എറണാകുളം മെഡിക്കല്‍ കോളേജ് വീണ്ടും വിവാദത്തില്‍; മികച്ച ചികിത്സയ്ക്ക് കൈക്കൂലി ചോദിച്ചെന്ന് കൊവിഡ് രോഗി വെളിപ്പെടുത്തുന്ന ശബ്ദ സന്ദേശം പുറത്ത്

കൊച്ചി: കളമശേരി മെഡിക്കല്‍ കോളജ് ആശുപത്രി വീണ്ടും വിവാദത്തില്‍. മികച്ച ചികിത്സ ലഭിക്കാന്‍ കൈക്കൂലി ചോദിച്ചെന്ന് കൊവിഡ് രോഗി വെളിപ്പെടുത്തുന്ന ശബ്ദ സന്ദേശം പുറത്തുവന്നു. കൊവിഡ് ചികിത്സയിലിരിക്കെ മരിച്ച ആലുവ സ്വദേശി ബൈഹക്കി സഹോദരന് അയച്ച ഓഡിയോ സന്ദേശമാണ് വിവാദമായിരിക്കുന്നത്.

മികച്ച ചികിത്സ കിട്ടണമെങ്കില്‍ 40,000 രൂപ കൈക്കൂലി നല്‍കണമെന്നാണ് ബൈഹക്കി ബന്ധുക്കള്‍ക്ക് അയച്ച സന്ദേശം. കൊവിഡ് ബാധിതനായ ബൈഹക്കിയെ വെന്റിലേറ്ററിലേക്ക് മാറ്റിയില്ലെന്നും ബന്ധുക്കള്‍ ആരോപിച്ചു. അതേസമയം, ആരോപണം കളമശേരി മെഡിക്കല്‍ കോളജ് അധികൃതര്‍ നിഷേധിച്ചു.

അതിനിടെ, കളമശേരി മെഡിക്കല്‍ കോളജില്‍ കൊവിഡ് ബാധിതന്‍ മരിച്ച സംഭവത്തില്‍ പോലീസ് അന്വേഷണം തുടങ്ങി. ഹാരിസിന്റെ മരണ സമയത്തെ ആശുപത്രിയിലെ ഡ്യൂട്ടി ഷിഫ്റ്റ് പൊലീസ് ആവശ്യപ്പെട്ടു. ആശുപത്രിയിലെ ഡോക്ടേഴ്സിന്റേയും ഇതര ജീവനക്കാരുടേയും മൊഴിയെടുക്കും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News