24.9 C
Kottayam
Monday, May 20, 2024

‘പിശക് പറ്റി’; കെഎസ്ഇബിയിലെ ക്രമക്കേടുകൾ വെളിപ്പെടുത്തിയ ഫേസ്ബുക്ക് പോസ്റ്റ്‌ പിൻവലിച്ച് ചെയർമാൻ

Must read

തിരുവനന്തപുരം: കെഎസ്ഇബിയിലെ (KSEB)  ക്രമക്കേടുകൾ വെളിപ്പെടുത്തിയ ഫേസ്ബുക്ക് പോസ്റ്റ്‌ പിൻവലിച്ച് ചെയർമാൻ  ഡോ. ബി അശോക് (B Ashok) ഫെബ്രുവരി 14 ലെ ഫേസ്ബുക്ക് കുറിപ്പാണ് കെഎസ്ഇബി ചെയര്‍മാൻ പിൻവലിച്ചത്.

താൻ ഉന്നയിച്ച കാര്യങ്ങളില്‍ പിശകുണ്ടായെന്ന് കെഎസ്ഇബി ചെയര്‍മാൻ പറയുന്നു. വിഷയങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിച്ചു. തിരക്കില്‍ തയ്യാറാക്കിയ കുറിപ്പില്‍ ചില പിശക് പറ്റിയെന്നും ബി അശോക് കെഎസ്ഇബി ഔദ്യോ​ഗിക ഫേസ്ബുക്ക് കുറിപ്പിൽ വിശദീകരിക്കുന്നു. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് കെസ്ഇബിയുടെ ഭൂമി പാട്ടത്തിന് നല്‍കിയതിലെ ക്രമക്കേടും  ജീവനക്കാരുടെ സംഘടനകള്‍ക്കെതിരായ ആരോപണങ്ങളും  കുറിപ്പില്‍ ഉണ്ടായിരുന്നു. 

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം…

ചെയർമാൻ & മാനേജിംഗ് ഡയറക്ടറുടെ കുറിപ്പ്

ഫെബ്രുവരി 14 ലെ എന്റെ ഫേസ്ബുക്ക് പ്രതികരണം, ഉന്നയിച്ച വിഷയങ്ങൾ ചർച്ചകളിലൂടെ പരിഹരിച്ച സാഹചര്യത്തിലും തിരക്കിൽ തയ്യാർ ചെയ്ത കുറിപ്പിൽ ചില പിശകുകളുള്ളതിനാലും പിൻവലിക്കുന്നു.

ഡോ. ബി.അശോക് ഐ എ എസ്

കെ.എസ്.ഇ.ബി ചെയര്‍മാന്‍ അധികാരദുര്‍വ്വിനിയോഗം നടത്തുന്നുവെന്നാരോപിച്ച് സംഘടനകള്‍ നടത്തിയ സമരം ഒത്തുതീര്‍പ്പായിരുന്നു.കെ.എസ്.ഇ.ബി ഇടത് സംഘടനകളുമായി വൈദ്യുതി മന്ത്രി കെ. കൃഷ്്ണന്‍കുട്ടി നടത്തിയ ചര്‍ച്ചയിലാണ് സമരം ഒത്തുതീര്‍പ്പായത്. കെ.എസ്.ഇ.ബി ആസ്ഥാനത്ത് സുരക്ഷയ്ക്കായി നിയോഗിച്ചിരിക്കുന്ന എസ്.ഐ.എസ്.എഫുകാരെ പിന്‍വലിക്കണമെന്ന സമരക്കാരുടെ ആവശ്യത്തില്‍ ഏകദേശ ധാരണയായിട്ടുണ്ട്. ഇതിന് പുറമേ ഇലക്ട്രിക് കാര്‍ പര്‍ച്ചേസ് ചെയ്യുന്ന കാര്യം, സ്വതന്ത്ര സോഫ്റ്റ്വെയറിനെ ഒഴിവാക്കി പുറത്തുനിന്ന് സോഫ്റ്റ്വെയര്‍ വാങ്ങുന്ന കാര്യം തുടങ്ങിയ വിഷയങ്ങളില്‍ സംഘടനകളുമായി കൂടിയാലോചിച്ച ശേഷമേ അന്തിമ തീരുമാനമെടുക്കൂ എന്ന് മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.

