ധാക്ക :തെക്കുകിഴക്കന്‍ ബംഗ്ലാദേശിലെ സ്വകാര്യ കണ്ടെയ്‌നര്‍ ഡിപ്പോയിലുണ്ടായ സ്ഫോടനത്തെ തുടര്‍ന്നുണ്ടായ തീപിടിത്തത്തില്‍ 16 പേര്‍ മരണപ്പെട്ടു. 450ലേറെ പേര്‍ക്ക് അപകടത്തില്‍ പരിക്കേറ്റിട്ടുണ്ട്. ആശുപത്രിയില്‍ പ്രവേശിപ്പിച്ച പലരുടേയും നില അതീവ ഗുരുതമാണ്. മരണ സംഖ്യ ഇനിയും ഉയരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ചിറ്റഗോങ്ങിലെ സീതകുണ്ഡ ഉപസിലയിലെ കദാംറസൂല്‍ ഏരിയയിലെ ബിഎം കണ്ടെയ്‌നര്‍ ഡിപ്പോയിലാണ് ഇന്നലെ രാത്രി സ്ഫോടനമുണ്ടായത്. തീ അണയ്ക്കുവാനെത്തിയ അഗ്‌നിശമന സേനാംഗങ്ങള്‍ക്കും പൊള്ളലേറ്റിട്ടുണ്ട്.
ശനിയാഴ്ച രാത്രി ഒന്‍പത് മണിയോടെ കണ്ടെയ്‌നര്‍ ഡിപ്പോയില്‍ തീപിടിത്തമുണ്ടായതായി ചിറ്റഗോംഗ് മെഡിക്കല്‍ കോളേജ് ആശുപത്രി പൊലീസ് ഔട്ട്പോസ്റ്റ് സബ് ഇന്‍സ്പെക്ടര്‍ നൂറുല്‍ ആലം പറഞ്ഞു. അപകടമുണ്ടായ വിവരമറിഞ്ഞ് സ്ഥലത്തെത്തിയ അഗ്‌നിശമന സേന യൂണിറ്റുകള്‍ തീയണയ്ക്കാന്‍ ശ്രമിക്കുന്നതിനിടെ വീണ്ടും സ്ഫോടനമുണ്ടായി.
ഇതേ തുടര്‍ന്നാണ് അഗ്‌നിശമന സേനാംഗങ്ങള്‍ക്ക് പരിക്കേറ്റത്. ഡിപ്പോയില്‍ സൂക്ഷിച്ചിരുന്ന രാസവസ്തുക്കള്‍ മൂലമാണ് സ്ഫോടനവും തീപിടിത്തവും ഉണ്ടായതെന്നാണ് ലഭിക്കുന്ന വിവരം. തീ ഒരു കണ്ടെയ്‌നറില്‍ നിന്ന് മറ്റൊന്നിലേക്ക് പടരുകയുമായിരുന്നു. ഡിപ്പോയില്‍ നിന്നും വലിയ ശബ്ദത്തോടെ സ്ഫോടനമുണ്ടായപ്പോള്‍ സമീപത്തെ വീടുകളുടെ ജനല്‍ ഗ്ലാസുകള്‍ തകര്‍ന്നു. 19 ഓളം അഗ്‌നിശമന യൂണിറ്റുകള്‍ തീ അണയ്ക്കാന്‍ എത്തിയത്. എന്നാല്‍ തീപിടിത്തത്തിന് കാരണം എന്താണെന്ന് വ്യക്തമല്ലെന്ന് ബിഎം കണ്ടെയ്‌നര്‍ ഡിപ്പോ ഡയറക്ടര്‍ മുജീബുര്‍ റഹ്മാന്‍ പ്രസ്താവനയില്‍ പറഞ്ഞു.