ലണ്ടൻ: പഠനാവശ്യത്തിനും തൊഴിലാവശ്യത്തിനും യൂറോപ്പിലേക്ക് യാത്ര ചെയ്യുന്നവരുടെ എണ്ണം ദിനേന വർധിക്കുകയാണ്. പ്രത്യേകിച്ച് കേരളത്തിൽ കോവിഡിന് ശേഷം യൂറോപ്യന്‍ യാത്രികരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവുണ്ടായതായി റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാല്‍ ഭാവിയിലെ യൂറോപ്യന്‍ യാത്രകള്‍ ചിലവേറുമെന്നാണ് പുതിയ റിപ്പോര്‍ട്ടുകൾ സൂചിപ്പിക്കുന്നത്. അന്തര്‍ദേശീയ മാധ്യമങ്ങളുടെ റിപ്പോര്‍ട്ടുകള്‍ പ്രകാരം 12 ശതമാനമാണ് ഷെങ്കന്‍ വിസ ഫീസ് വര്‍ധിപ്പിച്ചിരിക്കുന്നത്.
ഇതോടെ 90 യൂറോ (8,141 രൂപ) ആണ് ഷെങ്കന്‍ വിസയുടെ പുതിയ ഫീസ്. നേരത്തെ ഇത് 80 യൂറോ ആയിരുന്നു. യൂറോപ്യന്‍ കമ്മീഷനാണ് ഫീസ് വര്‍ധവുമായി ബന്ധപ്പെട്ട തീരുമാനമെടുത്തിരിക്കുന്നത്. ജൂണ്‍ 11 മുതലാണ് ഇത് നിലവില്‍ വരികയെന്നാണ് റിപ്പോര്‍ട്ടുകള്‍. 2020 ഫെബ്രുവരിയിലാണ് ഇതിന് മുന്‍പ് ഫീസ് വര്‍ധിപ്പിച്ചത്.
സാധാരണഗതിയില്‍ മൂന്ന് വര്‍ഷം കൂടുമ്പോഴാണ് യൂറോപ്യന്‍ കമ്മീഷന്‍ ഫീസ് വര്‍ധിപ്പിക്കുന്നത്. കഴിഞ്ഞ വര്‍ഷത്തെ ഫീസ് വര്‍ധനവ് കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ നീട്ടിവെക്കുകയായിരുന്നു. അംഗരാജ്യങ്ങളിലെ വിലക്കയറ്റം, ജീവിത ചിലവുകള്‍ എന്നിവ അടിസ്ഥാനമാക്കിയാണ് ഫീസില്‍ മാറ്റം വരുത്താറുള്ളത്.
9,66,687 പേരാണ് കഴിഞ്ഞ വര്‍ഷം ഇന്ത്യയില്‍ നിന്ന് ഷെങ്കന്‍ വിസയ്ക്കായി അപേക്ഷിച്ചത്. 1985ലാണ് യൂറോപ്പില്‍ സ്വതന്ത്രസഞ്ചാരം ലക്ഷ്യമിട്ട് ഏഴുരാജ്യങ്ങള്‍ ഷെങ്കന്‍ ഉടമ്പടിയില്‍ ഒപ്പു വെച്ചത്. പിന്നീട് കൂടുതല്‍ രാജ്യങ്ങള്‍ ഈ ഗ്രൂപ്പില്‍ അംഗമായി. ഈ വര്‍ഷമെത്തിയ ബള്‍ഗേറിയയും റൊമാനിയയും ഉള്‍പ്പടെ 29 അംഗരാജ്യങ്ങളാണ് ഇതിലുള്ളത്. അതിര്‍ത്തികളെന്ന കടമ്പകളില്ലാതെ പാസ്‌പോര്‍ട്ട് രഹിതമായി യൂറോപ്യന്‍ യൂണിയനിലെ അംഗരാജ്യങ്ങളിലൂടെ യാത്രചെയ്യാമെന്നതാണ് ഷെങ്കന്‍ വിസയുടെ പ്രത്യേകത.