ആലപ്പുഴ:സംസ്ഥാനത്ത് കോവിഡിന് പിന്നാലെ ദുരന്തം വിതച്ച് പേമാരി. കനത്ത മഴയിലും കാറ്റിലും കടല്‍ക്ഷോഭത്തിലുമായി ജില്ലയില്‍ വ്യാപക നാശനഷ്ടം. ജില്ലയില്‍ 22 വീട് പൂര്‍ണമായി നശിച്ചു. 586 വീടുകള്‍ക്ക് ഭാഗികമായി കേടുപാട് സംഭവിച്ചു. റവന്യൂവകുപ്പ് നാശനഷ്ടം വിലയിരുത്തുന്നത് തുടരുകയാണ്. കുട്ടനാട്ടില്‍ അഞ്ച് വീടുകള്‍ പൂര്‍ണമായും നശിച്ചു. 55 വീടുകള്‍ ഭാഗികമായി നശിച്ചു.
കനത്ത മഴയെ തുടര്‍ന്ന് കുട്ടനാട്ടിലെ കൈനകരി സുന്ദരി പാടശേഖരത്തില്‍ മട വീണു. കാവാലം വില്ലേജിലെ ഒരു വീട് പൂര്‍ണമായും തകര്‍ന്നു. ഇവിടെ രണ്ട് വീടുകള്‍ക്ക് ഭാഗീക നാശനഷ്ടം ഉണ്ടായി. കൈനകരി നോര്‍ത്ത് വില്ലേജില്‍ ഒരു വീട് ഭാഗീകമായി തകര്‍ന്നു. കുന്നുമ്മ വില്ലേജില്‍ രണ്ടു വീടുകള്‍ക്കും വെളിയനാട് വില്ലേജില്‍ രണ്ട് വീടുകള്‍ക്കും ഭാഗീക നാശനഷ്ടം ഉണ്ടായി. പുളിങ്കുന്ന് വില്ലേജില്‍ മഴക്കെടുതിയെ തുടര്‍ന്ന് അഞ്ചു വീടുകള്‍ക്കാണ് ഭാഗീക നാശനഷ്ടം സംഭവിച്ചത്.
എന്നാൽ കാര്‍ത്തികപ്പള്ളിയില്‍ 92 വീടുകള്‍ ഭാഗികമായും നാല് വീടുകള്‍ പൂര്‍ണമായും തകര്‍ന്നു. അമ്പലപ്പുഴ താലൂക്കില്‍ 12 വീടുകള്‍ പൂര്‍ണമായും തകര്‍ന്നു. 362 വീടുകള്‍ ഭാഗികമായും നശിച്ചു. മാവേലിക്കരയില്‍ 21 വീടുകള്‍ക്ക് ഭാഗികമായി കേടുപാടുകള്‍ സംഭവിച്ചു. ചേര്‍ത്തല താലൂക്കില്‍ 40 വീടുകള്‍ ഭാഗികമായും ഒരു വീടും പൂര്‍ണമായും തകര്‍ന്നു. മാരാരിക്കുളം വടക്ക് പഞ്ചായത്ത് എട്ടാം വാര്‍ഡില്‍ ലാലന്റെ കടമുറി ശക്തമായ മഴയില്‍ ഇടിഞ്ഞു വീണു. ചേര്‍ത്തല തെക്ക് പഞ്ചായത്തില്‍ ജോയിയുടെ വീട് കാറ്റിലും മഴയിലും പൂര്‍ണ്ണമായും തകര്‍ന്നു വീണു.
മാരാരിക്കുളം വടക്ക്, പട്ടണക്കാട്, കടക്കരപ്പള്ളി, മുഹമ്മ, ചേര്‍ത്തല തെക്കു പഞ്ചായത്തുകളിലായി ശക്തമായ മഴയില്‍ മരം വീണാണ് വീടുകള്‍ക്ക് ഭാഗീക നാശ നഷ്ട്ടം ഉണ്ടായത്. ചെങ്ങന്നൂര്‍ താലൂക്കില്‍ 16 വീടുകള്‍ ഭാഗികമായി തകര്‍ന്നു. കുരുട്ടിശ്ശേരി, ചെങ്ങന്നൂര്‍, വെണ്‍മണി, മാന്നാര്‍, തിരുവന്‍വണ്ടൂര്‍, എണ്ണക്കാട്, ആല വിളേജുകളിലാണ് വീടുകള്‍ ഭാഗീകമായി തകര്‍ന്നത്. മാന്നാര്‍ വില്ലേജില്‍ ഒരു കിണര്‍ ഇടിഞ്ഞു താഴുകയും ചെയ്തു. പല സ്ഥലങ്ങളിലും മരങ്ങളും വൈദ്യുത പോസ്റ്റുകളും വീണു.