ന്യൂഡൽഹി∙ ഉയർന്ന ശമ്പളത്തിന് ആനുപാതികമായി പിഎഫ് പെൻഷൻ ലഭിക്കുന്നതിന് ഹയർ ഓപ്ഷൻ നൽകാനുള്ള സമയപരിധി ജൂലൈ 11 വരെ നീട്ടി. നിലവിലെ സമയപരിധി തിങ്കളാഴ്ച (ജൂൺ 26) അവസാനിച്ച സാഹചര്യത്തിലാണു പുതിയ തീരുമാനം.
സുപ്രീം കോടതി വിധി പ്രകാരം ഹയർ ഓപ്ഷൻ നൽകാനുള്ള കാലാവധി മേയ് മൂന്നിന് അവസാനിച്ചിരുന്നു. എന്നാൽ ഹയർ ഓപ്ഷൻ നൽകുന്നതിൽ ചില വ്യക്തത കുറവുകൾ വന്നതിനാൽ ഇതു പിന്നീട് ജൂൺ 26 വരെ നീട്ടുകയായിരുന്നു. എന്നാൽ സാങ്കേതിക പ്രശ്നങ്ങൾ കാരണം നിരവധി പേർക്ക് ഓപ്ഷൻ നൽകാൻ കഴിഞ്ഞിട്ടില്ല.
വർഷങ്ങൾക്കു മുൻപുള്ള രേഖകൾ സമർപ്പിക്കണമെന്ന ആവശ്യം തൊഴിലുടമകൾക്കും പ്രശ്നമായി. നടപടികൾ ലളിതമാക്കി സമയപരിധി നീട്ടണമെന്ന ജീവനക്കാരുടെയും തൊഴിലുടമകളുടെയും ആവശ്യം അംഗീകരിച്ചാണ് നിലവിൽ ഇതു നീട്ടിയതെന്നാണു വിവരം.