KeralaNews

അവധി പ്രഖ്യാപനം വൈകി; സ്കൂളുകൾ ഭക്ഷണം ഉണ്ടാക്കി, കഴിക്കാൻ കുട്ടികളില്ല, കളക്ടറെന്താ ഉറങ്ങിപ്പോയോന്ന് സമൂഹമാധ്യമങ്ങളിൽ വിമർശനം

കൊച്ചി: എറണാകുളം കലക്ടറുടെ വൈകിയുള്ള അവധി പ്രഖ്യാപനം പല സ്കൂളുകളിലെയും പ്രാതൽ ഭക്ഷണ വിതരണത്തെയും ബാധിച്ചു. അവധി വിവരം അറിയാൻ വൈകിയതോടെ സ്കൂളുകളിൽ ഭക്ഷണമുണ്ടാക്കിയെങ്കിലും കഴിക്കാൻ വിദ്യാർഥികൾ എത്തിയില്ല.

അവധി വിവരം പാതിവഴിയ്ക്ക് അറിഞ്ഞവർ മടങ്ങിയതാണ് വിനയായത്. തൃപ്പൂണിത്തുറയിൽ ആർഎൽവി, ഗവൺമെന്റ് ഗേൾസ് സ്കൂളുകളിൽ 100 മുതൽ 150 വരെ പേർക്കുള്ള പ്രാതൽ ബാക്കിയായി. തുടർന്ന് ഇവ പ്രദേശത്തെ അനാഥാലയങ്ങൾ, വൃദ്ധസദനങ്ങൾ തുടങ്ങിയ സ്ഥലങ്ങളിലേക്കു നൽകി. വടവുകോട് സ്കൂളിൽ 800 കുട്ടികള്‍ക്കുള്ള ഭക്ഷണം തയാറാക്കിയതിന് പിന്നാലെയായിരുന്നു അവധി പ്രഖ്യാപനം. സ്കൂള്‍ വിട്ടതോടെ അധ്യാപകര്‍ പ്രതിസന്ധിയിലായി. അവധി പ്രഖ്യാപിച്ചതോടെ കുട്ടികള്‍ വീട്ടില്‍ പോയി. തയാറാക്കിയ ഭക്ഷണം എന്ത് ചെയ്യണമെന്നറിയാതെ അധ്യാപകരും കുഴങ്ങി.

അവധി പ്രഖ്യാപനം വൈകിയതിൽ വിദ്യാർഥികളുടെ മാതാപിതാക്കളിൽനിന്നു സമൂഹമാധ്യമങ്ങളിൽ വിമർശനം ഉയർന്നതോടെ കലക്ടർ വിശദീകരണവുമായി രംഗത്തെത്തി. ‘രാത്രിയിൽ ആരംഭിച്ച മഴ ഇപ്പോഴും നിലക്കാതെ തുടരുന്നതിനാലും അപകടങ്ങൾ ഒഴിവാക്കുന്നതിനുമാണ് അവധി പ്രഖ്യാപിച്ചത്. ഇതിനകം പ്രവർത്തനം ആരംഭിച്ച സ്കൂളുകൾ അടക്കേണ്ടതില്ല. സ്കൂളുകളിലെത്തിയ വിദ്യാർത്ഥികളെ തിരിച്ചയക്കേണ്ടതില്ലെന്നും അറിയിക്കുന്നു’ എന്നായിരുന്നു കലക്ടറുടെ പുതിയ സമൂഹമാധ്യമ അറിയിപ്പ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button