കലവൂർ: ബന്ധുവിനെയും ഒന്നരവയസ്സുള്ള പെൺകുഞ്ഞിനെയും കായലിൽ മരിച്ചനിലയിൽ കണ്ടെത്തി. ആര്യാട് പഞ്ചായത്ത് ഏഴാംവാർഡ് ശിവകൃപയിൽ ഗോപൻ (51), ആര്യാട് പോത്തശ്ശേരി അനിൽകുമാറിന്റെയും അശ്വതിയുടെയും മകൾ മഹാലക്ഷ്മി എന്നിവരെയാണ് വേമ്പനാട്ടുകായലിൽ ചാരംപറമ്പ് ജെട്ടിക്കുസമീപം മരിച്ചനിലയിൽ കണ്ടെത്തിയത്. ഞായാഴ്ച രാത്രി 10.45 ഓടെയാണ് സംഭവം.ഗോപന്റെ ഭാര്യാസഹോദരന്റെ മകളാണ് മഹാലക്ഷ്മി.
ഗോപന്റെയും അനിൽകുമാറിന്റെയും വീടുകൾ അടുത്തടുത്താണ്. വൈകുന്നേരം 6.30ഓടെ അനിൽകുമാറിന്റെ വീട്ടിലെത്തി ഗോപൻ മഹാലക്ഷ്മിയെയും എടുത്തുകൊണ്ട് പുറത്തേക്കു പോയതാണ്. ഏറെനേരമായിട്ടും കാണാത്തതിനെത്തുടർന്ന് വീട്ടുകാർ അന്വേഷിച്ചിറങ്ങി.
രാത്രി 10.45 ഓടെ ചാരംപറമ്പ് ജെട്ടിക്കുസമീപം മഹാലക്ഷ്മിയുടെ മൃതദേഹമാണ് ആദ്യം കണ്ടത്. പിന്നീടാണ് സമീപത്തുനിന്ന് ഗോപന്റെ മൃതദേഹം കണ്ടെത്തിയത്.
ഗോപൻ വിമുക്തഭടനാണ്. എറണാകുളത്തെ സ്വകാര്യസ്ഥാപനത്തിലാണ് ജോലിചെയ്യുന്നത്. മിക്കപ്പോഴും മഹാലക്ഷ്മിയുമായി ഗോപൻ പുറത്തുപോകാറുണ്ടായിരുന്നതായി വീട്ടുകാർ പറഞ്ഞു. ആലപ്പുഴ നോർത്ത് പോലീസ് അന്വേഷണം തുടങ്ങി. കാൽവഴുതി കായലിൽ വീണതാകാമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ഗോപന്റെ ഭാര്യ: ജ്യോതിലക്ഷ്മി. മക്കൾ: അഭിരാമി, ആദർശ്.
കല്യാണംകഴിഞ്ഞ് ആറുവർഷങ്ങൾക്കുശേഷം കിട്ടിയ തങ്ങളുടെ പൊന്നുമോൾ ഇനി തിരിച്ചുവരില്ലെന്നറിഞ്ഞു വാവിട്ടു നിലവിളിക്കുന്ന അശ്വതിയെയും അനിൽകുമാറിനെയും ആശ്വസിപ്പിക്കാനാകാതെ പ്രദേശവാസികൾ വിറങ്ങലിച്ചു നിന്നുപോയി. തൊട്ടടുത്തുള്ള രണ്ടു വീടുകളിലായുണ്ടായ രണ്ടുമരണങ്ങൾ ചാരംപറമ്പ് പ്രദേശത്തെ ദുഖത്തിലാഴ്ത്തി. കായലിനടുത്താണ് ഇരുവീടുകളും
ദുരന്തവാർത്തയറിഞ്ഞു ശിവകൃപ വീടിന്റെയും പോത്തശ്ശേരി വീടിന്റെയും മുറ്റത്തു നിമിഷനേരംകൊണ്ട് പ്രദേശവാസികൾ തടിച്ചുകൂടി. അച്ഛനെ നഷ്ടപ്പെട്ട കൗമാരക്കാരായ രണ്ടുമക്കളെയും ഭാര്യയെയും എന്തുപറഞ്ഞ് ആശ്വസിപ്പിക്കുമെന്നറിയാതെ ജനപ്രതിനിധികളും വിഷമിച്ചുപോയി.
തെക്കനാര്യാട് ശിവകൃപയിൽ ഗോപനെയും പോത്തശ്ശേരി അനിൽകുമാറിന്റെ ഏക മകൾ മഹാലക്ഷ്മിയെയും കാണ്മാനില്ലെന്നറിഞ്ഞു ബന്ധുക്കളും പരിസരവാസികളും പ്രദേശം മൊത്തം തിരഞ്ഞെങ്കിലും കായലിലേക്ക് ആരുടെയും ശ്രദ്ധ പോയിരുന്നില്ല.
അവസാനം ഗോപന്റെ മകൻ ആദർശ് കൂട്ടുകാരുമൊത്ത് ജെട്ടിയിലെത്തി വെറുതെയൊന്നു വെട്ടമടിച്ചു നോക്കിയപ്പോഴാണ് മഹാലക്ഷ്മി വെള്ളത്തിൽ പൊങ്ങക്കിടക്കുന്നതുകണ്ടത്. ഉടനെതന്നെ കുഞ്ഞിനെയും പൊക്കിയെടുത്ത് ആശുപത്രിയിലേക്കോടി. പിന്നീടുനടത്തിയ തിരച്ചിലിൽ കുഞ്ഞിനെ കിട്ടിയതിനു തൊട്ടടുത്തായി ഗോപന്റെ മൃതദേഹവും കിട്ടി.
മഹാലക്ഷ്മിയുടെയും ഗോപന്റെയും വീടുകൾ ഒരു പുരയിടത്തിൽത്തന്നെയാണ്. കുഞ്ഞിനും ഗോപനുംവേണ്ടി തിരച്ചിൽ നടത്തുന്നതിനിടെയിലാണ് ചേതനയറ്റ മഹാലക്ഷ്മിയെയുംകൊണ്ട് അനിൽകുമാറിന്റെ മുന്നിലൂടെ ആളുകൾ ആശുപത്രിയിലേക്കു പാഞ്ഞത്. ഇതുകണ്ടു നിയന്ത്രണംവിട്ടു പൊട്ടിക്കരഞ്ഞ അനിൽകുമാറിനെ ആശ്വസിപ്പിക്കാൻ ആർക്കുമായില്ല.ആലപ്പുഴ എസ്.ഡി. കോളേജിൽ ലാബ് അസിസ്റ്റന്റാണ് അനിൽകുമാർ.