കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ദിനം പ്രതി നിരവധി വിവരങ്ങളാണ് പുറത്തെത്തുന്നത്. ‘ജനപ്രിയ’ നായകനെതിരെ നിരവധി പേരാണ് ഇതിനോടകം രംഗത്തെത്തിയത്. ദിലീപ് വീണ്ടും ജയിലിലാകുമോ ഇല്ലയോ എന്നുള്ള കാര്യങ്ങളെല്ലാം തന്നെ കണ്ട് അറിയേണ്ടിയിരിക്കുന്നു. ഈ സാഹചര്യത്തില്‍ ഇപ്പോഴിതാ എട്ട് സാക്ഷികളെ വിസ്തരിക്കാന്‍ പ്രോസിക്യൂഷന് അനുമതി നല്‍കിയിരിക്കുകയാണ് ഹൈക്കോടതി. കുറച്ച് മണിക്കൂറുകള്‍ക്ക് മുന്നേ ആണ് ഈ വിധി എത്തിയത്.
എന്നാല്‍ കേസില്‍ തനിക്കെതിരെയുള്ള തെളിവുകളെല്ലാം ശക്തമായതും പ്രതിഭാഗത്തെ പ്രതികൂലമായി ബാധിക്കുന്നതുമാണ് എന്നുറപ്പുണ്ടായിട്ടും ദിലീപ് ആഘോഷത്തിലാണ് എന്ന വാര്‍ത്തയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്. കേസിന്റെ ഇത്രയും നിര്‍ണായക ഘട്ടത്തിലും യാതൊരു ആകുലതകളുമില്ലാതെ ഉത്സവാഘോഷങ്ങളുടെ തിരക്കിലാണ് ദിലീപ് എന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന വാര്‍ത്തകള്‍. കഴിഞ്ഞ ദിവസം കൂവപ്പടി ചേരാനല്ലൂര്‍ ശ്രീ ശങ്കരനാരായണ ക്ഷേത്രത്തിലെ ഉത്സവാഘോഷങ്ങളിലെ മുഖ്യാതിഥിയായിരുന്നു ദിലീപ്. അവിടെ എത്തി ആഘോഷങ്ങളില്‍ പങ്കെടുക്കുകയും അവിടുത്തെ എല്ലാ പരിപാടികള്‍ക്കും നേതൃത്വം നല്‍കുകയും ചെയ്തു.
യാതൊരു ആശങ്കകളും അലട്ടാതെയുള്ള ദിലീപിന്റെ ആഘോഷം സൂചിപ്പിക്കുന്നത് ഇന്നത്തെ വിധിയില്‍ അത്രമേല്‍ ദിലീപ് ആര്‍ത്മവിശ്വാസത്തിലാണ് എന്ന് തന്നെയാണ്. വിധിന്യായം തനിക്കനുകൂലമാക്കാനുള്ള എല്ലാ വഴികളും കൃത്യമായി ചെയ്തതിനാല്‍ തന്നെയാവണം വിജയാഘോഷം മുന്‍കൂര്‍ തുടങ്ങിയിരിക്കുന്നത്. കഴിഞ്ഞ ദിവസം ഫ്രാങ്കോ മുളയ്ക്കല്‍ കേസിലും സമാനമായ സാഹചര്യം തന്നെയാണ് ഉണ്ടായത് എന്നതും ഇവിടെ പ്രസക്തമാണ്. വിധി വന്നു നിമിഷങ്ങള്‍ കഴിയുമ്പോള്‍ തന്നെ ഫ്രാങ്കോ കുറ്റവിമുക്തനാക്കപ്പെട്ട വിധി അടങ്ങിയ പത്രം പുറത്തെത്തി.
അതായത് കോടതി വിധി പറയും മുന്‍പ് തന്നെ പ്രതിയും കൂട്ടരും വിധി അറിഞ്ഞിരുന്നു. അഥവാ പ്രതിയുടെ താല്‍പര്യമാണ് വിധിന്യായത്തില്‍ പ്രതിഫലിച്ചതെന്ന് സാരം. ഫ്രാങ്കോ മുളയ്ക്കല്‍ കേസിലും ദിലീപ് കേസിലും പ്രതിഭാഗം അഭിഭാഷകന്‍ പ്രഗത്ഭനായ രാമന്‍പിള്ള തന്നെയാണ് എന്നതും ഈ കേസിന്റെ സമാനതകളിലൊന്നാണ്. ഫ്രാങ്കോ കേസില്‍ എല്ലാ തെളിവുകളും പ്രതിക്കെതിരായിരുന്നിട്ടും നിയമത്തിന്റെ നൂലിഴ കീറി പഠിച്ച രാമന്‍ പിള്ള എന്ന അഭിഭാഷകന്റെ മിടുക്ക് തന്നെയാണ് വിധിന്യായത്തെ അനുകൂലമാക്കിയതിന്റെ ഒരു പ്രധാന ഘടകം. സമാനമായി ദിലീപ് കേസിലും ഇത് തന്നെ സംഭവിക്കും എന്ന തരത്തിലാണ് ദിലീപിന്റെ ആഘോഷങ്ങള്‍ .
