പെഷാവാർ∙ പാക്കിസ്ഥാനിലെ പെഷാവറില്‍ മുസ്‌ലിം പള്ളിയിലുണ്ടായ ചാവേര്‍ ബോംബ് സ്ഫോടനത്തില്‍ 17 പേർ കൊല്ലപ്പെട്ടു. കുറഞ്ഞത് 90 പേര്‍ക്ക് പരുക്കേറ്റു. പൊലീസ് ലൈനിലുള്ള പള്ളിയില്‍ പ്രാദേശികസമയം 1.40ന് പ്രാര്‍ഥനയ്ക്കിടെയാണ് സ്ഫോടനമുണ്ടായത്.സ്ഫോടനത്തിന്‍റെ പശ്ചാത്തലത്തില്‍ തലസ്ഥാനമായ ഇസ്ലാമാബാദില്‍ ജാഗ്രതാനിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പ്രാര്‍ത്ഥനയ്ക്കായി വിശ്വാസികള്‍ പള്ളിയില്‍ എത്തിയ സമയത്തായിരുന്നു സ്ഫോടനം. പള്ളിയുടെ ഒരു ഭാഗം തകര്‍ന്നുവീണതായും നിരവധി പേര്‍ ഇതിനകത്ത് കുടുങ്ങിക്കിടക്കുന്നതായും സംശയമുണ്ടെന്ന് പൊലീസ് ഓഫീസര്‍ സിക്കന്തര്‍ ഖാന്‍ ഒരു പ്രാദേശിക മാധ്യമത്തോട് പറഞ്ഞു
വിശ്വാസികളുടെ മുന്‍നിരയില്‍ ഇരുന്നയാളാണ് സ്ഫോടനം നടത്തിയതെന്നാണ് പ്രാഥമികവിവരം. മേഖല മുഴുവന്‍ പൊലീസ് സീല്‍ ചെയ്തു. ആംബുലന്‍സുകള്‍ ഒഴികെയുള്ള ഒരു വാഹനവും കടത്തിവിടുന്നില്ല. പരുക്കേറ്റ ഒട്ടേറെപ്പേരുടെ നില അതീവഗുരുതരമാണെന്ന് പെഷാവറിലെ ലേഡി റീഡിങ് ആശുപത്രി വക്താവ് മുഹമ്മദ് അസീം അറിയിച്ചു.
സ്ഫോടനത്തില്‍ കെട്ടിടം ഭാഗികമായി തകര്‍ന്നു. അവശിഷ്ടങ്ങള്‍ക്കടിയില്‍ ആളുകള്‍ കുടുങ്ങിയിട്ടുണ്ടെന്നും ഇവരെ രക്ഷിക്കാന്‍ ശ്രമം തുടരുകയാണെന്നും പൊലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. കഴിഞ്ഞവര്‍ഷം പെഷാവറിലെ ഷിയ പള്ളിയിലുണ്ടായ സ്ഫോടനത്തില്‍ 63 പേര്‍ കൊല്ലപ്പെട്ടിരുന്നു.