KeralaNews

ഇ.എസ്.ബിജിമോള്‍ കോണ്‍ഗ്രസിലേക്കോ? വിശദീകരണവുമായി മുന്‍ എം.എല്‍.എ

പീരുമേട്: സി.പി.ഐ. വിടുമെന്ന സാമൂഹികമാധ്യമ പ്രചാരണങ്ങളില്‍ വാസ്തവമില്ലെന്ന് പീരുമേട് മുന്‍ എം.എല്‍.എ. ഇ.എസ്. ബിജിമോള്‍. ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയാണ് ബിജിമോളുടെ പ്രതികരണം. ‘രാഷ്ട്രീയ സ്ഥാനമാനങ്ങള്‍ക്കായും അഭിപ്രായ വ്യത്യാസങ്ങളുടെ പേരിലും മറ്റു രാഷ്ട്രീയ പാര്‍ട്ടികളിലേക്ക് ചേക്കേറുന്നവര്‍ ഉണ്ടാകാം. അവരുടെ കൂട്ടത്തില്‍ എന്റെ പേര് ഉള്‍പ്പെടുത്തേണ്ടതില്ല. എന്നും അടിയുറച്ച ഒരു കമ്യൂണിസ്റ്റുകാരിയായിരിക്കും ഞാന്‍. അതിലുപരി രാഷ്ട്രീയപ്രവര്‍ത്തകയായിരിക്കുന്നിടത്തോളം കാലം ഞാന്‍ സി.പി.ഐയുടെ പ്രവര്‍ത്തകയായിരിക്കും’, ബിജിമോള്‍ ഫെയ്‌സ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കുന്നു.

നേരത്തെ സി.പി.ഐ. ഇടുക്കി ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് സംസ്ഥാന നേതൃത്വത്തിന്റെ പിന്തുണയോടെ ബിജിമോള്‍ മത്സരിച്ചിരുന്നെങ്കിലും പരാജയപ്പെട്ടിരുന്നു. അതിന് പിന്നാലെ ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ ശക്തമായ പ്രതികരണം അവര്‍ നടത്തുകയും ചെയ്തിരുന്നു.

ഇത് വിവാദമായതിന് പിന്നാലെ പാര്‍ട്ടി ബിജിമോളോട് വിശദീകരണവും ആരാഞ്ഞിരുന്നു. പിന്നീട് നടന്ന സി.പി.ഐ. സംസ്ഥാന സമ്മേളനത്തില്‍, സംസ്ഥാന കൗണ്‍സിലില്‍നിന്നും പാര്‍ട്ടി കോണ്‍ഗ്രസിലെ പ്രതിനിധി പട്ടികയില്‍നിന്നും ബിജിമോളെ ഒഴിവാക്കിയിരുന്നു. ഇതോടെയാണ് ബിജിമോള്‍ പാര്‍ട്ടി വിടുന്നു എന്ന തരത്തില്‍ സാമൂഹികമാധ്യമങ്ങളില്‍ പ്രചാരണങ്ങള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ഇവയോടാണ് ഇപ്പോള്‍ അവര്‍ പ്രതികരിച്ചിരിക്കുന്നത്.

ഇ.എസ്. ബിജിമോളുടെ ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം

ഇരുപത്തിരണ്ടാം വയസില്‍ സിപിഐ മെമ്പര്‍ഷിപ്പ് എടുത്താണ് സജീവ രാഷ്ട്രീയ പ്രവര്‍ത്തനത്തിലേക്ക് ഞാന്‍ വരുന്നത്. ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയായതോടെയാണ് സാധാരണക്കാരായ സഖാക്കളുടെ അളവറ്റ സ്‌നേഹവും കരുതലും ഞാന്‍ അനുഭവിച്ചറിഞ്ഞത്.

അവര്‍ നല്കിയ ആത്മവിശ്വാസവും പിന്തുണയുമാണ് എനിക്ക് ജനപ്രതിനിധിയെന്ന നിലയില്‍ പ്രവര്‍ത്തിക്കുവാനും ജനകീയ പ്രശ്‌നങ്ങളില്‍ പ്രതികരിക്കാനും കരുത്ത് നല്കിയത്. ഇത്രയും ഇപ്പോള്‍ പറഞ്ഞതിന് കാരണമിതാണ് കഴിഞ്ഞ കുറെ ദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ ഞാന്‍ മറ്റു പാര്‍ട്ടിയിലേക്ക് പോയി എന്ന തരത്തില്‍ വ്യാജ പ്രചരണം ചിലര്‍ നടത്തുന്നതായി സിപിഐയുടെ സഖാക്കള്‍ എന്റെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. ഇത്തരം വ്യാജ പ്രചാരണങ്ങളില്‍ യാതൊരു വിധ വസ്തുതയുമില്ല.

സഖാക്കളെ, രാഷ്ട്രീയ സ്ഥാനമാനങ്ങള്‍ക്കായും അഭിപ്രായ വ്യത്യാസങ്ങളുടെ പേരിലും മറ്റു രാഷ്ട്രിയ പാര്‍ട്ടികളിലേക്ക് ചേക്കേറുന്നവര്‍ ഉണ്ടാകാം. അവരുടെ കൂട്ടത്തില്‍ എന്റെ പേര് ഉള്‍പ്പെടുത്തേണ്ടതില്ല. എന്നും അടിയുറച്ച ഒരു കമ്യുണിസ്റ്റുകാരിയായിരിക്കും ഞാന്‍. അതിലുപരി രാഷ്ട്രീയപ്രവര്‍ത്തകയായിരിക്കുന്നടത്തോളം കാലം ഞാന്‍ സിപിഐയുടെ പ്രവര്‍ത്തകയായിരിക്കും.

അഭിപ്രായങ്ങള്‍ തുറന്ന് പറയണമെന്നും എത് പ്രതിസന്ധിയുണ്ടായാലും നിങ്ങളുടെ നാവാകണമെന്നുമാണ് സഖാക്കളെ നിങ്ങള്‍ എന്നോട് ആവശ്യപ്പെട്ടത്. അതിന് പകരമായി കൂടെ നില്ക്കുമെന്നും കൂടെ കാണുമെന്നും ഉറപ്പു നല്കിയ, ഒന്നും ആഗ്രഹിക്കാത്ത, ഒന്നും പ്രതീക്ഷിക്കാത്ത ഒരായിരം സഖാക്കളുണ്ട്. അവര്‍ നല്കിയ പിന്തുണയാണ് എന്റെ ശക്തി. ശരിയെന്ന് ഉത്തമ ബോധ്യമുള്ളത് ഭയരഹിതമായി പറയുന്നതിനും പറയുന്നത് പ്രവര്‍ത്തിക്കുന്നതിനും എന്നും സിപിഐക്ക് ഒപ്പം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button