ആലുവ: എറണാകുളം-ഗുരുവായൂർ പാസഞ്ചർ ട്രെയിൻ രാത്രി ചൊവ്വര സ്റ്റേഷനിൽ നിർത്താതെ പ്ളാറ്റ്‌ഫോമിൽനിന്ന് ഒന്നര കിലോമീറ്ററോളം മാറ്റി നിർത്തിയത് യാത്രക്കാരെ വലച്ചു. 8.15-ന് എത്തിയ ട്രെയിനാണ് സ്റ്റേഷനും എയർപോർട്ടിനും ഇടയിലുള്ള ഭാഗത്ത് നിർത്തിയത്.
ഇരുട്ടും കാടും നിറഞ്ഞ ഇവിടെ ചാടിയിറങ്ങിയ ഏതാനും യാത്രക്കാർക്ക് പരിക്കേറ്റു. പാലത്തിനു മുകളിൽ ബോഗി നിന്നപ്പോൾ യാത്രക്കാർക്ക് ഇറങ്ങാൻ കഴിയാതെയും വന്നു. ഗാർഡിനോട് ട്രെയിൻ പ്ളാറ്റ്‌ഫോമിലേക്ക് കൊണ്ടുപോകാൻ ആവശ്യപ്പെട്ടെങ്കിലും തയ്യാറായില്ല. പ്രതിഷേധം കനത്തപ്പോൾ ഒരു കിലോമീറ്ററോളം തീവണ്ടി പിറകോട്ടെടുത്ത് യാത്രക്കാരെ ഇറക്കി. ഗുരുതര വീഴ്ചയാണ് ലോക്കോ പൈലറ്റിന്റെ ഭാഗത്തു നിന്നുണ്ടായതെന്ന് യാത്രക്കാർ ഉന്നത ഉദ്യോഗസ്ഥരെ അറിയിച്ചു.
സിഗ്നൽ സംവിധാനം ഇല്ലാത്ത ഭാഗത്തു നിന്ന് ട്രെയിൻ പിന്നോട്ടെടുത്തത് അപകടസാധ്യത ഉണ്ടാക്കിയെന്നും യാത്രക്കാർ പറഞ്ഞു. പിന്നോട്ടെടുക്കാൻ സമയം എടുത്തതിനാൽ 20 മിനിറ്റോളം വൈകിയാണ് തീവണ്ടി യാത്ര തുടർന്നത്.