ന്യൂഡല്‍ഹി: ഇന്ത്യയില്‍ ആദ്യ കൊവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്തിട്ട് നാളെ ഒരു വര്‍ഷം തികയുകയാണ്. തൃശൂരിലാണ് ആദ്യ കേസ് റിപ്പോര്‍ട്ട് ചെയ്തത്. ഒരു വര്‍ഷം തികയുമ്പോള്‍ കൊവിഡ് കേസുകളുടെ കാര്യത്തില്‍ കേരളത്തിലെ സ്ഥിതി രൂക്ഷമായി തുടരുകയാണ്. രാജ്യത്തെ കൊവിഡ് കേസുകളില്‍ പകുതിയിലേറെയും സംസ്ഥാനത്താണ്.
രാജ്യത്ത് ഏറ്റവും കൂടുതല്‍ പേര്‍ കൊവിഡ് ചികിത്സയിലുള്ള 10 ജില്ലകളില്‍ ഏഴും കേരളത്തിലാണ്. മഹാരാഷ്ട്ര ഉള്‍പ്പെടെ മറ്റു സംസ്ഥാനങ്ങളില്‍ കൊവിഡ് നിയന്ത്രണ വിധേയമാകുമ്പോഴാണ് ഇത്. ഏറ്റവും കൂടുതല്‍ പേര്‍ ചികിത്സയിലുള്ള 5 സംസ്ഥാനങ്ങളില്‍ മറ്റു നാലും കേരളത്തേക്കാള്‍ ഏറെ പിന്നിലുമാണ്. കേരളത്തില്‍ 72,392 പേരാണ് ചികില്‍സയിലുള്ളത്. മറ്റു നാലു സംസ്ഥാനങ്ങളിലും ചേര്‍ന്ന് 61,489 പേരും ചികില്‍സയിലുണ്ട്.
കൂടുതല്‍ കൊവിഡ് രോഗികളുള്ള രാജ്യത്തെ രണ്ടാമത്തെ ജില്ല എറണാകുളമാണ്. തൊട്ടുപിന്നില്‍ കോഴിക്കോടുമുണ്ട്. 10,873 രോഗികളാണ് എറണാകുളത്തുള്ളത്. കോഴിക്കോട് 8002 പേര്‍. 13,014 രോഗികളുള്ള പൂനെയാണ് രാജ്യത്ത് ഒന്നാം സ്ഥാനത്ത്. നാലാമതുള്ള താനെ ജില്ലയില്‍ 7683 പേരും, അഞ്ചാമതുള്ള കോട്ടയത്ത് 6972 രോഗികളുമുണ്ട്.
കൊല്ലം, പത്തനംതിട്ട, മുംബൈ, തൃശൂര്‍, പാലക്കാട് എന്നിങ്ങനെയാണ് രാജ്യത്ത് ഏറ്റവും കൂടുതല്‍ രോഗികളുള്ള പത്തു ജില്ലകള്‍. ചികില്‍സയില്‍ തുടരുന്ന രോഗികള്‍ കൂടുതലുള്ള സംസ്ഥാനങ്ങളില്‍ കേരളം ബഹുദൂരം മുന്നിലാണ്. 72,392 പേര്‍. രണ്ടാം സ്ഥാനത്തുള്ള മഹാരാഷ്ട്രയില്‍ 43,051 പേരും യുപിയില്‍ 6368 പേരുമാണ് ചികില്‍സയിലുള്ളത്. കര്‍ണാടകയില്‍ 6202 പേരും ബംഗാലില്‍ 5868 പേരും ചികില്‍സയിലുണ്ട്.