KeralaNews

രാഷ്ട്രീയനീക്കം രാഷ്ട്രത്തിനെതിരെ ആകരുത്, ഇന്ത്യ എന്ന പദത്തോട് എന്തിനാണ് ഇത്രഭയം? പിണറായി

തിരുവനന്തപുരം: രാജ്യത്തിന്റെ ബഹുസ്വരതയെ തകര്‍ക്കാനുള്ള ആവര്‍ത്തിച്ചുള്ള ശ്രമങ്ങളുടെ തുടര്‍ച്ചയാണ് ഇന്ത്യ എന്ന പേര് മാറ്റാനുള്ള കേന്ദ്രസര്‍ക്കാരിന്റെ നീക്കമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഈ സങ്കുചിത രാഷ്ട്രീയത്തിനെതിരെ ജനങ്ങളാകെ ഒരുമയോടെ പ്രതിഷേധിക്കാന്‍ തയ്യാറാവണമെന്നും മുഖ്യമന്ത്രി ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ ആവശ്യപ്പെട്ടു.

‘ഭരണഘടനയ്ക്കും രാജ്യത്തിന് തന്നെയും എതിരായ നടപടിയാണ് ‘ഇന്ത്യ’ എന്ന പദം ഒഴിവാക്കുന്നതിനു പിന്നിലുള്ളത്. ഭരണഘടന അതിന്റെ ഒന്നാം അനുച്ഛേദത്തില്‍, നമ്മുടെ രാജ്യത്തെ ‘India, that is Bharat’ (ഇന്ത്യ, അതായത് ഭാരതം) എന്നു വിശേഷിപ്പിക്കുന്നു. അതുപോലെ, ഭരണഘടനയുടെ ‘ആമുഖം’ തുടങ്ങുന്നത് ‘We, the people of India’ എന്നു പറഞ്ഞുകൊണ്ടാണ്. ഇതിലെ ഇന്ത്യ എന്ന പദം ഒഴിവാക്കുന്ന വിധത്തിലുള്ള ഭരണഘടനാ ഭേദഗതിക്കാണ് കേന്ദ്ര സര്‍ക്കാര്‍ നീക്കം നടത്തുന്നത്. ഇത് ഭരണഘടനയുടെ സത്തയ്ക്കുതന്നെ എതിരാണ്’- മുഖ്യമന്ത്രി പറഞ്ഞു.

ഇന്ത്യ എന്ന പദത്തോട് എന്തിനാണിത്ര ഭയം? സ്‌കൂള്‍ തലം മുതല്‍ കുട്ടികള്‍ പഠിച്ചുവളരുന്ന ‘ഇന്ത്യ എന്റെ രാജ്യമാണ്; എല്ലാ ഇന്ത്യക്കാരും എന്റെ സഹോദരീ സഹോദരന്മാരാണ്’ എന്ന രാജ്യചിന്തയെപോലും മനസ്സുകളില്‍ നിന്ന് മായ്ച്ചുകളയാനുള്ള ആസൂത്രിത നീക്കമായി വേണം ഇതിനെ കാണാന്‍.


ഒരു രാഷ്ട്രീയനീക്കവും രാഷ്ട്രത്തിനെതിരായ നീക്കമാകരുത്. അത് ജനാധിപത്യവിരുദ്ധവും ഭരണഘടനാവിരുദ്ധവുമാണ്. അതിനാല്‍ രാജ്യത്തിന്റെ പേര് മാറ്റാനുള്ള നടപടികളില്‍ നിന്ന് കേന്ദ്രസര്‍ക്കാര്‍ പിന്തിരിയണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker