32.8 C
Kottayam
Friday, April 26, 2024

ഓണ്‍ലൈന്‍ പഠനത്തിന് വഴിയില്ലാതെ വീടുവിട്ട പെണ്‍കുട്ടിക്ക് മൊബൈല്‍ ഫോണ്‍ സമ്മാനിച്ച് പൊലീസുകാരന്‍,ഏറ്റുമാനൂര്‍ എസ്.എച്ച്.ഓയെ അഭിനന്ദിച്ച് കോടതിയും

Must read

ഏറ്റുമാനൂര്‍:പഠനത്തിന് മൊബൈല്‍ ഫോണില്ലാത്തതിന്റെ സങ്കടത്തില്‍ വീടു വിട്ടിറങ്ങിയ പെണ്‍കുട്ടിക്ക് ഫോണ്‍ സമ്മാനിച്ച് പൊലീസുകാരന്‍. കഴിഞ്ഞ 23നാണു സംഭവം. 3 കുട്ടികളുള്ള വീട്ടില്‍ ഓണ്‍ലൈന്‍ പഠനത്തിന് ഒരു ഫോണ്‍ മാത്രമാണുള്ളത്. കുട്ടികളുടെ അച്ഛന്‍ മരിച്ചുപോയതാണ്. അമ്മ സ്വകാര്യ സ്‌കൂളില്‍ താല്‍ക്കാലിക ജോലി ചെയ്തു ലഭിക്കുന്നതാണ് ഏക വരുമാനം.

കുട്ടികള്‍ക്ക് ഒരേ സമയത്താണ് ഓണ്‍ലൈന്‍ ക്ലാസുകള്‍. സഹോദരങ്ങള്‍ക്കു പഠിക്കേണ്ടി വന്നതിനാല്‍ കഴിഞ്ഞ ദിവസം നടന്ന പരീക്ഷയുടെ ഉത്തരക്കടലാസുകള്‍ അപ്ലോഡ് ചെയ്യാന്‍ പോലും പെണ്‍കുട്ടിക്കു സാധിച്ചില്ല. മാനസിക വിഷമത്തില്‍ അവള്‍ വീടു വിട്ടിറങ്ങി.

ബന്ധുക്കള്‍ പരാതി നല്‍കിയതോടെ പൊലീസ് അന്വേഷണം ആരംഭിച്ചു. ഇതേസമയം, വീട്ടില്‍ നിന്ന് ഇറങ്ങിയ പെണ്‍കുട്ടി തിരുവനന്തപുരം നെടുമങ്ങാടുള്ള പിതൃസഹോദരന്റെ വീട്ടിലേക്കു പോകാനാണ് ഉദ്ദേശിച്ചത്. എന്നാല്‍ ട്രെയിനില്‍ തിരുവനന്തപുരത്ത് എത്തിയ ശേഷം അവിടെ നിന്ന് ബസില്‍ പേരൂര്‍ക്കടയില്‍ ഇറങ്ങിയപ്പോള്‍ പോകേണ്ട വഴി നിശ്ചയമില്ലാതെ വന്നു. തുടര്‍ന്ന് ബസ് സ്റ്റോപ്പില്‍ കണ്ട സ്ത്രീയുടെ മൊബൈല്‍ ഫോണ്‍ വാങ്ങി വീട്ടിലേക്കു വിളിച്ചു. ഈ സമയം അന്വേഷണത്തിനു വീട്ടിലെത്തിയ വനിതാ പൊലീസ് ഉദ്യോഗസ്ഥര്‍ ആ നമ്പറിലേക്കു തിരിച്ചുവിളിക്കുകയും സ്ഥലം മനസ്സിലാക്കി പേരൂര്‍ക്കട പൊലീസിനെ വിവരം അറിയിക്കുകയും ചെയ്തു. പെണ്‍കുട്ടിയെ പേരൂര്‍ക്കട പൊലീസ് കണ്ടെത്തി. തുടര്‍ന്ന് ഏറ്റുമാനൂരില്‍ നിന്നു ബന്ധുക്കളും പൊലീസുമെത്തി കുട്ടിയെ തിരിച്ചെത്തിച്ചു.

പെണ്‍കുട്ടി വീടുവിട്ടു പോകാനുള്ള കാരണം അറിഞ്ഞ ഏറ്റുമാനൂര്‍ സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍ സി.ആര്‍.രാജേഷ് കുമാര്‍ അപ്പോള്‍ തന്നെ പെണ്‍കുട്ടിക്കു പഠനത്തിനായി മൊബൈല്‍ ഫോണ്‍ വാങ്ങി നല്‍കി. ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതിയില്‍ ഹാജരാക്കിയ ശേഷം പെണ്‍കുട്ടിയെ ബന്ധുക്കള്‍ക്കൊപ്പം വിട്ടു. സ്റ്റേഷന്‍ ഹൗസ് ഓഫിസറുടെ പ്രവൃത്തിയെ കോടതി അഭിനന്ദിക്കുകയും ചെയ്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week