പാരീസ്: ഫ്രാന്‍സില്‍ കോവിഡിനെ ചെറുത്തുതോല്‍പിച്ച് 117 കാരിയായ സിസ്റ്റര്‍ ആഡ്രെ. 117 വയസ്സ് തികയാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെയാണ് ഈ മുതുമുത്തശ്ശിക്ക് കോവിഡ് ബാധയേൽക്കുന്നത്. ജനുവരി 16നാണ് ഇവര്‍ കോവിഡിൻറ്റെ പിടിയിലകപ്പെടുന്നത്. തുടര്‍ന്ന് തെക്കന്‍ ഫ്രാന്‍സിലെ റിട്ടയര്‍മെന്‍റ് ഹോമില്‍ ഐസൊലേഷനിലാക്കി.
അന്ധയായ സിസ്റ്റര്‍ വീല്‍ചെയറിന്‍റെ സഹായത്തോടെയാണ് സഞ്ചരിക്കുന്നത്. ഫെബ്രുവരി 11- നാണ് മുത്തശ്ശിയുടെ 117ാം ജന്മദിനം. കോവിഡ് ബാധിതയായി ചികിത്സയില്‍ കഴിഞ്ഞപ്പോള്‍ സ്വന്തം ആരോഗ്യത്തെ കുറിച്ചല്ല, ഇനി തന്‍റെ ശീലങ്ങള്‍ മാറ്റേണ്ടിവരുമോ എന്നായിരുന്നു സിസ്റ്ററുടെ പേടിയെന്ന് റിട്ടയര്‍മെന്‍റ് ഹോമിലെ സഹപ്രവര്‍ത്തകര്‍ പറയുന്നു. രോഗ ബാധയേറ്റത്തിൽ അവര്‍ ഭയപ്പെട്ടില്ല. എന്നാല്‍ മറ്റുള്ളവരിലേയ്ക്ക് പകരാതിരിക്കാന്‍ ജാഗ്രത പാലിക്കുകയും ചെയ്തു.
1904 ഫെബ്രുവരി 11നാണ് ആന്ധ്രെയുടെ ജനനം. യൂറോപ്പിലെ ഏറ്റവും പ്രായം കൂടിയ വ്യക്തിയാണിവര്‍. ലോകത്ത് ജീവിച്ചിരിക്കുന്നവരില്‍ ഏറ്റവും പ്രായം കൂടിയ രണ്ടാമത്തെ വ്യക്തിയും.