വീട്ടുകാരെ വിളിച്ചറിയിച്ചു. ഉടന്‍ തന്നെ വീട്ടുകാര്‍ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. അന്വേഷണത്തില്‍ മൊബൈല്‍ ചാറ്റ് ആപ്പിന് കുട്ടി അടിമയാണെന്ന് പോലീസ് കണ്ടെത്തി. കുട്ടിയുടെ കൂട്ടുകാരോട് അന്വഷിച്ചപ്പോഴാണ് ഈ വിവരം ലഭിച്ചത്. ഡിസ്‌കോര്‍ഡ് മൊബൈല്‍ ആപ്പില്‍ കുട്ടി മണിക്കൂറുകളോളം ചെലവഴിച്ചിരുന്നതായി കൂട്ടുകാര്‍ വിവരം നല്‍കിയതായി പൊലീസ് പറയുന്നു.
ചാറ്റ് ഗ്രൂപ്പിലെ അംഗങ്ങളായ കുട്ടികള്‍ വീട് വിട്ടിറങ്ങാന്‍ തീരുമാനിച്ചു. ജീവിതത്തില്‍ എന്തെങ്കിലും വ്യത്യസ്തമായി ചെയ്ത് കാണിക്കുന്നതിന് വീടു വിട്ടിറങ്ങാന്‍ കുട്ടികള്‍ തീരുമാനിക്കുകയായിരുന്നു. കുട്ടിയുടെ മൊബൈല്‍ ഫോണിന്റെ ഐപി അഡ്രസ് ഉപയോഗിച്ചാണ് 13കാരന്‍ എവിടെ ആണ് എന്ന് കണ്ടെത്തിയത്. ഗോവയില്‍ നിന്നാണ് ചാറ്റുകള്‍ വരുന്നത് എന്ന് മനസിലാക്കിയ പോലീസ് അവിടെയെത്തി കുട്ടിയെ കണ്ടെത്തുകയായിരുന്നു. അടുത്ത സംസ്ഥാനത്തേയ്ക്ക് പോകാന്‍ പദ്ധതിയിട്ടിരിക്കേയാണ് കുട്ടിയെ കണ്ടെത്തിയത്.