ഗുജറാത്തിൽ പടക്ക നിർമാണശാലയിൽ വൻ സ്ഫോടനം; എട്ടുപേർക്ക് ദാരുണാന്ത്യം; ഒൻപതുപേർക്ക് ​ഗുരുതര പരിക്ക്

ഗുജറാത്തിൽ പടക്ക നിർമാണശാലയിൽ വൻ സ്ഫോടനം; എട്ടുപേർക്ക് ദാരുണാന്ത്യം; ഒൻപതുപേർക്ക് ​ഗുരുതര പരിക്ക്; അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്രമോദി

അഹമ്മദാബാദ്: ഗുജറാത്തിലെ അഹമ്മദാബാദിൽ പടക്ക നിർമാണശാലയിലുണ്ടായ ശക്തമായ സ്ഫോടനത്തിൽ എട്ടുപേർ മരണപ്പെട്ടു. വസ്ത്രാൽ മേഖലയിൽ പ്രവർത്തിക്കുന്ന ‘ടാലന്റ് ഫയർവർക്ക്സ്’ എന്ന പടക്കനിർമാണ ശാലയിലാണ് ശനിയാഴ്ച വൈകിട്ട് മൂന്നരയോടെ ദുരന്തമുണ്ടായത്. അപകടത്തിൽ ഒൻപതുപേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.

ശബ്ദം കേട്ട് ഓടിക്കൂടിയ നാട്ടുകാരും വിവരമറിഞ്ഞയുടൻ സ്ഥലത്തെത്തിയ അഗ്നിരക്ഷാസേനയും ദ്രുതകർമ സേനയും ചേർന്നാണ് പ്രദേശത്ത് ഉടനടി രക്ഷാപ്രവർത്തനം ആരംഭിച്ചത്. കെട്ടിടത്തിനുള്ളിൽ കുടുങ്ങിക്കിടന്നവരെ പുറത്തെടുത്ത് ഉടൻ തന്നെ ആശുപത്രികളിലേക്ക് മാറ്റി. പരിക്കേറ്റവരെ നിലവിൽ അഹമ്മദാബാദിലെ സിവിൽ ആശുപത്രിയിലും എൽ.ജി ആശുപത്രിയിലുമായി പ്രവേശിപ്പിച്ച് അടിയന്തര ചികിത്സ ലഭ്യമാക്കുകയാണ്.

പടക്ക നിർമാണശാലയിലുണ്ടായ ദരുണമായ അപകടത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ആഴത്തിലുള്ള അനുശോചനം രേഖപ്പെടുത്തി. മരണപ്പെട്ടവരുടെ കുടുംബങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നതായും പരിക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്ന് പ്രാർത്ഥിക്കുന്നതായും പ്രധാനമന്ത്രി അറിയിച്ചു.

ഇതിനുപുറമെ, അപകടത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങൾക്ക് പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് രണ്ട് ലക്ഷം രൂപ വീതം അടിയന്തര സാമ്പത്തിക സഹായവും പ്രഖ്യാപിച്ചിട്ടുണ്ട്. പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നവർക്ക് 50,000 രൂപ വീതവും ധനസഹായം നൽകും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News