ശ്രീനഗർ: ശ്രീനഗറിൽ ടൂറിസ്റ്റ് റിസപ്ഷൻ സെന്ററിന് സമീപത്തുണ്ടായ ഗ്രനേഡ് ആക്രമണത്തിൽ 12 പേർക്ക് പരിക്കേറ്റു. ഞായറാഴ്ച ഉച്ചയ്ക്കാണ് സംഭവം. പരിക്കേറ്റവരെ ശ്രീ മഹാരാജാ ഹരി സിംഗ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ ജമ്മു കശ്മീർ പോലീസിലെയും സി.ആർ.പി.എഫിലെയും രണ്ടുപേർ വീതം ഉൾപ്പെടുന്നു.
ടൂറിസ്റ്റ് റിസപ്ഷൻ സെന്ററിനടുത്തുള്ള ഞായറാഴ്ചച്ചന്തയിലാണ് സ്ഫോടനമുണ്ടായത്. റസിഡൻസി റോഡിലെ ടൂറിസ്റ്റ് റിസപ്ഷൻ സെന്ററിന് അടുത്തുണ്ടായിരുന്ന സെൻട്രൽ റിസർവ് പോലീസ് ഫോഴ്സ് (സിആർപിഎഫ്) ഉദ്യോഗസ്ഥർക്ക് നേരെ ഗ്രനേഡ് എറിയുകയായിരുന്നുവെന്ന് പോലീസ് അറിയിച്ചു. ഈ ഗ്രനേഡ് ലക്ഷ്യംതെറ്റി വഴിയോരക്കച്ചവടക്കാരന്റെ ഉന്തുവണ്ടിയിലേക്ക് വീഴുകയായിരുന്നു. തുടർന്നുണ്ടായ സ്ഫോടനത്തിലാണ് പത്തുപേർക്ക് പരിക്കേറ്റത്.
ടൂറിസ്റ്റ് റിസപ്ഷൻ സെന്റർ മുതൽ ലാൽ ചൗക്ക് വരെ നീളുന്നതാണ് സംഭവം നടന്ന റെസിഡൻസി റോഡ്. കഴിഞ്ഞ ഒരുവർഷത്തിനിടെ ശ്രീനഗറിലുണ്ടായ ആദ്യത്തെ ഗ്രനേഡ് സ്ഫോടനമാണ് ഞായറാഴ്ചത്തേത്. ശ്രീനഗറിലെ ഖന്യാർ ഭാഗത്ത് കഴിഞ്ഞദിവസം ലഷ്കർ-ഇ-തൊയ്ബ കമാൻഡർ ഉസ്മാൻ ലഷ്കരിയെ സുരക്ഷാസേന വധിച്ചിരുന്നു.