KeralaNews

ഏറ്റുമാനൂര്‍ ക്ഷേത്രത്തിലെ മോഷണവിവരം ഉദ്യോഗസ്ഥര്‍ മറച്ചുവെച്ചതായി സൂചന,നടപടിയ്‌ക്കൊരുങ്ങി ദേവസ്വം ബോര്‍ഡ്

കോട്ടയം:ഏറ്റുമാനൂര്‍ മഹാദേവ ക്ഷേത്രത്തിലെ തിരുവാഭരണം നഷ്ടപ്പെട്ട വിവരം മറച്ചുവയ്ക്കാന്‍ ശ്രമം. ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയുണ്ടാകുമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എന്‍.വാസു വ്യക്തമാക്കി. കുറ്റക്കാര്‍ക്കെതിരെ ക്രിമിനല്‍ നടപടി ആവശ്യപ്പെട്ട് ക്ഷേത്ര ഉപദേശക സമിതിയും രംഗത്തെത്തി.

സ്വര്‍ണംകെട്ടിയ 81 രുദ്രാക്ഷമണികള്‍ അടങ്ങിയ മാല നഷ്ടപ്പെട്ടുവെന്നാണ് ദേവസ്വം ബോര്‍ഡിന്റെ കണ്ടെത്തല്‍. മാലയ്ക്ക് നാലു പവനിനടുത്ത് തൂക്കമുണ്ടായിരുന്നു. കഴിഞ്ഞമാസം പുതിയ മേല്‍ശാന്തി ചുമതലയേറ്റപ്പോള്‍ നടത്തിയ പരിശോധനയില്‍ 72 രുദ്രാക്ഷം അടങ്ങിയ മറ്റൊരു മാലയാണ് കണ്ടെത്തിയത്. മാല നഷ്ടപ്പെട്ട വിവരം ഒരു മാസം കഴിഞ്ഞിട്ടും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് ഉള്‍പ്പെടെയുള്ളവര്‍ അറിഞ്ഞിരുന്നില്ല.

ഉദ്യോഗസ്ഥര്‍ക്ക് വീഴ്ച പറ്റിയെന്നാണ് വിലയിരുത്തല്‍. വിവരം നേരത്തേതന്നെ ദേവസ്വം ബോര്‍ഡിനെ അറിയിച്ചിരുന്നു എന്നാണ് ഉപദേശക സമിതിയുടെ വിശദീകരണം. സംഭവത്തില്‍ ദേവസ്വം അധികൃതരുടെ പങ്ക് അന്വേഷിക്കണമെന്ന് ആവശ്യമുയര്‍ന്നു. വിഷയത്തില്‍ ദേവസ്വം ബോര്‍ഡും ഉപദേശക സമിതിയും ഒത്തുകളിക്കുകയാണെന്നും ആരോപണമുണ്ട്. ദേവസ്വം വിജിലന്‍സും തിരുവാഭരണം കമ്മിഷണറും അന്വേഷണം ആരംഭിച്ചു.

കഴിഞ്ഞ മാസമാണ് പുതിയ മേല്‍ശാന്തി ചുമതലയേറ്റത്. പൂജാകാര്യങ്ങളുമായി ബന്ധപ്പെട്ട എല്ലാ സാമഗ്രികളും ദേവസ്വം അധികൃതരുടെ സാന്നിധ്യത്തില്‍ സാക്ഷ്യപ്പെടുത്തി നല്‍കണമെന്നു മേല്‍ശാന്തി ആവശ്യപ്പെട്ടു. ഇതിന്റെ അടിസ്ഥാനത്തില്‍ ദേവസ്വം അസിസ്റ്റന്റ് കമ്മിഷണറുടെയും മറ്റ് ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തില്‍ പരിശോധിച്ചപ്പോഴാണ് മാല നഷ്ടപ്പെട്ട വിവരം അറിഞ്ഞത്. ദേവസ്വം വിജിലന്‍സിനും പരാതി ലഭിച്ചിരുന്നതായി വിജിലന്‍സ് എസ്പി പി.ബിജോയ് പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button