തിരുവനന്തപുരം: പുതുപ്പള്ളി ഉപതെരഞ്ഞടുപ്പിൽ യുഡിഎഫിന് മികച്ച ജയമുണ്ടാകുമെന്ന് ആക്സിസ് മൈ ഇന്ത്യ എക്സിറ്റ് പോള്‍. ആകെ പോൾ ചെയ്തതിന്റെ 53 ശതമാനം വോട്ട് നേടി ചാണ്ടി ഉമ്മൻ ജയിക്കുമന്നാണ് സർവ്വേ ഫലം.
ആക്സിസ് മൈ ഇന്ത്യ എക്സിറ്റ് പോള്‍ പ്രകാരം യുഡിഎഫ് സ്ഥാനാര്‍ത്ഥി ചാണ്ടി ഉമ്മന് 53 ശതമാനം വോട്ട് കിട്ടും. എൽഡിഎഫ് സ്ഥാനാര്‍ത്ഥി ജെയ്ക് സി തോമസിന് 39 ശതമാനം വേട്ടും ബിജെപി സ്ഥാനാര്‍ത്ഥി ലിജിൻ ലാലിന് അഞ്ച് ശതമാനം വോട്ടും കിട്ടുമെന്നാണ് പ്രവചനം.
മറ്റുള്ളവര്‍ 3 ശതമാനം വോട്ട് നേടുമെന്നും ആക്സിസ് മൈ ഇന്ത്യ പ്രവചിക്കുന്നു. 1,31,026 വോട്ടാണ് ഉപതെരഞ്ഞെടുപ്പിൽ പോള്‍ ചെയ്തത്. എക്സിറ്റ് പോളിന്റെ ശതമാന കണക്ക് അനുസരിച്ച യുഡിഎഫിന് 69,443 വോട്ടും എൽഡിഎഫിന് 51,100 വോട്ടും ബിജെപി 6551 വോട്ടും കിട്ടും.
ചാണ്ടി ഉമ്മന് 18,000 ല്‍ അധികം ഭൂരിപക്ഷം കിട്ടാന്‍ സാധ്യയുടെന്നും ആക്സിസ് മൈ ഇന്ത്യ എക്സിറ്റ് പോള്‍ പ്രവചിക്കുന്നു. പുരുഷ വോട്ടര്‍മാരില്‍ 50 ശതമാനം പേരും സ്ത്രീ വോട്ടര്‍മാരില്‍ 56 ശതമാനം പേരും യുഡിഎഫിന് വോട്ട് ചെയ്തെന്നാണ് എക്സിറ്റ് പോള്‍ കണ്ടെത്തൽ.
ഇടത് മുന്നണിക്ക് പുരുഷ വോട്ടര്‍മാരില്‍ 41 ശതമാനത്തിന്റെയും സ്ത്രീ വോട്ടര്‍മാരില്‍ 37 ശതമാനത്തിന്റെയും പിന്തുണ കിട്ടിയെന്നും എക്സിറ്റ് പോള്‍ കണക്കുകള്‍ പറയുന്നു. വിവിധ ബൂത്തുകളിൽ വോട്ട് ചെയ്തിറങ്ങിയ 509 വോട്ടര്‍മാരെ നേരിട്ട് കണ്ടാണ് ആക്സിസ് മൈ ഇന്ത്യ എക്സിറ്റ് പോള്‍ തയ്യാറാക്കിയത്.
വാശിയേറിയ പ്രചാരണം നടന്ന ഉപതെരഞ്ഞെടുപ്പില്‍ രേഖപ്പെടുത്തപ്പെട്ടത് 72.86 ശതമാനം വോട്ടുകളാണ്. ഉമ്മന്‍ ചാണ്ടിയും യുവ നേതാവ് ജെയ്‌ക് സി തോമസും മുഖാമുഖം വന്ന 2021ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ 74.84 ആയിരുന്നു പോളിംഗ് ശതമാനം. ഇത്തവണ പ്രകടനമായ രണ്ട് ശതമാനം വോട്ടിംഗ് കുറവ് ആരെ തുണയ്‌ക്കും ആരെ തഴയും എന്നറിയാന്‍ എട്ടാം തിയതി വരെ കാത്തിരിക്കണം.