കാസര്‍കോട്: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തില്‍ യു.ഡി.എഫിന്റെ ‘ഐശ്വര്യ കേരളയാത്ര’ ആരംഭിക്കാനിരിക്കെ പാര്‍ട്ടി മുഖപത്രമായ വീക്ഷണത്തില്‍ വന്ന പരസ്യത്തിലെ തെറ്റിന് ട്രോള്‍ മഴ. യാത്രയ്ക്ക് അഭിവാദ്യം അര്‍പ്പിച്ചുള്ള മുഴുവന്‍ പേജ് പരസ്യത്തിലാണ് പിഴവ് സംഭവിച്ചത്. ആശംസകളോടെ എന്നതിനു പകരം ‘ആദരാഞ്ജലികളോടെ’ എന്നാണ് അച്ചടിച്ചിരിക്കുന്നത്.
യാത്രയ്ക്ക് ആശംസകള്‍ അര്‍പ്പിച്ച് പത്രത്തിന്റെ അവസാന പേജില്‍ വന്ന പരസ്യത്തിലാണ് അബദ്ധം പറ്റിയത്. ആശംസകളോടെ എന്നതിന് പകരം ആദരാഞ്ജലികളോടെ എന്നാണ് ചേര്‍ത്തിട്ടുള്ളത്. അതിനു താഴെ പരസ്യദാതാക്കളുടെ പേരും വിവരങ്ങളുമുണ്ട്. കാസര്‍ക്കോട് ഡിസിസിയുടേതാണ് പരസ്യം. ഡിസിസി പ്രസിഡന്റ് ഹക്കീം കുന്നിലിന്റെ കുറിപ്പുമുണ്ട്.
സോണിയാ ഗാന്ധി, രാഹുല്‍ ഗാന്ധി, രമേശ് ചെന്നിത്തല, ഉമ്മന്‍ ചാണ്ടി തുടങ്ങിയ യുഡിഎഫ് നേതാക്കളെല്ലാം പരസ്യത്തിന്റെ ആദ്യ പകുതിയിലുണ്ട്. ബാക്കി പകുതിയില്‍ പരസ്യമാണ്. ഇതിനു രണ്ടിനും ഇടയില്‍ യാത്രയ്ക്ക് ആശംസയര്‍പ്പിച്ചുകൊണ്ടുള്ള ഭാഗത്താണ് അബദ്ധം പിണഞ്ഞത്. ഞായറാഴ്ച വൈകിട്ട് മൂന്നു മണിക്ക് കുമ്പളയില്‍ ഐശ്വര്യ കേരളയാത്ര മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയാണ് യാത്ര ഉദ്ഘാടനം ചെയ്യുന്നത്. എന്നാല്‍ യാത്രം തുടങ്ങും മുന്നേയുള്ള ആദരാഞ്ജലി സമൂഹമാധ്യമങ്ങളിലും വ്യാപകമായി പ്രചരിക്കുന്നുണ്ട്.
യാത്രയുടെ ഉദ്ഘാടനച്ചടങ്ങില്‍ കെ.പി.സി.സി. പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ അദ്ധ്യക്ഷത വഹിക്കും. എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി താരീഖ് അന്‍വര്‍ മുഖ്യാതിഥിയാകും. യാത്ര ഫെബ്രുവരി 22 നാണ് തിരുവനന്തപുരത്ത് എത്തിച്ചേരുക. 23 ന് തിരുവനന്തപുരത്ത് നടക്കുന്ന സമാപന റാലി രാഹുല്‍ഗാന്ധി ഉദ്ഘാടനം ചെയ്യും. അതേസമയം, വിവാദപ്രയോഗത്തില്‍ കെ.പി.സി.സി വിശദീകരണം തേടി. ‘വീക്ഷണം’ കാസര്‍കോട് ബ്യൂറോയോടാണ് വിശദീകരണം ആവശ്യപ്പെട്ടത്.