നിലമ്പൂർ: റിസർവ് ബാങ്ക് ഉദ്യോഗസ്ഥയാണെന്നു വിശ്വസിപ്പിച്ച് 3 കോടിയോളം രൂപ തട്ടിയെടുത്ത യുവതി അറസ്റ്റിൽ. നിലമ്പൂർ അകമ്പാടം ആറങ്കാേട് തരിപ്പയിൽ ഷിബിലയെ (28) ആണ് ഇൻസ്പെക്ടർ സുനിൽ പുളിക്കൽ അറസ്റ്റ് ചെയ്തത്. അകമ്പാടം സ്വദേശിയായ യുവാവിന് കാനഡയിൽ സൂപ്പർമാർക്കറ്റിൽ കാഷ്യർ ജോലി വാഗ്ദാനം ചെയ്ത് 10 ലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയിലാണ് അറസ്റ്റ്.
സ്വർണവ്യാപാരി ഉൾപ്പെടെ ഒട്ടേറെപ്പേരിൽനിന്ന് പണം തട്ടിയെടുത്തതായാണ് വിവരം. തിരുവനന്തപുരത്ത് റിസർവ് ബാങ്ക് ഓഫിസിൽ ജോലി കിട്ടിയെന്നു ബന്ധുക്കളെയും നാട്ടുകാരെയും പറഞ്ഞു വിശ്വസിപ്പിച്ചാണ് പ്രതി തട്ടിപ്പിന് കളമൊരുക്കിയത്.
ബാങ്ക് വായ്പ വാഗ്ദാനം ചെയ്ത് വിവിധ ആവശ്യങ്ങൾ പറഞ്ഞ് പണം വാങ്ങുകയാണ് തട്ടിപ്പിന്റെ രീതി. അകമ്പാടം, സേലം എന്നിവിടങ്ങളിൽ ജ്വല്ലറി നടത്തുന്ന വ്യാവസായിക്ക് 80 ലക്ഷം രൂപ വായ്പയാണ് വാഗ്ദാനം ചെയ്തത്. നികുതി അടയ്ക്കാനും മറ്റു ചെലവുകൾക്കുമെന്നു പറഞ്ഞ് പലതവണയായി ഇയാളിൽനിന്ന് 30 ലക്ഷം രൂപ വാങ്ങി.
വിശ്വാസ്യത വരുത്താൻ ചെക്ക് നൽകി. വീണ്ടും പണം ആവശ്യപ്പെട്ടപ്പോൾ സംശയം തോന്നിയ വ്യവസായി തിരുവനന്തപുരം റിസർവ് ബാങ്ക് ഓഫിസിൽ അന്വേഷിച്ചപ്പോൾ അങ്ങനെ ഒരാൾ ജോലി ചെയ്യുന്നില്ല എന്നറിഞ്ഞു. ചെക്ക് ബാങ്കിൽ ഹാജരാക്കിയപ്പോൾ പണം ഇല്ലാതെ മടക്കി.
തുടർന്ന് വ്യവസായിയുടെ പരാതിയിൽ സേലം മേട്ടൂർ കോടതി പ്രതിക്കെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചു. അതിനിടെയാണ് അകമ്പാടത്തെ യുവാവിന്റെ പരാതിയിൽ പൊലീസ് കേസെടുത്തത്. വയനാട്, മലപ്പുറം, തൃശൂർ ജില്ലകളിൽ ഇവർക്കെതിരെ സമാന പരാതികളുണ്ടെന്ന് പൊലീസ് പറഞ്ഞു.
യുവതി ബിരുദാനന്തര ബിരുദധാരിയാണെന്ന് പറയുന്നു. അമ്പലവയൽ, മണ്ണുത്തി, വടക്കാഞ്ചേരി, തിരൂരങ്ങാടി സ്റ്റേഷനുകളിലും പ്രതിക്കെതിരെ കേസ് റജിസ്റ്റർ ചെയ്തിട്ടുണ്ട്.