പ്രോസിക്യൂഷന്‍ ആവശ്യം അംഗീകരിച്ചുകൊണ്ട് നിര്‍ണായക വിധി പുറത്തു വന്നതോടെ ദിലീപിന്റെ അടുത്ത നീക്കം എന്താകും എന്ന അറിയാനുള്ള താല്പര്യത്തിലാണ് ജനങ്ങള്‍. ഇതിനിടെ പള്‍സര്‍ സുനിയുടെ ആരോഗ്യനിലയില്‍ വന്ന വീഴ്ചകളും ആശുപത്രി വാസവുമെല്ലാം സംശയത്തിന് ആക്ക കൂട്ടുന്നതാണ്. ദിലീപ് ആഘോഷങ്ങളില്‍ പങ്കെടുത്ത് നടക്കുന്ന സമയത്തും ഉറക്കം നഷ്ട്ടപെട്ട അവസ്ഥയിലാണ് കേസിലെ മുഖ്യപ്രതിയായ പള്‍സര്‍ സുനി.
ഉറക്കം നഷ്ട്ടപെട്ട പള്‍സര്‍ സുനിയെ ആശുപത്രിയില്‍ കഴിഞ്ഞ ദിവസം പ്രവേശിപ്പിച്ചിരുന്നു. സുനിയുടെ ഉറക്കം നഷ്ട്ടപെടാന്‍ കാരണം മാനസിക സംഘര്‍ഷമാണെന്ന് ഡോക്ടര്‍ വ്യക്തമാക്കിയിരുന്നു. സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ പള്‍സര്‍ സുനിയെ അടുത്ത ദിവസം ചോദ്യം ചെയ്യാനിരിക്കെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ബാലചന്ദ്ര കുമാറിന്റെ വെളിപ്പെടുത്തലിനു പിന്നാലെ ബാല ചന്ദ്ര കുമാറിന്റെ മൊഴികള്‍സത്യമാണെന്നു സുനിയും വെളിപ്പെടുത്തിയിരുന്നു. കൂടാതെ ഈ കേസിലെ ദിലീപിനെതിരായ സുപ്രധാന തെളിവുകള്‍ എടുത്തു പറഞ്ഞ് കൊണ്ട് സുനി തന്റെ അമ്മയ്ക്ക് എഴുതിയ കത്തും അടുത്തയിടെ പുറത്ത് വന്നിരുന്നു.
ഈ കത്തിനെക്കുറിച്ച് വിശദീകരിച്ചു രംഗത്തെത്തിയ സുനിയുടെ അമ്മ തന്റെ മകന് വധഭീഷണിയുള്ളതായി അവന്‍ പറഞ്ഞതായും മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു. തനിക്ക് ജയിലില്‍ വധഭീക്ഷണിയുണ്ടെന്ന് നേരത്തെ തന്നെ സുനി ആരോപിക്കുന്നുണ്ട്. കേസിലെ എല്ലാ ഉന്നതരെയും അറിയാവുന്ന സുനിയുടെ ജീവന്‍ അന്വേഷണോദ്യോഗസ്ഥര്‍ക്ക് വിലപ്പെട്ടതാണ് . എന്നാല്‍ ഇയാളെ ഇല്ലാതാക്കേണ്ടത് പ്രതികളുടെ ആവശ്യവുമാണ് . അതുകൊണ്ട് തന്നെ സുനിയുടെ ജീവനില്‍ ഭീഷണിയുണ്ട് എന്ന ആരോപണം നിസാരരമായി കാണാനാവില്ല. എല്ലാ രഹസ്യങ്ങളും അറിയാവുന്ന പള്‍സര്‍ സുനിയെ ഇല്ലാതാക്കുക എന്നത് പ്രതികളുടെ ആവശ്യമാണ്.