സമരം നടത്തുന്ന സംഘടനകളോട് ചെയര്‍മാനുമായി ചര്‍ച്ച നടത്തണമെന്നും മന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്. പട്ടം വൈദ്യുതി ഭവന് മുന്നില്‍ ദിവസങ്ങളായി തുടര്‍ന്ന് വന്ന സമരമാണ് അവസാനിപ്പിക്കുന്നത്. ഇടതുമുന്നണി രാഷ്ട്രീയ ചര്‍ച്ചയ്ക്ക് ശേഷമാണ് സംഘടനകളുമായി ചര്‍ച്ച നടത്താന്‍ വൈദ്യുതി മന്ത്രിയെ ചുമതലപ്പെടുത്തിയത്.

ഇന്നലെ ഉച്ചയ്ക്ക് 12 മണിക്കാണ് സംഘടനാ നേതാക്കളുമായി വൈദ്യുത മന്ത്രി ചര്‍ച്ച നടത്തിയത്. ജീവനക്കാര്‍ ഉന്നയിച്ച മുഴുവന്‍ പ്രശ്‌നങ്ങളും പരിഗണിക്കുമെന്നും വിശദമായി പരിശോധിച്ച ശേഷം നടപടിയുണ്ടാകുമെന്നുമുള്ള ഉറപ്പാണ് മന്ത്രി സംഘടനകള്‍ക്ക് നല്‍കിയത്.

കെ.എസ്.ഇ.ബി ചെയര്‍മാന്‍ ഡോ ബി അശോക് അധികാര ദുര്‍വിനിയോഗം നടത്തി ബോര്‍ഡിന് സാമ്പത്തിക നഷ്ടമുണ്ടാക്കിയെന്നായിരുന്നു ഇടതുയൂണിയന്റെ പ്രധാന ആരോപണം. എന്നാല്‍ എം എം മണി വൈദ്യുതി മന്ത്രിയായിരുന്ന കാലത്ത് കോടികളുടെ അഴിമതിക്ക് ഇടതു യൂണിയനുകള്‍ കൂട്ടുനിന്നെന്നായിരുന്നു ചെയര്‍മാന്റെ ആരോപണം. ചെയര്‍മാന്റെ ആരോപണങ്ങള്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ ഏറ്റെടുത്തതോടെ രാഷ്ട്രീയ വിവാദം കനക്കുകയായിരുന്നു.

ഇടത് ട്രേഡ് യൂണിയനുകള്‍ നടത്തിയ സമരം നീണ്ടുപോയ പശ്ചാത്തലത്തിലാണ് പ്രശ്‌നപരിഹാരത്തിന് ഇന്നലെ രാഷ്ട്രീയ ചര്‍ച്ച വിളിച്ചുചേര്‍ത്തത്.ഇടതുമുന്നണി കണ്‍വീനര്‍ എ വിജയരാഘവന്‍ വിളിച്ച ചര്‍ച്ചയില്‍ സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍, വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടി, സി.ഐ.ടി.യു നേതാവ് എളമരം കരീം തുടങ്ങിയവര്‍ പങ്കെടുത്തിരുന്നു. കഴിഞ്ഞ ദിവസം കെ.എസ്.ഇ.ബിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ ചെയര്‍മാന്‍ ഉന്നയിച്ച ആരോപണങ്ങള്‍ പ്രതിപക്ഷം ഏറ്റെടുത്ത പശ്ചാത്തലത്തിലാണ് ചര്‍ച്ച നടത്തിയത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week