വിചാരണക്കോടതി അനുമതി നിഷേധിച്ചതിനേത്തുടര്‍ന്ന് ഹൈക്കോടതിയെ സമീപിച്ച് എട്ട് സാക്ഷികളെ വിസ്തരിക്കാന്‍ പ്രോസിക്യൂഷന് അനുമതി നല്‍കിയിരിക്കുകയാണ് ഹൈക്കോടതി.12 സാക്ഷികളെ വിസ്തരിക്കണമെന്നായിരുന്നു പ്രോസിക്യൂഷന്‍ ഹര്‍ജി. ഇതില്‍ എട്ട് പേരെ വിസ്തരിക്കാമെന്ന് ഹൈക്കോടതി വ്യക്തമാക്കി. അഞ്ച് പുതിയ സാക്ഷികളെയും നേരത്തെ വിസ്തരിച്ച മൂന്ന് സാക്ഷികളെയും വിസ്തരിക്കാനാണ് അനുമതി. കേസിലെ പ്രധാനപ്പെട്ട ഫോണ്‍ രേഖകള്‍ കോടതി വിളിച്ചു വരുത്തണമെന്ന് ഹര്‍ജിയും ഹൈക്കോടതി അംഗീകരിച്ചു.
മുന്‍ പ്രോസിക്യൂട്ടര്‍ രാജി വെച്ച സാഹചര്യത്തില്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറെ പത്ത് ദിവസത്തിനുള്ളില്‍ നിയമിക്കണമെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചു. നേരത്തെ ഹര്‍ജി പരിഗണിച്ചപ്പോള്‍ ഹൈക്കോടതിയുടെ ഭാഗത്ത് നിന്നും പ്രോസിക്യൂഷന് നേരെ ചോദ്യങ്ങളുയര്‍ന്നിരുന്നു. എന്നാലിപ്പോള്‍ പ്രോസിക്യൂഷന് അനുകൂലമായ വിധിയാണ് കോടതിയില്‍ നിന്നും ഉണ്ടായിരിക്കുന്നത്.കേസിലെ സാക്ഷികളെ വീണ്ടും വിസ്തരിക്കാന്‍ മതിയായ കാരണം വേണമെന്ന് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു.
പ്രോസിക്യൂഷന്‍ പാളിച്ചകള്‍ മറികടക്കാന്‍ ആകരുത് വീണ്ടും വിസ്തരിക്കുന്നത്. സാക്ഷികളെ വിസ്തരിച്ച് മാസങ്ങള്‍ കഴിഞ്ഞാണ് വീണ്ടും വിസ്തരിക്കണമെന്ന ആവശ്യമെന്നും കോടതി ചൂണ്ടിക്കാട്ടി. പ്രതികളുടെ അവകാശങ്ങളും സംരക്ഷിക്കണം. കേസിന് അനുസൃതമായി സാക്ഷിമാെഴി ഉണ്ടാക്കാനുള്ള പ്രോസിക്യൂഷന്‍ ശ്രമമാണിതെന്ന് സംശിയിക്കാമെന്നും കോടതി പറഞ്ഞു നടിയെ ആക്രമിച്ച കേസില്‍ 16 സാക്ഷികളുടെ പുനര്‍വിസ്താരത്തിനാണ് പ്രോസിക്യൂഷന്‍ അനുമതി തേടിയിരുന്നത്.
16 പേരുടെ പട്ടികയില്‍ ഏഴു പേര്‍ നേരത്തെ സാക്ഷി പറഞ്ഞവരാണ്. ഇവരില്‍ നിന്ന് കൂടുതല്‍ വിവരങ്ങള്‍ തേടേണ്ടതുണ്ടെന്നായിരുന്നു പ്രോസിക്യൂഷന്റെ വാദം. ഒമ്പത് പേരില്‍ നിന്ന് പുതുതായി വിശദീകരണം തേടണമെന്നും പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു. ഈ ആവശ്യം വിചാരണ കോടതി തള്ളിയതിനെത്തുടര്‍ന്നാണ് ഹൈക്കോടതിയെ സമീപിച്ചത്. മൂന്ന് പേരുടെ പുനര്‍വിസ്താരത്തിന് മാത്രമായിരുന്നു വിചാരണ കോടതി അനുമതി നല്‍കിയത്.ദിലീപിന് ദൃശ്യങ്ങള്‍ കൈമാറിയെന്ന് പറയുന്ന വിഐപിയെ കണ്ട് പിടിക്കാനുള്ള തന്ത്രപ്പാടിലാണ് അന്വേഷണ സംഘം.
ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഡാലോചന നടത്തിയ കേസില്‍ വിഐപി എന്ന് വിശേഷിപ്പിച്ച വ്യക്തിയെ ആറാം പ്രതിയായി ഉള്‍പ്പെടുത്തിയിട്ടുണ്ട്. ബാലചന്ദ്രകുമാര്‍ കൈമാറിയ ശബ്ദരേഖയുടെ അടിസ്ഥാനത്തില്‍ വിഐപിയെ കണ്ടെത്താന്‍ അന്വേഷണം തുടങ്ങിയ പോലീസ് ആറ് ഫോട്ടോകളാണ് ബാലചന്ദ്രകുമാറിന് തിരിച്ചറിയാന്‍ നല്‍കിയത്.
ഇതില്‍ ഒരാളാണ് ഈ വിഐപി എന്ന് സാക്ഷി ഏറെക്കുറെ ഉറപ്പ് നല്‍കി. കോട്ടയത്തെ പ്രവാസി വ്യവസായിയായ ഇയാള്‍ക്ക് കോട്ടയത്തും വിദേശത്തും വ്യവസായ സംരഭമുണ്ട്. കോട്ടയത്തടക്കം വിവിധ രാഷ്ട്രീയ ബന്ധമുള്ള ഇയാളാണ് വിഐപി എന്ന് വിശേഷിപ്പിച്ച പ്രതിയെന്ന് തിരിച്ചറിയാന്‍ അന്വേഷണ സംഘം ശബ്ദ സാമ്പിള്‍ ശേഖരിക്കും. അന്വേഷണ സംഘത്തിന്റെ കൈവശമുള്ള സാമ്പിളുമായി ഒത്തുപോകുകയാണെങ്കില്‍ പ്രതിയാക്കും.
കേസിലെ നിര്‍ണായക തുമ്പാവുമെന്ന് അന്വേഷണ സംഘം കരുതുന്നയാളാണ് വിഐപി. നടിയെ ആക്രമിച്ച കേസില്‍ തുടക്കം മുതല്‍ വിഐപിക്ക് പങ്കുണ്ടെന്നാണ് ഇതുവരെ പുറത്തു വന്ന വിവരങ്ങള്‍ വ്യക്തമാക്കുന്നത്. നടിയെ ആക്രമിച്ച കേസില്‍ പ്രതിപ്പട്ടികയിലുള്ള ദിലീപിനൊപ്പം നിന്ന നിര്‍ണായക സാന്നിധ്യം, സാക്ഷികളെ സ്വാധീനിച്ചു, അന്വേഷണ ഉദ്യോഗസ്ഥരെ വകവരുത്താന്‍ പദ്ധതിയിട്ടു, നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ ദിലീപിന് എത്തിച്ച് നല്‍കി തുടങ്ങി നിരവധി വെളിപ്പെടുത്തലുകളാണ് ഇതിനകം വിഐപിക്കെതിരെ പുറത്തു വന്നിട്ടുള്ളത്.
താന്‍ ദിലീപിന്റെ വീട്ടിലുള്ള സമയം ഇക്ക എന്ന് ദിലീപും കാവ്യയും വിളിക്കുന്ന ഒരാള്‍ അവിടെ എത്തുകയും ദിലീപിന് ഒരു പെന്‍ഡ്രൈവ് കൈമാറുകയും ചെയ്തെന്നാണ് ബാലചന്ദ്രകുമാറിന്റെ ആരോപണം. ഈ പെന്‍ഡ്രൈവ് ലാപ്ടോപില്‍ ഘടിപ്പിച്ച ശേഷം പള്‍സര്‍ സുനിയുടെ ക്രൂരകൃത്യം കാണാന്‍ ദിലീപ് ക്ഷണിച്ചുവെന്നും ബാലചന്ദ്ര കുമാര്‍ ആരോപിക്കുന്നു, ഒരു വിഐപിയെ പോലെ പെരുമാറിയ ഇയാള്‍ ദിലീപിനെ അറസ്റ്റ് ചെയ്ത ഉദ്യോഗസ്ഥനെ മന്ത്രിയുടെ മുന്നില്‍ ഇരുന്ന് ചീത്ത പറഞ്ഞാല്‍ മാത്രമെ സമാധാനം ആകൂവെന്ന് പറഞ്ഞതായും വെളിപ്പെടുത്തിയിരുന്നു. ഈ വിഐപി ആരാണെന്ന് അന്വേഷണ സംഘം ഇത് വരെ വെളിപ്പെടുത്തിയിട്ടില്ല.